Latest News

നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ യുവതി മണിക്കൂറുകള്‍ക്കകം പിടിയില്‍.

കാഞ്ഞിരപ്പള്ളി: സ്വകാര്യ ആശുപത്രിയില്‍നിന്നു നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ യുവതി മണിക്കൂറുകള്‍ക്കകം പിടിയില്‍. കുമളി പാമ്പനാര്‍ സ്വദേശിനി ശിവരഞ്ജിനി (24) യെയാണു നാട്ടുകാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടിയത്. മുണ്ടക്കയത്തു കെഎസ്ആര്‍ടിസി ബസില്‍നിന്നാണു കുഞ്ഞുമായി ശിവരഞ്ജിനി പിടിലായത്. 

കുഞ്ഞിന്റെ മാതാപിതാക്കളുമായി ചങ്ങാത്തമുണ്ടാക്കിയാണു തട്ടിയെടുക്കല്‍ നടത്തിയത്. കൂവപ്പള്ളി വാക്കയില്‍ ഷിബു- റിയ ദമ്പതികളുടെ 13 ദിവസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് ഇവര്‍ കടത്തിക്കൊണ്ടു പോയത്. വ്യാഴാഴ്ച രാവിലെ 11ന് കാഞ്ഞിരപ്പള്ളിക്കു സമീപമുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണു നാടകീയ സംഭവങ്ങളുടെ തുടക്കം.

ബുധനാഴ്ച വൈകുന്നേരത്തോടെയാണു ഗര്‍ഭസംബന്ധമായ ചികിത്സയ്‌ക്കെന്ന പേരില്‍ ശിവരഞ്ജിനി ആശുപത്രിയില്‍ എത്തിയത്. ചീട്ടെടുത്തെങ്കിലും ഡോക്ടറെ കാണാതെ ചുറ്റിക്കറങ്ങുകയായിരുന്നു. കുമളി ഒന്നാം മൈല്‍ സ്വദേശിനിയാണെന്നും ഏഴു മാസം ഗര്‍ഭിണിയാണെന്നും സ്‌കാനിംഗിനു വന്നതാണെന്നുമൊക്കെയാണു മറ്റുള്ളവരോടു പറഞ്ഞത്. സ്‌കാനിംഗ് അടുത്ത ദിവസമേ നടക്കൂയെന്നു പറഞ്ഞ്, റിയയും കുഞ്ഞും കഴിഞ്ഞിരുന്ന മുറിക്കു സമീപത്തെ മുറിയില്‍ രാത്രിയില്‍ തങ്ങി. വ്യാഴാഴ്ച രാവിലെ ഇവരുടെ മുറിയിലെത്തി. പ്രസവശേഷം ആശുപത്രിയില്‍ കഴിയുന്ന റിയ അമ്മയോടൊപ്പം കുളിമുറിയില്‍ പ്രവേശിച്ചപ്പോള്‍ കുഞ്ഞിനരികില്‍ റിയയുടെ സഹോദരന്‍ റോബിനും ശിവരഞ്ജിനിയും മാത്രമാണുണ്ടായിരുന്നത്. 

ഭര്‍ത്താവിനെ കാണുന്നില്ലെന്നും ഫോണ്‍ റീചാര്‍ജ് കൂപ്പണ്‍ വാങ്ങി നല്കാമോയെന്നും ചോദിച്ചു ശിവരഞ്ജിനി റോബിന്റെ കൈയില്‍ 50 രൂപ നല്കി. കുഞ്ഞിനെ താന്‍ നോക്കിക്കൊള്ളാമെന്ന് ഉറപ്പും നല്കി. റോബിന്‍ റീചാര്‍ജ് കൂപ്പണ്‍ വാങ്ങാന്‍ പുറത്തേക്കു പോയ തക്കത്തില്‍ ഇവര്‍ കുഞ്ഞുമായി സ്ഥലം വിടുകയായിരുന്നു. റീചാര്‍ജ് കൂപ്പണുമായി റോബിന്‍ മുറിയില്‍ തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെയും ശിവരഞ്ജിനിയെയും കാണാതെ വന്നതോടെയാണു തെരച്ചില്‍ തുടങ്ങിയത്. ഉടന്‍തന്നെ പോലീസിലും അടുത്ത ഓട്ടോ സ്റ്റാന്‍ഡിലും വിവരം അറിയിച്ചു.

നീല ചുരിദാറിട്ട യുവതി ആശുപത്രിയില്‍നിന്നു ദേശീയപാതയിലൂടെ മുണ്ടക്കയം ഭാഗത്തേക്കു പോവുന്നതു കണ്ടതായി നാട്ടുകാരില്‍നിന്നു വിവരം ലഭിച്ചു. ഇവര്‍ പൂതക്കുഴി വരെ റോഡിലൂടെ നടന്ന ശേഷം ഓട്ടോറിക്ഷയില്‍ കയറി പിന്നീട് 26-ാം മൈലില്‍ ഇറങ്ങി മുണ്ടക്കയം ബസില്‍ കയറി പോയതായും വ്യക്തമായി. ഉടന്‍തന്നെ ഈ വിവരം മുണ്ടക്കയം പോലീസിനു കൈമാറി. ഇതോടെ മുണ്ടക്കയം പോലീസ് തെരച്ചിലിനായി രംഗത്തിറങ്ങി. ബസ് സ്റ്റാന്‍ഡില്‍ നടത്തിയ തെരച്ചിലിനിടയില്‍ നീല ചുരിദാറിട്ട യുവതി കുഞ്ഞുമായി കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ഇരിക്കുന്നതു കണ്ടെത്തി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണു കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നു യുവതി സമ്മതിച്ചത്. 


