Latest News

വാനരന്‍മാര്‍ക്ക് വിഭവ സമൃദ്ധമായ ഓണ സദ്യ ഒരുക്കി


തൃക്കരിപ്പൂര്‍: ഇടയിലക്കാട് നാഗവനത്തിലെ വാനരര്‍ക്കായി നവോദയ ഗ്രന്ഥാലയവും, ബാലസംഘവും ചേര്‍ന്ന് വിഭവ സമൃദ്ധമായ ഓണ സദ്യ ഒരുക്കി. അവിട്ടം നാളില്‍ നടക്കേണ്ട ഓണസദ്യ ഹര്‍ത്താലിനെ തുടര്‍ന്നാണ്‌ ബുധനാഴ്ചത്തേക്ക്‌ മാറ്റിയത്.

രാവിലെ പതിനൊന്ന് മണിയോടെയാണ് സദ്യ വിളമ്പിയത്. റോഡരികില്‍ മേശകള്‍ക്ക്മുകളില്‍ തൂശനിലയില്‍ വാനരന്മാര്‍ക്ക് സദ്യ വിളമ്പി . ഉപ്പില്ലാത്ത ചോറും പഴവര്‍ഗങ്ങളും നിരന്നപ്പോള്‍ വൃക്ഷത്തലപ്പുകളില്‍ പ്രത്യക്ഷപ്പെട്ട വാനരപ്പട, ചാലില്‍ മാണിക്യത്തിന്റെ വിളി കേട്ടതോടെ ഇറങ്ങി വന്നു. 

വര്‍ഷങ്ങളായി കുരങ്ങന്മാര്‍ക്ക്‌ ആഹാരം വിളമ്പുന്നത് ചാലില്‍ മാണിക്യമാണ്. സാധാരണ സദ്യക്കുള്ള ഒരുക്കങ്ങളൊക്കെയും ഇവിടെയും ഉണ്ടായിരുന്നു. കാരറ്റ് നീളത്തിലും ബീറ്റ് റൂട്ട് വട്ടത്തിലും മുറിച്ച് ഇലയില്‍ നിരത്തി.

കൂടെ കക്കിരിയും വെള്ളരിക്കയും തക്കാളിയുമെല്ലാം വേവിക്കാതെയും വിഭവങ്ങളായി. പുറമെ വാഴപ്പഴവും കടലാസ് പാത്രത്തില്‍ വെള്ളവും ഒരുക്കിയിരുന്നു. പതിവ് പോലെ ഇലകളില്‍ നിന്ന് ഇഷ്ട വിഭവങ്ങള്‍ വാരിവലിച്ചു തിന്ന വാനരര്‍ മേശകളില്‍ തലങ്ങും വിലങ്ങും ഓടി നടന്നു. പതിറ്റാണ്ട് മുന്‍പ് വിരലില്‍ എണ്ണാവുന്ന വാനരരാണ് ഇവിടെ ഉണ്ടായിരുന്നത്. ആഹാരത്തില്‍ ഉപ്പു നിയന്ത്രിച്ചതോടെ എണ്ണം കൂടിയിട്ടുണ്ട്. നിരവധിപേര്‍ ഈ വാനരസദ്യ കാണാന്‍ എത്തിയിരുന്നു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.