Latest News

ഇരിങ്ങാലക്കുടയില്‍ കഞ്ചാവുമായി സ്ത്രീയടക്കം രണ്ടുപേര്‍ പിടിയില്‍

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ കഞ്ചാവുമൊത്തവ്യാപാരിയും ഇടനിലക്കാരനും പോലീസ് പിടിയിലായി. കഞ്ചാവ് മൊത്തക്കച്ചവടക്കാര്‍ക്കിടയില്‍ ബൊസന്‍താത്ത എന്നറിയപ്പെടുന്ന ജമീല എന്നുവിളിക്കുന്ന ആളൂര്‍ കനാല്‍ ബേസില്‍ പാളയം കോട്ടൂകാരന്‍ വീട്ടില്‍ മൊയ്തിന്റെ ഭാര്യ സൈനബ(53), എടക്കുളം മാരാത്ത് കോളനിയില്‍ നൊച്ചിയില്‍ വീട്ടില്‍ സജീവന്‍(33) എന്നിവരെയാണ് ഇരിങ്ങാലക്കുട സിഐ ടി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ഇരുവരില്‍ നിന്നായി രണ്ടുലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ആറരക്കിലോ കഞ്ചാവും പിടിച്ചെടുത്തു. ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവുവേട്ടയാണ് ഇത്.

തൃശ്ശൂര്‍ ജില്ലയിലെ കല്ലേറ്റുംകര റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് കഞ്ചാവുവില്‍പ്പന നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് റൂറല്‍ എസ്​പി എസ്. അജിതാബീഗം ഇരിങ്ങാലക്കുട ഡിവൈഎസ്​പി ബിജുഭാസ്‌കറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

സജീവനെ ഇരിങ്ങാലക്കുട ജോളി ബാറിന് സമീപത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവ് കണ്ടെടുത്തു. ഇയാളാണ് താത്തയുടെ ജില്ലയിലെ മുഖ്യ വിതരണക്കാരന്‍. പ്രതിമാസം പതിനായിരക്കണക്കിന് രൂപയാണ് സജീവന്‍ സമ്പാദിച്ചിരുന്നത്. സജീവനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രധാനകണ്ണിയായ താത്തയെ കല്ലേറ്റുംകര റെയില്‍വേസ്റ്റേഷനുസമീപത്തുനിന്ന് പിടികൂടിയത്. ഇവരില്‍ നിന്നും അഞ്ചുകിലോ കഞ്ചാവും പിടിച്ചെടുത്തു.മുകുന്ദപുരം അഡീഷണല്‍ തഹസില്‍ദാര്‍ പി. മോഹന്‍ദാസിന്റെ സാന്നിദ്ധ്യത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തതും കഞ്ചാവുകണ്ടെടുത്തതും.

ഇരിങ്ങാലക്കുട, പറവൂര്‍, ചാലക്കുടി, ആലുവ എന്നിവിടങ്ങളിലും ഇവര്‍ക്കെതിരെ കഞ്ചാവുകേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ 9 മാസത്തിനുള്ളില്‍ വിവിധ കേസുകളിലായി ഇരിങ്ങാലക്കുട പോലീസ് 20 കിലോ കഞ്ചാവുപിടികൂടിയെന്ന് സിഐ പറഞ്ഞു. അന്വേഷണസംഘത്തില്‍ എസ്‌ഐ പി.ആര്‍. ബിജോയ്, പോലീസുകാരായ പി.സി. സുനില്‍, എന്‍.കെ. അനില്‍കുമാര്‍, മനോജ്, അനില്‍ തോപ്പില്‍, ടി.യു. സുരേഷ്, റോയ് പൗലോസ്, സി. സുജിത്ത്, കെ.ജെ. ജിനേഷ്, സുജിത്ത് കുമാര്‍, വനിത സിപിഒ ലീന തുടങ്ങിയവരും ഉണ്ടായിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Eringalakuda, Kanjave, Arrested,Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.