മുണ്ടക്കയം പോലീസ് കുഞ്ഞിനെയും ശിവരഞ്ജിനിയെയും പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. കുഞ്ഞിനെ തൊട്ടടുത്ത ക്ലിനിക്കില്‍ കൊണ്ടുപോയി പരിശോധന നടത്തി. പിന്നീട് അമ്മയ്ക്കു കൈമാറി. ശിവരഞ്ജിനിയെ ആശുപത്രിയില്‍ കൊണ്ടു വന്നു തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കി ഇവരെ റിമാന്‍ഡ് ചെയ്തു. ഡിവൈഎസ്പി എസ്. സുരേഷ്‌കുമാര്‍, സിഐ കെ.കുഞ്ഞുമോന്‍, എസ്‌ഐ ലിജോ ജേക്കബ്, എന്നിവര്‍ സംഭവ സ്ഥലത്തെത്തിരുന്നു.

ചുരുളഴിഞ്ഞതു സീരിയലിനെ വെല്ലുന്ന കഥ

കാഞ്ഞിരപ്പള്ളി: നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ ശിവരഞ്ജിനിയെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നതു മെഗാസീരിയലുകളെ അനുസ്മരിപ്പിക്കുന്ന കഥകള്‍. വിവാഹിതയായ യുവതിക്കു കുട്ടികളില്ല. ഇതിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുമായിരുന്നെന്നു ശിവരഞ്ജിനി പോലീസിനോടു പറഞ്ഞു. ഇതോടെ ഭര്‍ത്താവിനെയും മറ്റും കബളിപ്പിക്കാനും പീഡനത്തില്‍നിന്നു രക്ഷപ്പെടാനും താന്‍ ഗര്‍ഭിണിയാണെന്നു ഭര്‍ത്താവിനോടും മറ്റുള്ളവരോടും പറഞ്ഞു. എല്ലാവരും ഇതു വിശ്വസിച്ചു. ഏതാനും മാസം കഴിഞ്ഞതോടെ വയറില്‍ തുണിവച്ചുകെട്ടി ഗര്‍ഭിണിയായി അഭിനയിച്ചു.

മറ്റുള്ളവരെ വിശ്വസിപ്പിക്കാനായി ആശുപത്രിയിലേക്കെന്ന പേരില്‍ പലപ്പോഴും പോവുകയും ചെയ്തിരുന്നു. ഇങ്ങനെ സ്‌കാനിംഗിനെന്നു പറഞ്ഞാണു കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ യുവതി എത്തിയത്. ഇനിയും നാടകം ഏറെ മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നു തിരിച്ചറിഞ്ഞ യുവതി കുഞ്ഞിനെ തട്ടിയെടുക്കാന്‍ പദ്ധതിയിടുകയായിരുന്നു. നവജാത ശിശുവിനെയുമായി വീട്ടിലേക്കു തിരിച്ചുചെന്നു താന്‍ പ്രസവിച്ചതാണെന്നു കുടുംബാംഗങ്ങളെ വിശ്വസിപ്പിക്കാനായിരുന്നു ശ്രമം. പോലീസ് പിടിയിലായി സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ വയറില്‍ കെട്ടിവച്ചിരുന്ന തുണി യുവതി അഴിച്ചു മാറ്റി.

ചോദ്യം ചെയ്യലിനിടയില്‍ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനില്‍നിന്ന് ഇറങ്ങിയോടിയ യുവതിയെ പോലീസ് പിന്നാലെയോടി പിടിക്കേണ്ടിയും വന്നു. സ്റ്റേഷനില്‍നിന്നോടിയ യുവതിയെ കാഞ്ഞിരപ്പള്ളി എസ്ബിടിക്കു മുന്നില്‍നിന്നാണു പോലീസ് വീണ്ടും പിടിച്ചത്. കുമളി റോസാപ്പൂക്കണ്ടം സ്വദേശിയാണെന്നാണു പോലീസിനോടു പറഞ്ഞിരുന്നതെങ്കിലും വൈകുന്നേരം യുവതിയുടെ മാതാപിതാക്കള്‍ സ്റ്റേഷനില്‍ എത്തിയതോടെ പാമ്പനാര്‍ സ്വദേശികളാണെന്നു വ്യക്തമായി. ഇതിനിടെ, യുവതിയുടെ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. ഇയാള്‍ കെട്ടിടനിര്‍മാണ തൊഴിലാളിയാണെന്നു പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kanhiraaplli, hospital,Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.