ആക്രമികളുടെ വെടിയേറ്റ് മരിച്ച അമേരിക്കന്‍ പൗരന്മാരോടുള്ള ആദരസൂചകമായി വൈറ്റ് ഹൗസിലെ പതാക പകുതി താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്‍റ് ബാരക് ഒബാമ നിര്‍ദ്ദേശം നല്‍കി.
വെടിവെയ്പ് നടത്തിയത് മൂന്ന് ആക്രമികള്‍ ചേര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് പോലീസ് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിലൊരാള്‍ വെടിയേറ്റ് മരിച്ചു. ആരോണ്‍ അലക്‌സിസ് എന്ന മുന്‍ നാവിക ഉദ്യോഗസ്ഥനാണെന്ന് വെടിയേറ്റ് മരിച്ചത്. 2007 – 2011 കാലഘട്ടത്തില്‍ തേര്‍ഡ് ക്ലാസ് പെറ്റി ഓഫീസറായി ജോലി ചെയ്തിരുന്ന ആളാണ് അലക്‌സിസ് എന്ന് നാവിക സേന അറിയിച്ചു. ആക്രമണത്തില്‍ പങ്കാളിയായി എന്ന് പോലീസ് കരുതുന്ന 40 മുതല്‍ 45 വയസ് വരെ തോന്നിക്കുന്ന ഒരാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. സംഭവസ്ഥലത്തുള്ളവരോടെല്ലാം മറ്റേതെങ്കിലും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നാവികസേന അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യുഎസിലെ ഏറ്റവും പഴക്കമുള്ള നാവിക ആസ്ഥാനങ്ങളില്‍ ഒന്നാണ് വാഷിംഗ്ടണിലേത്. 3000 ത്തിലധികം ആളുകളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. തിങ്കളാഴ്ച്ച രാവിലെ പ്രാദേശിക സമയം 8.20 നായിരുന്നു ആക്രമണം നടന്നത്. ആയുധങ്ങളുമായി നാവിക സേന ആസ്ഥാനത്ത് അതിക്രമിച്ചു കടന്ന ആക്രമികള്‍ മൂന്നു തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം അലക്‌സീസും സംഘവും ചേര്‍ന്ന് നടത്തിയ ആക്രമണത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന കാര്യം വ്യക്തമല്ല. ആരോണ്‍ അലക്‌സീസിനെ പെരുമാറ്റ ദൂഷ്യത്തെ തുടര്‍ന്ന് സേനയില്‍ നിന്ന് പുറത്താക്കിയിരുന്നതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നാവിക സേന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. നാവിക ആസ്ഥാനത്തെ ഐടി മേഖലയില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന ആളാണെന്നാണ് നേവിയുടെ ചുമതലയുള്ള യുഎസ് സെക്രട്ടറി റേ മാബൂസ് പറഞ്ഞത്. സിഎന്‍എന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്.
നാവിക ആസ്ഥാനത്തെ കഫറ്റേറിയയിലും അതിനോട് ചേര്‍ന്നുള്ള ഹാളിലും ഉണ്ടായിരുന്ന ജീവനക്കാരുടെ നേര്‍ക്കാണ് അലക്‌സീസ് ഉള്‍പ്പെട്ട ആക്രമി സംഘം വെടി വെച്ചതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment