Latest News

തായ്‌വാനിലെ അവാര്‍ഡ് സമര്‍പ്പണ വേദിയില്‍ വയാനാട്ടില്‍ നിന്നും തന്‍സിലയും

കോഴിക്കോട്: അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു സംസാരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് വയനാട്ടിലെ ഉള്‍നാടന്‍ ഗ്രാമത്തിലുള്ള ഒരു പെണ്‍കുട്ടി. ഒക്ടോബര്‍ 7 മുതല്‍ 14 വരെ തായ്‌വാന്‍ തലസ്ഥാനമായ തായ്‌പേയില്‍ നടക്കുന്ന ഏഷ്യന്‍ ഗേള്‍സ് ഹ്യൂമന്‍ റൈറ്റ്‌സ് ആനിവേഴ്‌സറി അവാര്‍ഡ് സമര്‍പ്പണ സമ്മേളനത്തില്‍ പ്രസംഗിക്കാനാണ് വയനാട് കമ്പളക്കാട് മെയ്യാരിക്കണ്ടി തന്‍സില ഇന്ത്യന്‍ പ്രതിനിധിയായി കടല്‍ കടക്കുന്നത്. 

മില്ലുമുക്കിലെ വാഴക്കുലക്കച്ചവടക്കാരനായ ഉസ്മാന്റെയും മാരിയത്തിന്റെയും രണ്ടു മക്കളില്‍ ഇളയവളായ തന്‍സില മുട്ടില്‍ ഡബ്ല്യൂ.എം.ഒ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.

തായ്‌വാന്‍ ആസ്ഥാനമായ ഗാര്‍ഡന്‍ ഓഫ് ഹോപ് ഫൗണ്ടേഷന്‍ എന്ന അന്തര്‍ദേശീയ സന്നദ്ധ സംഘടനയാണ് പരിപാടിയുടെ സംഘാടകര്‍. സ്ത്രീകള്‍, പെണ്‍കുട്ടികള്‍ എന്നിവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍, മനുഷ്യക്കടത്ത്, തൊഴില്‍ പീഡനങ്ങള്‍ എന്നിവയ്‌ക്കെതിരേ ഇടപെടുക, ഇത്തരമാളുകളുടെ പുനരധിവാസത്തിനു മുന്‍കൈ എടുക്കുക തുടങ്ങിയവയാണ് ഈ സംഘടനയുടെ ലക്ഷ്യം.

അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്റ് കമ്മ്യൂണിക്കേഷന്‍(എ.എഫ്.ആര്‍.സി.) എന്ന സ്ഥാപനമാണ് ഗ്രാമീണ മേഖലകളിലെ പിന്നാക്ക-ദലിത് വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയിലൂടെ സന്നദ്ധ സേവനരംഗങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ ഇടപെടുന്നത്. വയനാട് കല്‍പ്പറ്റ ആസ്ഥാനമായ ഈ സ്ഥാപനത്തിന്റെ ഡയറക്ടറായ ലൈലസൈനെ യു.എന്‍. രാജ്യത്തെ മികച്ച 25 സന്നദ്ധ പ്രവര്‍ത്തകരില്‍ ഒരാളായി അംഗീകരിച്ചിട്ടുണ്ട്. ഇവര്‍ നടത്തിയ മില്ലേനിയം സര്‍വേയില്‍ സജീവമായി പങ്കെടുത്തതോടെ ഈ പെണ്‍കുട്ടിയുടെ പൊതുബോധം, സന്നദ്ധ സേവനരംഗത്ത് ഇടപെടാനുള്ള ആത്മവിശ്വാസം എന്നിവ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ പത്രമായ പീസ് ഗോങിന്റെ കേരള പ്രതിനിധിയായി തന്‍സിലയെ നിശ്ചയിച്ചിരുന്നു.

ശിശുപഞ്ചായത്തിന്റെ സംസ്ഥാന പ്രതിനിധിയായും തന്‍സിലയെ കണ്ടെത്തി. ഇതിനിടെ ചെന്നൈയില്‍ നടന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ 2013 ഫെബ്രുവരിയില്‍ പീസ് ഗോങിന്റെയും ശിശുപഞ്ചായത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ കേരളത്തെ പ്രതിനിധീകരിച്ചുള്ള ആറംഗ സംഘത്തിന്റെ നേതൃത്വം തന്‍സിലയ്ക്കായിരുന്നു.ഏഷ്യയിലെ നിരവധി രാജ്യങ്ങളുടെ സന്നദ്ധരംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവസാന മൂന്ന് രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ എത്തിയത്.

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പിന്‍ബെഞ്ചുകളില്‍ ഒതുക്കപ്പെടുന്ന ഗ്രാമീണ കൂലിപ്പണിക്കാരുടെ മക്കള്‍ക്ക് സാഹചര്യവും പിന്തുണയും ലഭിക്കുകയാണെങ്കില്‍ അന്താരാഷ്ട്ര വേദികളില്‍ വരെ ആത്മവിശ്വാസത്തോടെ നില്‍ക്കാന്‍ ആവുമെന്നാണ് തന്‍സിലയുടെ അനുഭവം തെളിയിക്കുന്നത്. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.