Latest News

മുഹമ്മദ് കുഞ്ഞിയെ മറക്കാന്‍ പററുമോ...സൂപ്പര്‍ സ്റ്റാറിന്‌


നീലേശ്വരം: കഴിഞ്ഞ തവണ ജില്ലയിലെത്തിയപ്പോള്‍ റയില്‍വേ സ്റ്റേഷന്‍ മാറി തീവണ്ടിയിറങ്ങിയ പുകിലില്‍ നിന്നു തന്നെ രക്ഷിച്ചു പോലീസ് സംരക്ഷണത്തില്‍ ഏല്‍പ്പിച്ച ഓട്ടോ ഡ്രൈവറെ നടന്‍ സുരേഷ് ഗോപി മറന്നില്ല. നീലേശ്വരം വി എസ് ഓട്ടോസ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ ചിറപ്പുറം സ്വദേശി കടിഞ്ഞിമൂല ജിഡബ്ല്യുഎല്‍പി സ്കൂളിനു സമീപം ജെഎസ്എം ക്വാര്‍ട്ടേഴ്സിലെ പി.വി. മുഹമ്മദ് കുഞ്ഞിയുമായാണ് സുരേഷ് ഗോപി സൌഹൃദം പുതുക്കിയത്.

കാഞ്ഞങ്ങാട്ട് സ്റ്റുഡന്റ് പൊലീസ് കെഡറ്റിന്റെ മുഖാമുഖത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ഒക്ടോബര്‍ 28നു വൈകിട്ടാണ് നടന്‍ സുരേഷ് ഗോപി മംഗള എക്സ്പ്രസില്‍ നീലേശ്വരത്തിറങ്ങിയത്. സംഘാടകരും പൊലീസ് സംഘവും സര്‍വ സന്നാഹങ്ങളുമായി കാഞ്ഞങ്ങാട് റയില്‍വേ സ്റ്റേഷനില്‍ കാത്തു നിന്നു. ഉത്തരേന്ത്യക്കാരനായ ടിക്കറ്റ് എക്സാമിനര്‍ നല്‍കിയ തെറ്റായ വിവരം വിശ്വസിച്ച് സുരേഷ് ഗോപി നീലേശ്വരത്തിറങ്ങുകയായിരുന്നു. പ്ലാറ്റ്ഫോമിലെ ആള്‍ത്തിരക്കില്‍ തോള്‍ ബാഗും ട്രോളി ബാഗുമായി ഒറ്റയ്ക്കിറങ്ങിയ സൂപ്പര്‍ സ്റ്റാറിനെ നിമിഷങ്ങള്‍ക്കകം ആരാധകര്‍ പൊതിഞ്ഞു.

ഇതോടെ ആകെ വലഞ്ഞ നടന്‍ ചാടിയിറങ്ങി പുറത്ത് ആളുകളെ ഇറക്കുകയായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ ഓട്ടോയിലേക്ക് ഓടിക്കയറി. തിടുക്കത്തില്‍ ബേക്കലിലെ റിസോര്‍ട്ടിലേക്കു വണ്ടി വിടാന്‍ ആവശ്യപ്പെട്ടു. വണ്ടി കാഞ്ഞങ്ങാട് സ്റ്റേഷന്‍ വിട്ടതോടെ ഹൊസ്ദുര്‍ഗ് സി ഐ ആയിരുന്ന കെ.വി. വേണുഗോപാല്‍

സുരേഷ് ഗോപിയെ ഫോണില്‍ ബന്ധപ്പെട്ടു. കാര്യങ്ങള്‍ മനസ്സിലായതോടെ കാഞ്ഞങ്ങാട് റയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിര്‍ത്തിയിട്ട കറുത്ത ഇന്നോവ കാറിനു സമീപം നടനെ എത്തിക്കാന്‍ മുഹമ്മദ് കുഞ്ഞിയോടാവശ്യപ്പെടുകയും ചെയ്തു.

കാഞ്ഞങ്ങാട്ടെത്തി വാടക നല്‍കിയ നടനോട് ഫോണ്‍ നമ്പര്‍ മാത്രം മതിയെന്നായിരുന്നു മുഹമ്മദ് കുഞ്ഞിയുടെ ആവശ്യം. നമ്പര്‍ നല്‍കിയെങ്കിലും വാടക വാങ്ങിയില്ല.രാത്രി മൊബൈല്‍ഫോണില്‍ വിളിച്ചു പിറ്റേദിവസം മുഖാമുഖം നടക്കുന്ന ഐങ്ങോത്ത് നക്ഷത്ര ഓഡിറ്റോറിയത്തില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അന്നു രണ്ടായിരം രൂപ നല്‍കി പിരിഞ്ഞ നടനെ കാണാനാണ്  ബുധനാഴ്ച മുഹമ്മദ് കുഞ്ഞി എത്തിയത്. ഇദ്ദേഹത്തെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ആള്‍ക്കൂട്ടത്തില്‍ നിന്നു തിരിച്ചറിഞ്ഞ സുരേഷ് ഗോപി അടുത്തു വിളിച്ചു സൌഹൃദം പുതുക്കുകയും ചെയ്തു.


Manoramaonline
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.