Latest News

ഓണപ്പാട്ടായ മാവേലി നാടുവാണീടും കാലം എന്ന ഗാനവും പുത്തന്‍ ഈണത്തിലും താളത്തിലും

തൃശൂര്‍: പഴയ പാട്ടുകളുടെ റീമിക്‌സുകള്‍ സൂപ്പര്‍ ഹിറ്റായി മാറുന്ന പുതിയ കാലത്തു മലയാളികളുടെ മനസ്സില്‍ പാടിപ്പതിഞ്ഞ ഓണപ്പാട്ടായ മാവേലി നാടുവാണീടും കാലം എന്ന ഗാനവും പുത്തന്‍ ഈണത്തിലും താളത്തിലും യൂ ട്യൂബില്‍ സൂപ്പര്‍ ഹിറ്റ്.

തലമുറ തലമുറകളായി പാടിപ്പതിഞ്ഞ ഈ ഓണപ്പാട്ടിനു നാട്ട രാഗത്തില്‍ ഈണം പകര്‍ന്നു ഭംഗിചോരാതെ അവതരിപ്പിച്ചിരിക്കുകയാണ് തൃശൂരിലെ ഒരു കൂട്ടം സിഎ വിദ്യാര്‍ഥികള്‍. യൂ ട്യൂബില്‍ പോസ്റ്റ് ചെയ്ത ഈ ഗാനം 24 മണിക്കൂറിനുള്ളില്‍ 1500ല്‍പരം പേര്‍ കണ്ട് അഭിനന്ദനം രേഖപ്പടുത്തി.

ക്രിയേറ്റീവ് ആര്‍ട്ടിക്കള്‍സ് ടീമിന്റെ അക്കരപ്പച്ച എന്ന ഹ്രസ്വചിത്രത്തില്‍ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കായി ഉപയോഗിച്ച ഈ റീ കംപോസ്ഡ് വേര്‍ഷന്‍ ഒറ്റയ്ക്കു ചെയ്യാന്‍ ഇവര്‍ പിന്നീടു തീരുമാനിക്കുകയായിരുന്നു. നിഖില്‍ നീലകണ്ഠനാണു മാവേലി നാടുവാണീടും കാലത്തിനു പുതിയ കാലത്തിന്റെ ഈണം പകര്‍ന്നത്. എന്നാല്‍, അതൊരിക്കലും ന്യൂജനറേഷന്റെ അടിപൊളി ഗാനമല്ലെന്നതാണ് ഏറെ ആശ്വസപ്രദമാകുന്നത്.

അര്‍ജുന്‍ വേണുഗോപാലും രമ്യമേനോനുമാണു ഗാനമാലപിച്ചിരിക്കുന്നത്. മിഥുന്‍ മോഹന്‍ദാസ്, സി.എച്ച്.പ്രമോദ് എന്നിവരാണ് ഇത്തരമൊരു പുത്തന്‍ ആശയത്തിനും നിര്‍വഹണത്തിനും പിന്നില്‍. അരുണ്‍ തോമസ് കീബോര്‍ഡും വിജോ ജോബ് ഗിറ്റാറും കൈകാര്യം ചെയ്തു. ഹരി കൃഷ്ണന്‍, ദിനു ബേബി, അരുണ്‍ ആന്റണ്‍ അശോക്, കെ.ആര്‍.ധീരജ്, വിഷ്ണു പി.ബാബു, എന്നിവരും മാവേലി നാടുവാണീടും കാലത്തിനു പുതിയ രൂപം നല്കാന്‍ കൂട്ടത്തിലുണ്ടായിരുന്നു.

ഗുരുവായൂര്‍, ചൊവ്വൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലാണു മാവേലി നാടുവാണീടും കാലം എന്ന മ്യൂസിക് ആല്‍ബം ഷൂട്ട് ചെയ്തത്. ഓണത്തിന്റെ സമ്ൃതികളുണര്‍ത്തുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. ഓണത്തിന്റെ രൂപഭാവങ്ങള്‍ കാലത്തിനൊത്തു മാറിക്കൊണ്ടിരിക്കുമ്പോള്‍ ഓണപ്പാട്ടുകള്‍ക്കും കാലത്തിനൊത്ത മാറ്റം കൈവരികയാണ്.

സോഷ്യല്‍ മീഡിയകളിലൂടെ ഓണപ്പാട്ടുകള്‍ വീണ്ടും സജീവമാകുന്നതും ശുഭസൂചനയാണ്. യൂ ട്യൂബില്‍ മാവേലി നാടു വാണീടും കാലം റീ കംപോസ്ഡ് എന്ന് ടൈപ്പ് ചെയ്താല്‍ ഈ ഗാനം ആസ്വദിക്കാനാകും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thrissur, Onam song, maveli naadu vanidum, Students

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.