Latest News

ഉമ്മയുടെ കണ്ണീര്‍ എന്റെ കൈകളില്‍ ധാരയായി ഇറ്റു വീഴുന്നുണ്ടായിരുന്നു...

ഞായറാഴ്ച ഉച്ചയ്ക്ക് (8-9-2013) ഞാനും എന്റെ കൂട്ടുകാരന്‍ ഷാഫി ചെര്‍ളടുക്കയും വെറുതെ ഒന്ന് പുറത്തിറങ്ങി നടക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ ഷാഫി പറഞ്ഞു.  കറാമ ദുബായ്) വരെ പോയി വരാം എന്ന്. അങ്ങനെ നമ്മള്‍ രണ്ടാളും ബെനിയാസ് സ്റ്റേഷനില്‍ നിന്നും മെട്രോ ട്രൈന്‍ കയറി. കറാമയില്‍ എത്തുമ്പോള്‍ ഷാഫി പറഞ്ഞു, നമ്മുക്ക് ഇവിടെ ഇറങ്ങേണ്ട ഒരാവശ്യവും ഇല്ല നമ്മക്ക് ജബലലിയില്‍ പോയി ഉടന്‍ തിരിച്ചുവരാം എന്ന്. പ്രത്യോകിച്ച് രണ്ടു പേര്‍ക്കും ജോലിയൊന്നും ഇല്ലാത്തതിനാലും രണ്ടു പേര്‍ക്കും ചാറ്റ് ചെയ്യാന്‍ സൗകര്യമുള്ളതിനാലും നമ്മള്‍ ലാസ്റ്റ് മെട്രോ സ്റ്റേഷന്‍ ആയ ജബല്‍ അലി വരെ പോയി തിരിച്ചു വന്നു.

വരുമ്പോള്‍ ഇടയ്ക്ക് ട്രൈന്‍ മാറികയറാന്‍ വേണ്ടി യുണിയന്‍ സ്റ്റേഷനില്‍ ഇറങ്ങി. അവിടുന്ന് റെഡ്‌ലൈനില്‍ നിന്നും ഇറങ്ങി ഗ്രീന്‍ ലൈനില്‍ കയറി... ഞാനും ഷാഫിയും കയറി അകത്ത് ഇരിപ്പിടം ഉറപ്പിച്ചപ്പോള്‍ ട്രൈന്‍ ഓടി തുടങ്ങി. ഉടനെ ഒരു സ്ത്രീയുടെ നിലവിളിയും ഡോറിലേക്ക് തട്ടുകയും ചെയ്യുന്നത് കണ്ടു. എന്റെ മോനെ.... എന്ന് വിളിച്ച് കരയുന്നുതിനാല്‍ മലയാളിയാണെന്ന് ഉറപ്പായി.
ഞാന്‍ അവരോട് ചോദിച്ചു.. എന്ത് പററിയെന്ന്.. 
ഏകദേശം 50 വയസ്സ് തോന്നിക്കുന്ന ഒരു നാട്ടുംപുറത്തെ സ്ത്രീയാണവര്‍. പര്‍ദ്ദയായിരുന്നു അവരുടെ വേശം.
അവര്‍ എന്റെ മകന്‍...എന്റെ കുട്ടീ... ഇങ്ങിനെ എന്തൊക്കെ പറഞ്ഞ് ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു.
അവരോട് കാര്യം അന്വേഷിച്ചെങ്കിലും അവര്‍ക്ക് വ്യക്തമായി ഒന്നും പറയാന്‍ കഴിയുന്നില്ലായിരുന്നു.
അടുത്ത് ഉണ്ടായിരുന്ന ഒരാള്‍ (ഏതു നാട്ടുകാരനെന്ന് അറിയില്ല, ഹിന്ദിയാണ് അയാള്‍ സംസാരിച്ചിരുന്നത്) കാര്യം പറഞ്ഞു. ആ ഉമ്മയുടെ കൂടെ വേറെ രണ്ട് പേര്‍ ഉണ്ടായിരുന്നു. 3 പേരും ഒന്നിച്ച് ട്രൈയിന്‍ കറയാന്‍ വന്നതാണ്. പക്ഷെ ഉമ്മകയറിയപ്പോല്‍ വാതില്‍ അടഞ്ഞു പോയി. പുറത്തുണ്ടായിരുന്ന മറെറാരു സ്ത്രീ കുഞ്ഞിനേയും എടുത്ത് നിലവിളിച്ചത്രെ... എമര്‍ജെന്‍സി സ്വിച്ച് ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പെട്ടെന്ന് അത് ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. 

