Latest News

വൈദ്യുതി ബില്ലില്‍ ഇനി ദൈനംദിന ഉപയോഗവും യൂണിറ്റ്‌ തുകയുമറിയാം

തിരുവനന്തപുരം: കണ്ടു പഴകിയ കറന്റ്‌ ബില്ലുകള്‍ക്കു വിട! നവംബര്‍ മുതല്‍ പുതുരൂപത്തിലുള്ള ബില്ലുകള്‍ ഉപയോക്‌താക്കളിലെത്തും. കമ്പ്യൂട്ടര്‍ ബില്ലില്‍ ഉപയോക്‌താവില്‍നിന്ന്‌ ഈടാക്കുന്ന തുകയുടെ വിശദവിവരങ്ങളുണ്ടാകും. ഓരോ ദിവസത്തെയും ഉപയോഗവും അതനുസരിച്ച്‌ യൂണിറ്റിന്‌ ചെലവായ തുകയും രേഖപ്പെടുത്തും. 

നിലവില്‍ ആകെ ഉപയോഗിച്ച യൂണിറ്റും അതിനു ചെലവായ തുകയും മാത്രമാണ്‌ ബില്ലിലുള്ളത്‌. ഉപയോക്‌താവിന്റെ സബ്‌സിഡി, കാഷ്‌ ഡിപ്പോസിറ്റ്‌ സംബന്ധിച്ച വിശദവിവരങ്ങളുമുണ്ടാകും. ഉപയോക്‌താവിന്‌ മനസിലാകുന്ന ലളിതമായ രീതിയിലാകും ബില്‍.

ആദ്യം വന്‍കിട ഉപയോക്‌താക്കളും പിന്നീട്‌ ഗാര്‍ഹിക ഉപയോക്‌താക്കളും പദ്ധതിക്കു കീഴില്‍ വരും. ഗുരുവായൂരിലെ നാലു സെക്‌ഷനുകളില്‍ പരീക്ഷണാടിസ്‌ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി പിന്നീട്‌ കോട്ടയം ജില്ലയിലേക്കു വ്യാപിപ്പിക്കും. നിലവിലെ ബില്ലിംഗ്‌ ഘടനയെക്കുറിച്ചു വ്യാപകപരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്‌ ആര്‍.എ.പി.ഡി.ആര്‍.പി. പദ്ധതിപ്രകാരം ബോര്‍ഡ്‌ പുതിയ ബില്‍ പുറത്തിറക്കുന്നത്‌.

കെ.എസ്‌.ഇ.ബിയിലെ മീറ്റര്‍ റീഡര്‍മാര്‍ വീടുകളില്‍ചെന്നാണ്‌ ഇപ്പോള്‍ ബില്ലുകള്‍ എഴുതിനല്‍കുന്നത്‌. ഇപ്രകാരം ചെയ്യുമ്പോള്‍ കണക്കുകൂട്ടലുകളില്‍ ഏറെ പിഴവുണ്ടാകുന്നത്‌ ഒഴിവാക്കാനാണ്‌ കമ്പ്യൂട്ടര്‍ ബില്ലിംഗ്‌ നടപ്പാക്കുന്നത്‌. റഗുലേറ്ററി കമ്മിഷന്റെ നിര്‍ദേശപ്രകാരം വന്‍കിട ഉപയോക്‌താക്കള്‍ക്ക്‌ ടി.ഒ.ഡി (ടൈം ഓഫ്‌ ഡേ) മീറ്ററുകള്‍ സ്‌ഥാപിച്ചതും പുതിയ ബില്‍ സംവിധാനത്തിനു ബോര്‍ഡിനെ പ്രേരിപ്പിച്ചു. 

ടി.ഒ.ഡി. മീറ്ററുകള്‍ സ്‌ഥാപിച്ചതോടെ മൂന്നു വ്യത്യസ്‌ത സമയത്തുള്ള വൈദ്യുതി ഉപയോഗത്തിന്റെ കണക്കുകള്‍ റീഡര്‍മാര്‍ക്കു ശേഖരിക്കേണ്ടിവരുന്നു. പുതിയ മീറ്ററുകള്‍ വരുന്നതോടെ ഈ ബുദ്ധിമുട്ട്‌ ഒഴിവാകും. ദൈനദിന ഉപയോഗത്തിന്റെ കണക്കുകള്‍ ബോര്‍ഡിന്റെ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ ഉടന്‍ ലഭ്യമാകും. ഉപയോക്‌താവിന്റെ സബ്‌സിഡിയും ഡെപ്പോസിറ്റും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃത്യത വരുത്താനും സാധിക്കും.

വീടുകളിലെയും സ്‌ഥാപനങ്ങളിലെയും മീറ്ററുകളില്‍ സ്‌ഥാപിക്കുന്ന, സിം മാതൃകയിലുള്ള ഇലക്‌ട്രോണിക്‌ സംവിധാനം ബോര്‍ഡിന്റെ കമ്പ്യൂട്ടര്‍ സംവിധാനവുമായി ബന്ധപ്പെടുത്തിയാണ്‌ ബില്‍ തയാറാക്കുന്നത്‌. ഗ്രാമപ്രദേശങ്ങളില്‍ സിഗ്നല്‍ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ആദ്യം നഗരപ്രദേശങ്ങളിലാകും പദ്ധതി നടപ്പിലാക്കുക. പഴയ മീറ്ററുകള്‍ മാറ്റേണ്ടതുമുണ്ട്‌. 

ഇപ്പോഴത്തെ ബില്ലില്‍ കാഷ്‌ ഡെപ്പോസിറ്റ്‌ സംബന്ധിച്ച്‌ അവ്യക്‌തതകളുണ്ട്‌. പുതിയ ബില്ലിംഗിന്റെ ഭാഗമായി ബോര്‍ഡിലെ കമ്പ്യൂട്ടര്‍ സംവിധാനങ്ങളും കേന്ദ്ര സെര്‍വറും വിപുലീകരിക്കുന്ന പ്രവര്‍ത്തനമാരംഭിച്ചു. അടുത്തമാസത്തോടെ പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷ.

Mangalam
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.