Latest News

അഫ്‌സലിന് കാരുണ്യത്തിന്റെ കളിവീട് സുരേഷ്‌ഗോപി സമ്മാനിച്ചു


പടന്നക്കാട് : ഉടലിനേക്കാള്‍ വലിയ തലയുമായി പതിനൊന്ന് വര്‍ഷം മുമ്പ് ഭൂമിയിലേക്ക് പിറന്നുവീണ അഫ്‌സലിന് ഒടുവില്‍ കാരുണ്യത്തിന്റെ കളിവീടൊരുങ്ങി. മലയാള സിനിമയുടെ നടനപൗരുഷം സുരേഷ്‌ഗോപി നേരിട്ടെത്തി അഫ്‌സലിന്റെ കവിളില്‍ പൊന്നുമ്മ വെച്ചപ്പോള്‍ കടിഞ്ഞിമൂലയില്‍ തടിച്ചുകൂടിയ ആയിരങ്ങളുടെ കണ്ണുനിറഞ്ഞു. 

എന്‍ഡോസള്‍ഫാന്‍ ദുരിതവുമായി വാടക വീട്ടില്‍ ഉമ്മ മിസ്‌രിയയോടൊപ്പം കഴിയുന്ന അഫ്‌സല്‍ എന്ന കൊച്ചുമിടുക്കന്റെ കഥ സുരേഷ്‌ഗോപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് പടന്നക്കാട് നെഹ്‌റു കോളേജ് സാഹിത്യവേദിയുടെ അമരക്കാരനായ അംബികാസുതന്‍ മാങ്ങാടാണ്. സാഹിത്യവേദിയുടെ ആദ്യ വീടിന്റെ താക്കോല്‍ ദാന ചടങ്ങിനെത്തിയ സുരേഷ്‌ഗോപി, ചലനമറ്റ് കിടക്കുന്ന അഫ്‌സലിന്റെ ദുരിത കഥയറിഞ്ഞ് സഹായ വാഗ്ദാനം പ്രഖ്യാപിക്കുകയായിരുന്നു. 

സുരേഷ്‌ഗോപിയുടെ സഹായത്തോടെ നെഹ്‌റു കോളേജ് സാഹിത്യവേദി നിര്‍മ്മിച്ച മൂന്നാമത്തെ വീടാണ് ഇന്ന് രാവിലെ കടിഞ്ഞിമൂലയിലെത്തി സുരേഷ്‌ഗോപി നേരിട്ടെത്തി കൈമാറിയത്. രാവിലെ സുരേഷ്‌ഗോപിയെ സ്വീകരിക്കാന്‍ കുളിച്ചൊരുങ്ങി സുന്ദരനായി പുതുവസ്ത്രമണിഞ്ഞ് അഫ്‌സല്‍ കാത്തിരുന്നു. ഇഷ്ടനടന്‍ മുമ്പിലെത്തിയപ്പോള്‍ അഫ്‌സലിന്റെ കുഞ്ഞിക്കണ്ണുകള്‍ വല്ലാതെ തിളങ്ങി. പതിനൊന്നുകാരനെ വാരിയെടുത്ത് ഉമ്മ മിസ്‌രിയയോടൊപ്പം വലതുകാല്‍ വെച്ച് സുരേഷ്‌ഗോപി പുതിയ വീട്ടിനകത്ത് കയറി.

 'ഡെല്‍മിയ' എന്ന് പേരിട്ട പുത്തന്‍ വീട്ടില്‍ അഫ്‌സലിന് അപ്പോഴേക്കും കട്ടിലും ബ്ലാങ്കറ്റും റെഡി. കുട്ടിയെ കിടത്തി നടന്‍ കുഞ്ഞിക്കവിളില്‍ അമര്‍ത്തി ചുംബിച്ചു. പിന്നെ സുരേഷ്‌ഗോപിയുടെ വക അഫ്‌സലിനോട് കുസൃതി ചോദ്യങ്ങളുടെ കളിയാട്ടം. പക്ഷെ മറുപടി പറയണമെങ്കില്‍ മൈക്ക് വേണമെന്നായി അഫ്‌സല്‍. ചോദ്യങ്ങള്‍ക്കൊക്കെ കിറുകൃത്യം ഉത്തരം. ഒടുവില്‍ തനിക്ക് വീട് നിര്‍മ്മിച്ചുനല്‍കിയ നടന് തന്റെ വക ഒരു വാച്ച് സമ്മാനമുണ്ടെന്ന് അഫ്‌സല്‍ അറിയിച്ചപ്പോള്‍ സുരേഷ്‌ഗോപിയുടെയും കണ്ണുനിറഞ്ഞു. 

അഫ്‌സലിന്റെ കുഞ്ഞിക്കയ്യില്‍ കരുതിയ വാച്ച് സ്‌നേഹപൂര്‍വ്വം നിരസിച്ച നടന്‍ തന്റെ വക മറ്റൊരു സമ്മാനമുണ്ടെന്നും അത് തല്‍ക്കാലം സസ്‌പെന്‍സാണെന്നും അഫ്‌സലിന്റെ കാതില്‍ പറഞ്ഞു. കടിഞ്ഞിമൂലയില്‍ രൂപീകരിച്ച ഭവന നിര്‍മ്മാണ കമ്മറ്റിയാണ് വീട് നിര്‍മ്മാണത്തിന്റെയും ഇന്നത്തെ ഉദ്ഘാടന ചടങ്ങിന്റെയും കാര്‍മ്മികരായത്. 

ചെറുവത്തൂര്‍ മയ്യിച്ചയിലെ അംഗിതക്കും സുരേഷ്‌ഗോപിയുടെ വീട് ബുധനാഴ്ച രാവിലെ കൈമാറി.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.