യൂണിയന്‍ സ്റ്റേഷനില്‍ നിന്നും അടുത്ത സ്റ്റേഷനിലേക്ക് 5 മിനുററ് മാത്രമേ ഉളളൂവെന്ന് ഞങ്ങള്‍ ആ ഉമ്മയോട് പറഞ്ഞ് സമാധാനിപ്പിച്ച് അടുത്ത സ്റ്റേഷനില്‍ ഇറക്കി. ഒപ്പം ഞാനും ഷാഫിയും പിന്നെ മറെറാരാളും ഇറങ്ങി. അയാള്‍ കന്നട കലര്‍ന്ന മലയാളമാണ് സംസാരിക്കുന്നത്. മംഗലാപുരത്ത് കാരനെന്ന് തോന്നുന്നു. അയാള്‍ വളരെ നല്ല ഒരാളായിരുന്നു വെന്ന് ഒററ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാമായിരുന്നു...
പക്ഷെ ആ ഉമ്മ എന്റെ കൈ പിടിച്ച് കരയുന്നുണ്ടായിരുന്നു. ഞങ്ങള്‍ പലതും പറഞ്ഞ് ഉമ്മാനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ആ ഉമ്മാന്റെ കൈയില്‍ ബന്ധപ്പെട്ടവരുടെ നമ്പറോ വിലാസമോ ഇല്ല.. യാ റബ്ബേ... ഞങ്ങള്‍ക്കും ആകെ ടെന്‍ഷനായി... സംസാരിക്കാനോ വായിക്കാനോ മലയാളമല്ലാതെ മറെറാരു ഭാഷയും ആ ഉമ്മാക്ക് അറിയില്ലായിരുന്നു. പാവം ഉമ്മ... ഞങ്ങള്‍ ഉമ്മാനെയും കൂട്ടി മൊട്രൊയുടെ എന്‍ക്വറിയില്‍ അന്വേഷിച്ചു. പക്ഷെ ഉമ്മയുടെ ബന്ധുക്കള്‍ എവിടെയന്നും പരാതി നല്‍കിയതായും കാണുന്നില്ലെന്ന് എന്‍ക്വയറി ഓഫീസില്‍ നിന്നും അറിയിച്ചു. പാവം ഞങ്ങള്‍ എന്തു ചെയ്യാന്‍ തിരിച്ച് ആ സ്റ്റേഷനില്‍ പോയാലോ എന്ന് ഓര്‍ത്തു. അപ്പോള്‍ ഓര്‍ത്തു ഞങ്ങള്‍ പോകുന്ന സമയത്ത് അവര്‍ തിരിച്ച് ഇങ്ങോട്ട് വന്നാലോ... അല്ലെങ്കില്‍ വേറെ ഏതെങ്കിലും സ്റ്റേഷനില്‍ പോയാലോ എന്നും ഭയന്നു. ഞങ്ങളെ പോലെ മെട്രോ അധികൃതരും അങ്കലാപ്പിലാവുന്നത് ഞങ്ങല്‍ കണ്ടു.. 

ഉമ്മയാണെങ്കില്‍ നിര്‍ത്താതെയുള്ള കരച്ചിലും... ആ ഉമ്മയുടെ കരച്ചിലില്‍ അവ്യക്തമായ വാക്കുകളില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്..എന്റെ മോന്‍.. എന്റെ മോള്‍.. അവര് എങ്ങനെ സഹിക്കും എന്നും മററുമാണ്.. . മെട്രോ അധികൃതരെങ്കില്‍ ആ ഉമ്മയോട് ഇംഗ്ലീഷിലും അറബിയിലും എന്തൊക്കെയോ ചോദിക്കുന്നു... പാവം അവരെന്തു പറയാന്‍.. അതിനിടയ്ക്ക ആ ഉമ്മ എപ്പോഴോ എന്റെ കൈ പിടിച്ചുകൊണ്ട് കൈയ്യില്‍ ചുംബിച്ചുകൊണ്ടു പറഞ്ഞു..മോനെ നീ ആരാ ഏതാ എന്നൊന്നും എനിക്കറിയില്ല..എന്നെ എങ്ങനെയെങ്കിലും എന്റെ മക്കളുടെ അടുത്ത് എത്തിക്കണം.. ഞാന്‍ എന്ത് പറയാന്‍..ഉമ്മയുടെ കണ്ണീര്‍ എന്റെ കൈകളില്‍ ധാരയായി ഇറ്റു വീഴുന്നുണ്ടായിരുന്നു...എന്നാലും ഞാന്‍ ഉമ്മയോടു പറഞ്ഞു...ഉമ്മയെ ഉമ്മയുടെ വീട്ടില്‍ എത്തിച്ചിട്ടെ ഞങ്ങല്‍ പോകുള്ളു.. ഉമ്മ പേടിക്കണ്ട.. പറഞ്ഞത് അവരോട് ആശ്വാസവാക്കാണെങ്കിലും ഞങ്ങളുടെ ഉള്ളം പിടക്കുകയായിരുന്നു... 

