Latest News

'ഇത് നമുക്ക് വൻ നഷ്ടമാണ്. അടുത്തിടെയുണ്ടായ ഏറ്റവും വലിയ ദുരന്തം' : ആന്റണി

മുംബയ്: 'ഇത് നമുക്ക് വൻ നഷ്ടമാണ്. അടുത്തിടെയുണ്ടായ ഏറ്റവും വലിയ ദുരന്തം' മുംബെയിൽ നാവികസേനയുടെ ഐ.എൻ.എസ് സിന്ധു രക്ഷക്‌ മുങ്ങിക്കപ്പൽ സ്ഫോടനത്തിലും തീപിടിത്തത്തിലും തകർന്ന് 18 നാവികർ മരണമടഞ്ഞതിനെപ്പറ്റി പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞു.

പ്രതിരോധമന്ത്രി എ.കെ. ആന്റണിയും മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാനും മുംബയ് നേവി ഡോക്യാർഡിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ ജീവൻ നഷ്ടമായ നാവികരുടെ കുടുംബാംഗങ്ങൾക്ക് എല്ലാവിധ ആശ്വാസ സഹായങ്ങളും ലഭ്യമാക്കുമെന്ന് ആന്റണി പ്രസ്താവിച്ചു.

'ക്ളബ്' കപ്പൽവേധ ആയുധങ്ങളും കരയിലെ ലക്ഷ്യസ്ഥാനങ്ങളിൽ പ്രഹരിക്കാനുള്ള മിസൈലുകളും വൻനാശം വിതയ്ക്കാൻ കെല്പുള്ള ടോർപിഡോകളും ഘടിപ്പിച്ച് സുസജ്ജമാക്കി പൂർണ പ്രവർത്തനത്തിനിറങ്ങാൻ ഒരുങ്ങി നിൽക്കുകയായിരുന്നു ഐ.എൻ.എസ് സിന്ധു രക്ഷക് മുങ്ങിക്കപ്പലെന്ന് നാവികസേനാ വൃത്തങ്ങൾ പറഞ്ഞു.

അത്യാധുനിക ഡീസൽ - ഇലക്ട്രിക് മുങ്ങിക്കപ്പലായ സിന്ധു രക്ഷക് ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾ തകർക്കാൻ ആയുധശേഷിയുള്ളതും കപ്പൽവേധ യുദ്ധത്തിനുള്ള സംവിധാനങ്ങൾ ഉള്ളതുമായിരുന്നു. നാവികത്താവളങ്ങളുടെ സുരക്ഷാ കാവലിനും തീരസുരക്ഷയ്ക്കും ഉതകുന്നതും അത്യാധുനിക വാർത്താ വിനിമയ സംവിധാനങ്ങൾ ഉള്ളതും കടൽ പട്രോളിംഗിന് ഉപയുക്തവുമായ ആ മുങ്ങിക്കപ്പൽ തകർന്നത് നാവികസേനയ്ക്ക് ചെറുതല്ലാത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നത്.

ക്ളബ് - എസ് (3 എം 54 ഇ1 കപ്പൽവേധ, 3 എം14 ഇ കരയാക്രമണ) ക്രൂസ് മിസൈലുകളും ഉഷസ് ഹൈഡ്രോ, അകുസ്റ്റിക് (സോനാർ) സിസ്റ്റം 1 സി.എസ്.എസ് -എം.കെ - 2 റേഡിയോ കമ്മ്യൂണിക്കേഷൻ സിസ്റ്റം എന്നിവയും പൊർപൊയ്സ് റേഡിയോ ലൊക്കേറ്ററും അത്യാധുനിക ശിതീകരണ സംവിധാനവുമെല്ലാം ഘടിപ്പിച്ച സിന്ധു രക്ഷക് ശത്രുക്കൾക്ക് പേടിസ്വപ്നമായിരുന്നു.

നാവികസേനയ്ക്ക് 14 മുങ്ങിക്കപ്പലുകൾ മാത്രമാണുള്ളത്. അതിൽ അത്യാധുനിക സംവിധാനങ്ങളുള്ള കപ്പലാണ് ഇന്നലെ സ്ഫോടനത്തിൽ നശിച്ചത്. 30 മുങ്ങിക്കപ്പലുകൾ കൂടി നാവികസേനയ്ക്ക് ആവശ്യമാണെന്ന് നാവികസേനാ അധികാരികൾ പറഞ്ഞിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, A.K.Antony, Ship

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.