Latest News

സലാംഹാജി വധം:പ്രതികള്‍ കീഴടങ്ങിയേക്കും

കാഞ്ഞങ്ങാട്: ഗള്‍ഫ് വ്യാപാര പ്രമുഖന്‍ തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ എ ബി അബ്ദുള്‍ സലാംഹാജി(59)യെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളില്‍ ചിലര്‍ പോലീസിലോ കോടതിയിലോ കീഴടങ്ങിയേക്കുമെന്ന് സൂചന. 

തൃശൂര്‍ കേച്ചേരിയിലെ മുഹമ്മദ് അസ്‌ക്കര്‍, സഹോദരന്‍ ശിഹാബ്, തൃശൂരില്‍ താമസിക്കുന്ന കണ്ണൂര്‍ മേലെ ചൊവ്വയിലെ നമിത്ത്, സജീര്‍, മലപ്പുറം ചെങ്ങരംകുളത്തെ അമീര്‍ എന്നിവരാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുന്നത്. 

ഈ കേസിലെ മുഖ്യ പ്രതികളായ നീലേശ്വരം കോട്ടപ്പുറം ആനച്ചാലിലെ ഇടക്കാവ് നൗഷാദ്, ഇടക്കാവ് റമീസ് എന്നിവര്‍ ഒളിവില്‍ കഴിയുന്നവരെ ഉപയോഗിച്ച് അബ്ദുള്‍ സലാംഹാജിയുടെ വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യയെയും രണ്ട് മക്കളെയും ബന്ദിയാക്കിയ ശേഷം കവര്‍ച്ച നടത്തുകയും 
ഹാജിയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. 

നൗഷാദും റമീസും പോലീസിന്റെ പിടിയിലായതോടെ സംഘത്തില്‍പ്പെട്ട മറ്റ് അഞ്ച് പേരും ഒളിവില്‍ പോകുകയായിരുന്നു. ഇവരില്‍ അസ്‌ക്കറും ശിഹാബും ഗള്‍ഫിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ കാസര്‍കോട് ജില്ലാ പോലീസ് മേധാവ് തോംസണ്‍ജോസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികളാരും രാജ്യം വിട്ടിട്ടില്ലെന്ന് പോലീസ് ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്. 

പ്രതികളുടെ വീടുകളിലും അവരുടെ സുഹൃത്തുക്കളുടെ സ്ഥാപനങ്ങളിലും പ്രതികള്‍ എത്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്ന കേന്ദ്രങ്ങളിലും പോലീസ് നിരന്തരം റെയിഡ് തുടര്‍ന്നുവരികയാണ്. പ്രതികളെ ഇത് വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇവര്‍ കോടതിയിലോ പോലീസ് സ്റ്റേഷനിലോ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ പുറത്തുവന്നത്. പോലീസും ഇത്തരത്തിലുള്ള സമീപനം തന്നെയാണ് പ്രതീക്ഷിക്കുന്നത്. 

അതിനിടെ ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന നൗഷാദിനെയും റമീസിനെയും കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കാന്‍ കാസര്‍കോട് ചീഫ് ജുഡീഷ്യ ല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. കേസ് അന്വേഷിക്കുന്ന നീലേശ്വരം സിഐ ടി എന്‍ സജീവന്റെ അപേക്ഷ പരിഗണിച്ചാണ് ഈ ഉത്തരവ്. 

തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കേടതിയെ സമീപിക്കുന്നുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും അന്വേഷണം നടത്താനും ഇവരെ സംഭവം നടന്ന വെള്ളാപ്പിലെ സലാംഹാജിയുടെ വീട്ടിലേക്കും സിംകാര്‍ഡുകളും ഫോണും വാങ്ങിയ കാഞ്ഞങ്ങാട്ട് സ്ഥാപനങ്ങളിലേക്കും സംഘം താമസിച്ച കാഞ്ഞങ്ങാട്ടെ ലോഡ്ജിലേക്കും മംഗലാപുരത്തേക്കും ഉഡുപ്പിയിലേക്കും കൊണ്ടുപോകേണ്ടതുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.