അവസാനം ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തി...ഞാനും ഷാഫിയും ഉമ്മയുടെ കൂടെ അവിടെ നില്‍ക്കാനും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആള്‍ തിരിച്ച് യൂണിയന്‍ സ്റ്റേഷനിലേക്ക് പോകാനും..വിവരങ്ങള്‍ കൈമാറാനായി ഞങ്ങള്‍ പരസ്പരം മൊബൈല്‍ നമ്പര്‍ കൈമാറി..അതിനിടയ്ക്ക് ഒരു പോലീസുകാരന്‍ വെള്ളം കൊണ്ടുവന്നു ആ ഉമ്മയെ കുടിപ്പിക്കുമ്പോള്‍ എനിക്കെന്തോ ആ ചെറുപ്രായക്കാരനായ അറബിപോലീസുകാരനോട് വല്ലാത്ത ആദവ് തോന്നി ഞങ്ങള്‍ തമ്മില്‍ സംസാരിക്കുന്നതോ .. നടന്ന സംഭവമോ ഒന്നും അറിയുന്നില്ലെങ്കിലും അതു കാണാനായി കുറെ ആളുകള്‍ ഞങ്ങള്‍ക്കു ചുറ്റും കൂടിയിരുന്നു. 

അല്‍ഹംദുലില്ല...ദേ വരുന്നു ഓടിക്കിതച്ചു രണ്ടു പേര്‍.. അടുത്ത ട്രൈനില്‍ നിന്നും ഇറങ്ങി..അവരെ കണ്ടതും ഉമ്മ മുറുകെ പിടിച്ചിരുന്ന എന്റെ കൈ വിട്ടു ഏകദേശം മുപ്പതു വയസ്സോളം പ്രയമുള്ളആ ചെറുപ്പക്കാരനെ കെട്ടിപിടിച്ച് കരയാന്‍ തുടങ്ങി.. ഒപ്പം അവര്‍ അയാളുടെ നെറ്റിയിലും മുഖത്തും തുരുതുരാ ചുംബിക്കുന്നുണ്ടായിരുന്നു.. ഒരുപാടു വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന ഒരു ഉമ്മയും മകനും പോലെ.. അതിലും സഹനീയമായ കാഴ്ച മറ്റൊന്നായിരുന്നു..അയാളുടെ ഭാര്യയാമെന്നു തോന്നുന്നു..ഒരു കൈക്കുഞ്ഞുമായി കരഞ്ഞു കലങ്ങിയ മുഖവും അതിശീഥീകരിച്ച സ്റ്റേഷന്‍ ആയിട്ടും വിയര്‍ത്തു കുളിച്ച വളരെ ചെറുപ്പക്കാരിയായ ഒരു സ്ത്രീയെ കാണാനിടയായി..അത് ആ സ്ത്രീയുടെ മകനും അയാളുടെ ഭാര്യയുമാണ് കൂടെയുള്ളത്....

ഉമ്മയും അയാളുടെ ഭാര്യയും ഏതാനും ദിവസം മുമ്പ് യുഎഇയില്‍ വിസിറ്റിന് വന്നതാണ്.. അവര്‍ക്ക് വണ്ടിയുണ്ടെങ്കിലും വാര്‍ദ്ധക്യത്തില്‍ നില്‍ക്കുന്ന ഉമ്മയെയും ഭാര്യയെയും അത്യാധുനിക സാങ്കേതിക വിദ്യയാല്‍ മെനഞ്ഞ ദുബായ് മെട്രോ ട്രൈനില്‍ സഞ്ചരിപ്പിക്കാമെന്ന ആഗ്രഹത്തോടെ ആയാള്‍ അവരെയും കൂട്ടി വന്നതാണ്...പക്ഷേ അബദ്ധത്തില്‍ .......

