Latest News

നിരീക്ഷണ ക്യാമറയുള്ളത് അറിയാതെ മോഷണത്തിനെത്തിയ കള്ളനെ പോലീസ് വലയിലാക്കി

തിരുവനന്തപുരം: നിരീക്ഷണ ക്യാമറയുള്ളത് അറിയാതെ മോഷണത്തിനെത്തിയ കള്ളന്‍ ഒടുവില്‍ പോലീസിന്റെ വലയിലായി. പട്ടാപ്പകല്‍ പൂട്ടുപൊളിച്ച് ബൈക്കുമായി കടന്ന മോഷ്ടാവിനെ സി. സി.ടി.വി ദൃശ്യത്തിന്റെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു.

ജില്ലയിലും തമിഴ്‌നാട്ടിലുമായി മാലപിടിച്ചുപറിയും ബൈക്ക് മോഷണവുമായി കറങ്ങിനടന്നയാളാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. നെയ്യാറ്റിന്‍കര വെടിവെച്ചാന്‍കോവില്‍ ഭഗവതിനട നെടിയാംവിള വീട്ടില്‍ അമ്പു എന്നും അരുണ്‍ദാസ് എന്നും വിളിക്കുന്ന റൊണാള്‍ഡോ (24) ആണ് പിടിയിലായത്.

കിള്ളിപ്പാലം പോപ്പുലര്‍ ഓട്ടോ മൊബൈല്‍സിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് റൊണാള്‍ഡോ പൂട്ട് പൊളിച്ച് മോഷ്ടിക്കുകയായിരുന്നു. ഇയാള്‍ പൂട്ടുപൊളിക്കുന്നത് കിള്ളിപ്പാലം കീഴാറന്നൂര്‍ ഗാര്‍ഡന്‍സ് റസിഡന്റ്‌സ് അസോസിയേഷന്‍ സമീപത്ത് സ്ഥാപിച്ചിരുന്ന ക്യാമറ പകര്‍ത്തി. ബൈക്കുമായി പോകുന്ന ഇയാളുടെ ഓരോ നീക്കവും ക്യാമറയില്‍ പതിയുകയും ചെയ്തു.
പോപ്പുലര്‍ ഓട്ടോമൊബൈല്‍സ് ജീവനക്കാരന്റേതായിരുന്നു ബൈക്ക്. ഇയാള്‍ ഓഫീസില്‍ കയറി പുറത്തു വന്നപ്പോള്‍ ബൈക്ക് കാണാത്തതിനെത്തുടര്‍ന്ന് കരമന പോലീസില്‍ അറിയിക്കുകയായിരുന്നു.

പിന്നീട് തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീന്‍ തറയിലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സമീപത്തെ ക്യാമറകളെല്ലാം പരിശോധിച്ചു. ഇതിനിടെയാണ് റൊണാള്‍ഡോ ബൈക്ക് മോഷ്ടിക്കുന്നതും മറ്റും റസിഡന്റ്‌സ് അസോസിയേഷന്‍ സ്ഥാപിച്ച ക്യാമറയില്‍ നിന്ന് കണ്ടെത്താനായത്. ക്യാമറാ ദൃശ്യങ്ങളുടെ സഹായത്തോടെ കരമന പോലീസും സിറ്റി ഷാഡോ ടീമംഗങ്ങളും ചേര്‍ന്നാണ് മരുതൂര്‍ക്കടവില്‍ നിന്ന് റൊണാള്‍ഡോയെ പിടികൂടിയത്.

മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിക്കുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് അറിയിച്ചു. ഇത്തരത്തില്‍ ജില്ലയിലും തമിഴ്‌നാട്ടിലുമായി ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ബൈക്ക് മോഷണത്തിന് എട്ടു കേസുകളും മാല മോഷണത്തിന് ഒന്‍പത് കേസുകളും റൊണാള്‍ഡോയ്‌ക്കെതിരെയുണ്ട്. ഇവ കൂടാതെ വലിയതുറ സ്വദേശികളായ ജൂഡിന്‍, പ്രമോദ് എന്നിവരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വലിയതുറ പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ മൂന്ന് കേസുകളുണ്ട്.

ജില്ലയില്‍ ഫോര്‍ട്ട്, മലയിന്‍കീഴ്, നേമം, തിരുവല്ലം, പൂവാര്‍, കൊല്ലം ജില്ലയിലെ ചെങ്ങമനാട്, തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡം, കരിങ്കല്‍ എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരെ മോഷണ കേസുകളുണ്ട്.

തമ്പാനൂര്‍ സി.ഐ ഷീന്‍ തറയില്‍, കരമന എസ്.ഐ സുരേഷ് വി. നായര്‍, എ.എസ്.ഐ വിശ്വനാഥന്‍, സി.പി. ഒ മാരായ കൃഷ്ണകുമാര്‍, സിറ്റി ഷാഡോ ടീമംഗങ്ങളായ ശ്രീകുമാര്‍, സജി, സജി ശ്രീകാന്ത്, അജിത് എന്നിവരടങ്ങിയ സംഘമാണ് റൊണാള്‍ഡോയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, kasaragod, Thiruvananthapuram, Police, Arrested, Ronaldo

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.