Latest News

തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി; ബിഹാറില്‍ 37 മരണം


പട്‌ന: ബിഹാറിലെ ഖഗാരിയ ജില്ലയില്‍ പാളം മുറിച്ചുകടക്കുകയായിരുന്ന തീര്‍ഥാടകര്‍ക്കുമേല്‍ തീവണ്ടി പാഞ്ഞുകയറി 37 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. മരിച്ചവരില്‍ 13 സ്ത്രീകളും നാല് കുട്ടികളുമുള്‍പ്പെടുന്നു.

ധമാരഘാട്ട് സ്റ്റേഷനില്‍ തിങ്കളാഴ്ച രാവിലെ 8.45-ഓടെയാണ് സംഭവം. സഹര്‍സയില്‍നിന്ന് പട്‌നയിലേക്ക് പോവുകയായിരുന്ന രാജ്യറാണി എക്‌സ്പ്രസ്സാണ് തീര്‍ഥാടകര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. രോഷാകുലരായ നാട്ടുകാര്‍ ലോക്കോപൈലറ്റിനെ ആക്രമിക്കുകയും തീവണ്ടിക്ക് തീവെക്കുകയും ചെയ്തു. ധമാരഘാട്ട് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട പാസഞ്ചര്‍വണ്ടിയുടെ എന്‍ജിനും ഇവര്‍ കത്തിച്ചു. റെയില്‍വേസ്റ്റേഷനും ആക്രമണത്തിനിരയായി.

പട്‌നയില്‍നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ ധമാരഘാട്ട്. റെയില്‍വേസ്റ്റേഷനടുത്ത കത്യായനിസ്ഥാന്‍ ശിവക്ഷേത്രത്തില്‍ പോകാന്‍ സമസ്തിപുര്‍-സഹര്‍സ പാസഞ്ചര്‍ തീവണ്ടിയിലെത്തിയവരാണ് അപകടത്തിനിരയായത്. വണ്ടിയില്‍നിന്നിറങ്ങി തൊട്ടടുത്ത പാളം മുറിച്ചുകടന്ന് മറുവശത്തേക്ക് പോവുകയായിരുന്നു ഇവര്‍. ഈ പാളത്തിലൂടെ 80 കി.മീ.
വേഗത്തില്‍ കുതിച്ചെത്തിയ രാജ്യറാണി എക്‌സ്പ്രസ് തീര്‍ഥാടകരെ ഇടിച്ചുതെറിപ്പിച്ചു.

ലോക്കോപൈലറ്റുമാരായ രാജാറാം പസ്വാന്‍, സുശീല്‍ കുമാര്‍സുമന്‍ എന്നിവര്‍ ഒളിവിലാണ്. ഇവരുടെ മൊബൈല്‍ഫോണുകളും ഓഫ് ചെയ്തിരിക്കുകയാണെന്ന് കിഴക്കന്‍ മധ്യറെയില്‍വേ സി.പി.ആര്‍.ഒ. അമിതാഭ് പ്രഭാകര്‍ പറഞ്ഞു.

നിയമവിരുദ്ധമായി റെയില്‍പ്പാളം കടക്കാന്‍ ശ്രമിച്ച തീര്‍ഥാടകരുടെ ഭാഗത്താണ് തെറ്റെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്രകുമാര്‍ പറഞ്ഞു. രാജ്യറാണി എക്‌സ്പ്രസ്സിന് ധമാരഘാട്ടില്‍ സ്റ്റോപ്പില്ല. വണ്ടി നിര്‍ത്തുമെന്ന പ്രതീക്ഷയിലാകണം തീര്‍ഥാടകര്‍ പാളത്തില്‍ നിന്നത്. ആളുകളെക്കണ്ട് ലോക്കോപൈലറ്റ് ഉടന്‍ ബ്രേക്കിട്ടെങ്കിലും വണ്ടി നിര്‍ത്താന്‍ കഴിഞ്ഞില്ല. സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രാവണമാസത്തിന്റെ അവസാന തിങ്കളാഴ്ചയായതിനാല്‍ കത്യായനിസ്ഥാന്‍ ക്ഷേത്രത്തില്‍ ശിവഭഗവാന് ജലാഭിഷേകം നടത്താനെത്തിയതായിരുന്നു തീര്‍ഥാടകര്‍. അപകടം നടന്നയുടനെ നാട്ടുകാര്‍ ലോക്കോപൈലറ്റിനെ ആക്രമിച്ചു. സമസ്തിപുര്‍-സഹര്‍സ പാസഞ്ചറിന്റെ എന്‍ജിനും രാജ്യറാണി എക്‌സ്പ്രസ്സിന്റെ എ.സി. കോച്ചുമാണ് കത്തിച്ചത്.

രക്ഷാപ്രവര്‍ത്തനത്തിനായി ഡോക്ടര്‍മാരും നഴ്‌സുമാരുമായി സഹര്‍സയില്‍നിന്നും ബറൗണിയില്‍നിന്നും തീവണ്ടികള്‍ ധമാരഘാട്ടിലേക്ക് പുറപ്പെട്ടു. എന്നാല്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ അവിടേക്കെത്താന്‍ കഴിഞ്ഞില്ലെന്ന് റെയില്‍വേ സഹമന്ത്രി ആധിര്‍ രഞ്ജന്‍ചൗധരി പറഞ്ഞു. സ്ഥിതി നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ അടുത്ത ജില്ലകളില്‍നിന്ന് ധമാരഘാട്ടിലെത്തിച്ചു.

അപകടത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, നിയമവിരുദ്ധ പ്രവൃത്തി ചെയ്തവരാണ് അപകടത്തില്‍പ്പെട്ടതെന്നതിനാല്‍ നഷ്ടപരിഹാരം നല്‍കില്ലെന്നാണ് റെയില്‍വേയുടെ നിലപാട്.


UPDATE
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bihar, Patna, Train accident


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.