അവര്‍ തൃശ്ശൂര്‍ ചാവക്കാട് സ്വദേശികളായിരുന്നു...ഏറെ നേരത്തെ അവര്‍ തമ്മിലുള്ള കെട്ടിപിടുത്തവും കഴിഞ്ഞ് ഞങ്ങളോട് അവര്‍ പേരും നാടും ചോദിച്ചു ഞങ്ങളോടു നന്ദിയും പറഞ്ഞു..അപ്പോഴേക്കും ഞങ്ങളെ ചേര്‍ത്ത് പിടിച്ച് ആ ഉമ്മ ഒരുപാട് പ്രാര്‍ത്ഥനയും അനുഗ്രഹ വാക്കുകളും പറഞ്ഞ് ഞങ്ങളെയും ചുംബിച്ചു...

പക്ഷേ അതിനിടയ്ക്ക് ഞങ്ങളുടെ കൂടെയുണ്ടായ ആള്‍ എങ്ങോ മറഞ്ഞു...ഞാനും ഷാഫിയും ഏറെ തിരഞ്ഞെങ്കിലും അയാളെ കാണാന്‍ കഴിഞ്ഞില്ല.. ഞങ്ങളില്‍ അയാളെ നമ്പര്‍ ഉണ്ടെങ്കിലും ഞങ്ങള്‍ അയാളെ വിളിച്ചു നോക്കി കിട്ടിയില്ല...ആ ഉമ്മയും മകനും ആലിംഗലം ചെയ്യുന്ന സമയത്ത് അയാള്‍ എങ്ങോ മറ്ഞ്ഞു.. ഒരു പക്ഷേ ആരുടെയും നന്ദി വാക്കുകളോ കൃതഞ്ജതയോ സ്വീകരിക്കാത്തതോ അല്ലെങ്കില്‍ ഏറെ സ്വകാര്യതകള്‍ സൂക്ഷിക്കുന്നതോ ആയ ഒരാളായിരിക്കും അദ്ദേഹം.

അയാളുമായി ബന്ധപ്പെട്ട ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കില്‍...സഹോദരാ അറിയില്ല നിങ്ങള്‍ ആരാണെന്ന് അങ്ങയുടെ പേരു പോലും അറിയില്ല ..അങ്ങ് എവിടെന്ന വന്നോ..എങ്ങോട്ട് പോയോ എന്നും അറിയില്ല...അങ്ങേക്ക് ആ ഉമ്മയുടെ പ്രാര്‍ത്ഥന എന്നും ഉണ്ടാകും...ആ ഉമ്മയെ പോലെ തന്നെ അറബി സംസാരിക്കാന്‍ അറിയാത്ത ഞങ്ങളുടെ ഇടയ്ക്ക് മെട്രോ അധികൃതരോട് അങ്ങ് അറബിയില്‍ സംസാരിക്കുമ്പോഴും ഞങ്ങളോടൊപ്പം ആ ഉമ്മയെ ആശ്വസിപ്പിക്കുമ്പോഴും..എല്ലാം കൗതുകത്തോടെ ഞങ്ങള്‍ കാണുന്നുണ്ടായിരുന്ന അങ്ങയെ ഞങ്ങള്‍ വിളിച്ചു പക്ഷേ കിട്ടുന്നില്ല...ഇടയ്‌ക്കെപ്പോഴെങ്കിലും കാണാന്‍ കഴിഞ്ഞാല്‍ സംസാരിക്കാം പരിചയപ്പെടാം... 

ആ ഉമ്മയുടെയും മകന്റെയും കുറച്ചുനേരമുള്ള ആ ആത്മബന്ധം എല്ലാ ഉമ്മമാരിലും ഉള്ളതിനെക്കാളും അധികമുള്ളതായി തോന്നി...അല്ലാഹ് ആ ഉമ്മയ്ക്ക് ദീര്‍ഘായുസ്സ് നല്‍കട്ടെ...അമീന്‍.

















Umarul Farooq MP (Shaikh Muhammed Paru)

Advertisement



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.