Latest News

സുന്ദരിവധം: കൊലയാളി പതിമൂന്നര മാസങ്ങള്‍ക്കുശേഷം പിടിയില്‍

കോഴിക്കോട്: നഗരത്തിലെ ഇഡ്ഡലി വില്‍പനക്കാരി വട്ടക്കിണര്‍ ചിറക്കല്‍ ഹൗസ് ലെയ്‌നിലെ സുന്ദരിയമ്മയെ (65) വെട്ടിക്കൊന്ന കേസില്‍ ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 

അനാഥനും ചെറുവണ്ണൂരിനടുത്ത് കുണ്ടായിത്തോട് സ്വദേശിയുമായ ജയേഷ് എന്ന ജബ്ബാര്‍ എന്ന ബാബുവാണ് (28) പിടിയിലായത്.
മീഞ്ചന്തയിലെ സിറ്റി ഹോട്ടല്‍, സഹോദര സ്ഥാപനമായ ഹോട്ടല്‍ സിറ്റിലൈറ്റ് എന്നിവിടങ്ങളിലെ ജീവനക്കാരനായിരുന്ന ജബ്ബാര്‍ കൊലനടന്ന് പതിമൂന്നര മാസങ്ങള്‍ക്കുശേഷമാണ് പിടിയിലാകുന്നത്.
2012 ജൂലൈ 21ന് രാത്രി 1.30 നായിരുന്നു സംഭവം. ഇഡ്ഡലി വിറ്റ പണവും നോമ്പുകാലത്തെ സകാത് തുകയും സുന്ദരിയമ്മയുടെ കൈയിലുണ്ടെന്ന് മനസ്സിലാക്കിയായിരുന്നു കൊലപാതകം. കൂട്ടുകാരുമൊത്ത് ഗോവയിലേക്ക് വിനോദയാത്ര നടത്താനാണ് കൊല നടത്തിയതെന്ന് പ്രതി മൊഴി നല്‍കി. തലയിണയുടെ അടിയിലെ പഴ്‌സില്‍നിന്ന് 1600 രൂപ മാത്രമേ പ്രതിക്ക് ലഭിച്ചുള്ളൂ. കിടപ്പുമുറിയില്‍ മറ്റൊരിടത്ത് സൂക്ഷിച്ച വന്‍തുക പൊലീസ് കണ്ടെടുത്തിരുന്നു.
കസബ മുന്‍ സി.ഐ പി. പ്രമോദിന്റെ നേതൃത്വത്തില്‍ അഞ്ച് സി.ഐമാരടങ്ങുന്ന ലോക്കല്‍ പൊലീസ് ഒമ്പത് മാസം അന്വേഷിച്ചിട്ടും തുമ്പ് കണ്ടത്തൊത്തതിനാല്‍ മൂന്ന് മാസം മുമ്പാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. 

പ്രതിയടക്കം ഹോട്ടലിലെ 25 ജീവനക്കാരെ ലോക്കല്‍ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുന്ദരിയമ്മ, ഇഡ്ഡലി നല്‍കുന്ന ഹോട്ടലുകളില്‍നിന്ന് ഒരു മാസത്തെ പണം മൊത്തമായി വാങ്ങിയെന്ന ഹോട്ടലുടമകളുടെ മൊഴിയാണ് ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പ്രേരണയായത്. 

മുഴുവന്‍ ഹോട്ടല്‍ ജീവനക്കാരുടെയും പശ്ചാത്തലം അനേഷിച്ച ക്രൈംബ്രാഞ്ച് കുണ്ടായിത്തോടിലെത്തി ജയേഷിന്റെ പൂര്‍വകാല ചരിത്രം ചികഞ്ഞെടുത്തു. നായ്പ്പാലത്തെ ഒരു കുടുംബം എടുത്തുവളര്‍ത്തിയ ഇയാള്‍ മുമ്പ് നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ടതായി മനസ്സിലാക്കി. ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്യലില്‍ മറച്ചുവെച്ചതാണ് ജയേഷിനെ സംശയിക്കാന്‍ പ്രധാനകാരണം. 

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതറിഞ്ഞ പ്രതി, ജോലി ചെയ്യുന്ന ഹോട്ടല്‍ സിറ്റിലൈറ്റിലെ സി.സി.ടി.വി കാമറ ഓഫാക്കിയശേഷം കൗണ്ടറിലെ മേശയില്‍നിന്ന് പണമെടുത്തു സ്ഥലം വിട്ടു. തുടര്‍ന്ന് തലശ്ശേരിയിലും മറ്റും പന്തല്‍ പണി ചെയ്ത് ഒളിവില്‍ കഴിയുകയായിരുന്നു. സുഹൃത്തുക്കളെക്കൊണ്ട് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയാണ് തന്ത്രപൂര്‍വം പിടികൂടിയത്. 

ആദ്യം കുറ്റം നിഷേധിച്ചെങ്കിലും കൂടുതല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇഡ്ഡലിക്കുള്ള അരിയും മറ്റും എത്തിക്കാന്‍ പലതവണ സുന്ദരിയുടെ വീട്ടില്‍ പോയിരുന്നു. കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പും ശ്രമം നടത്തിയെങ്കിലും സമീപവാസികള്‍ ഉണര്‍ന്നതിനാല്‍ വിഫലമായി. വീടിനുപിന്നിലെ കോണിയിലൂടെ മുകളില്‍ കയറി ഓടുപൊളിച്ച് കയറില്‍ തൂങ്ങിയിറങ്ങി പഴ്‌സ് എടുക്കാന്‍ ശ്രമിക്കവെ സുന്ദരിയമ്മ ഉണര്‍ന്നു. സീറോ വോള്‍ട്ട് ബള്‍ബ് വെളിച്ചത്തില്‍ തിരിച്ചറിയുമോ എന്ന ഭയത്തില്‍ തുരുതുരാ വെട്ടുകയായിരുന്നെന്നും പ്രതി മൊഴി നല്‍കി. 29 വെട്ടുകള്‍ ഏറ്റാണ് സുന്ദരിയമ്മ കൊല്ലപ്പെട്ടത്. പണവുമായി അടുക്കള വഴി രക്ഷപ്പെടവെ അയല്‍വാസി ദിവാകരന്‍ പ്രതിയെ കണ്ടിരുന്നു.ദിവാകരന്‍ ജയേഷിനെ തിരിച്ചറിഞ്ഞു. 

പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. ക്രൈംബ്രാഞ്ച് എസ്.പി പി.എച്ച്. അശ്‌റഫ്, ഡിവൈ.എസ്.പി ഷൗക്കത്തലി, സി.ഐ ഇ.പി. പൃഥ്വിരാജ്, സബ് ഇന്‍സ്‌പെക്ടര്‍ എം.ജെ. ബാബു, ഗ്രേഡ് എസ്.ഐമാരായ എ.വി. വിജയന്‍, കെ.സി. പുരുഷോത്തമന്‍, സീനിയര്‍ സി.പി.ഒമാരായ പി.പി. രാജീവ്, രാജീവ് പീച്ചങ്ങോട്, ശ്രീധരന്‍, സി.പി.ഒമാരായ മനോജ് രാമത്ത്, ഇ. പ്രകാശന്‍, സന്തോഷ് മമ്പാട്ടില്‍, വിജയകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് മൂന്നുമാസത്തെ അന്വേഷണത്തിനൊടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. 

ലോക്കല്‍ പൊലീസിന്റെ അന്വേഷണം എങ്ങും എത്താത്തതിനാല്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിരുന്നു.

 
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.