Latest News

അഞ്ജു ട്രാക്ക് വിടുന്നു

കോഴിക്കോട്: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായിക താരങ്ങളില്‍ ഒരാളായ അഞ്ജു ബി. ജോര്‍ജ് ട്രാക്കിനോട് വിടപറയുന്നു. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഒരേയൊരു ഇന്ത്യന്‍ അത്‌ലറ്റായ അഞ്ജു ഔപചാരികമായ പ്രഖ്യാപനമോ ആഘോഷങ്ങളോ ഇല്ലാതെയാണ് കായിക രംഗത്തുനിന്ന് വിടവാങ്ങുന്നത്.

 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഇന്ത്യന്‍ മെഡലിന് പത്തു വയസ്സ് തികയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ്‌ ഇനി ട്രാക്കിലേക്കില്ലെന്ന് അഞ്ജു വ്യക്തമാക്കിയത്. 2003 ആഗസ്ത് മുപ്പതിനാണ് പാരീസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ജു ലോങ്ജംപില്‍ വെങ്കലമെഡല്‍ നേടിയത്.

''കഴിഞ്ഞ വര്‍ഷത്തെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ മികച്ചൊരു പ്രകടനം കാഴ്ചവെച്ചശേഷം വിരമിക്കല്‍ പ്രഖ്യാപിക്കാനായിരുന്നു പദ്ധതി. ഒളിമ്പിക്‌സിന് മാസങ്ങള്‍ക്ക് മുമ്പ് പരിശീലനവും പുനരാരംഭിച്ചിരുന്നു. എന്നാല്‍, അതിനിടയ്ക്ക് ജംപിങ് പിറ്റില്‍ വീണ് അഞ്ജുവിന് പരിക്കേറ്റു. അങ്ങനെ ലണ്ടന്‍ ഒളിമ്പിക്‌സ് എന്ന സ്വപ്നം പൊലിഞ്ഞു. അതോടെ പ്രഖ്യാപനമോ പ്രത്യേക ചടങ്ങോ ഇല്ലാതെ കരിയര്‍ സ്വാഭാവികമായി അവസാനിക്കട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു''- അഞ്ജുവിന്റെ പരിശീലകനും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ ഭര്‍ത്താവ് റോബര്‍ട്ട് ബോബി ജോര്‍ജ് പറഞ്ഞു.

''ഒരു ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ട്. പക്ഷേ, നിരാശയോടെയല്ല കരിയര്‍ അവസാനിപ്പിക്കുന്നത്. തിരിഞ്ഞുനോക്കുമ്പോള്‍ സംതൃപ്തിയുണ്ട്.'' - അഞ്ജു പറഞ്ഞു. 2004-ല്‍ ആതന്‍സില്‍ നടന്ന ഒളിമ്പിക്‌സില്‍ ലോങ്ജംപില്‍ അഞ്ജു ആറാം സ്ഥാനമാണ് നേടിയത്. എന്നാല്‍, അന്ന് അഞ്ചാം സ്ഥാനത്തെത്തിയ മരിയന്‍ ജോണ്‍സ് ഉത്തേജക മരുന്നടിച്ചിരുന്നെന്ന് തെളിഞ്ഞതുകൊണ്ട് അവരെ അയോഗ്യയാക്കി. അഞ്ജുവിന് അഞ്ചാംസ്ഥാനം ലഭിച്ചു. 

അഞ്ജുവിനേക്കാള്‍ കൂടുതല്‍ ദൂരം ചാടിയ മറ്റ് നാല് അത്‌ലറ്റുകളും പിന്നീട് പലപ്പോഴായി ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. അതേസമയം,ആഗോള ഉത്തേജകമരുന്ന് വിരുദ്ധ അതോറിറ്റിയുടെ (വാഡ) ഔദ്യോഗിക അംബാസഡറായിരുന്ന അഞ്ജു കരിയറില്‍ ഉടനീളം ക്ലീന്‍ അത്‌ലറ്റ് എന്ന ഖ്യാതി നിലനിര്‍ത്തി. അഞ്ജുവിന് ആതന്‍സില്‍ നഷ്ടമായത് അര്‍ഹിച്ചിരുന്ന ഒളിമ്പിക്‌സ് മെഡലാണെന്ന് ഇത് വ്യക്തമാക്കുന്നു.

തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കാനുള്ള ഒരുക്കത്തിലാണ് മുപ്പതുകാരിയായ അഞ്ജു. മകന്‍ ആരോണിന് മൂന്ന് വയസ്സുണ്ട്. ഇനിയൊരിക്കല്‍ കൂടി ഇന്ത്യയ്ക്കുവേണ്ടി മത്സരിക്കാന്‍ ട്രാക്കിലേക്കില്ലെന്ന യാഥാര്‍ഥ്യം അംഗീകരിക്കുമ്പോഴും ഒളിമ്പിക്‌സില്‍ ഒരു ഇന്ത്യന്‍ അത്‌ലറ്റ് മെഡല്‍ നേടുന്ന കാലം വിദൂരമല്ലെന്നും അങ്ങനെയൊരു അത്‌ലറ്റിനെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമത്തില്‍ പങ്കാളിയാവുമെന്നും അഞ്ജു ഉറപ്പു നല്‍കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kozhikode, Sports, Anju Bobby George, Track

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.