Latest News

ഭാര്യയെ മയക്കി കൊക്കയിലെറിഞ്ഞ് കൊന്നയാള്‍ നാലുവര്‍ഷത്തിനുശേഷം പിടിയില്‍

ചങ്ങനാശ്ശേരി: നാലുവര്‍ഷം മുമ്പ് കാണാതായ ഭാര്യയെ ഭര്‍ത്താവ് മയക്കി കൊക്കയിലെറിഞ്ഞ് കൊന്നതാണെന്ന് തെളിഞ്ഞു. ഇത്തിത്താനം പൊന്‍പുഴ പ്രഭാനിലയം പ്രദീപ്കുമാറിന്റെ ഭാര്യ അഞ്ജലി (മോളമ്മ-31)യാണ് കൊലചെയ്യപ്പെട്ടത്. പ്രദീപ്കുമാറി(43)നെ ചങ്ങനാശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റുചെയ്തു. 2009 ഒക്‌ടോബര്‍ 27ന് രാത്രിയിലാണ് സംഭവം നടന്നത്. ഇതിനുശേഷം അഞ്ജലിയെ കാണാനില്ലെന്ന് ചിങ്ങവനം പോലീസില്‍ പരാതി നല്‍കിയ പ്രദീപ് വിദേശത്തേക്കും പോയി. തുടര്‍ന്ന് നാട്ടിലെത്തി മറ്റ് രണ്ട് ഭാര്യമാരുമായി ആര്‍ഭാടജീവിതം നയിക്കുകയായിരുന്നു.

അഞ്ജലിയുടെ തിരോധാനത്തെ തുടര്‍ന്ന് ചിങ്ങവനം പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് കുറേനാളത്തെ അന്വേഷണത്തിനുശേഷം എഴുതിത്തള്ളി. അഞ്ജലിയുടെ ബന്ധുവിന്റെ പരാതിയെത്തുടര്‍ന്നാണ് കേസ് പുനരന്വേഷിച്ചത്.

സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത പ്രദീപ് ആദ്യം പരസ്​പരവിരുദ്ധമായ മൊഴികളാണ് നല്‍കിയത്. വിശദമായി ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചുവെന്ന് ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. കെ.എന്‍.രാജീവ്, സി.ഐ. വി.എ.നിഷാദ്‌മോന്‍ എന്നിവര്‍ അറിയിച്ചു.

വിദേശത്ത് ജോലിയായിരുന്ന പ്രദീപ്കുമാര്‍, അവിടെ നഴ്‌സായി ജോലിചെയ്തിരുന്ന അയ്മനം സ്വദേശിനിയായ അഞ്ജലിയെ പ്രണയിച്ചാണ് വിവാഹംചെയ്തത്. 2006 ഒക്‌ടോബറില്‍ അഞ്ജലിയെ വിവാഹംചെയ്യുമ്പോള്‍ പ്രദീപ് കൊല്ലാട് സ്വദേശിയായ മറ്റൊരു യുവതിയുമായും പ്രണയത്തിലായിരുന്നു. വിവാഹശേഷം അഞ്ജലിയുമൊത്ത് വിദേശത്തുപോയ പ്രദീപിനെ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ സാമ്പത്തിക തിരിമറി നടത്തിയതിന് പുറത്താക്കി. ഇതിനിടെ ഇവര്‍ക്ക് ഒരു പെണ്‍കുട്ടി ജനിച്ചു. കുട്ടിയുമൊത്ത് പ്രദീപ് തിരികെ നാട്ടിലെത്തി. ഒരു മാസത്തിനുശേഷം അഞ്ജലിയും എത്തി. 

2009 ഫിബ്രവരിയില്‍ പ്രദീപ്കുമാറും അഞ്ജലിയും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടു. അഞ്ജലിക്ക് ഗുരുതരമായി പരിക്കേറ്റു. കട്ടിലില്‍ കിടപ്പായിരുന്ന അഞ്ജലിയെ ഒക്‌ടോബര്‍ 28ന്കാണാതാവുകയായിരുന്നു. താനും അമ്മയും വീട്ടിലില്ലാതിരുന്ന സമയത്ത് കാണാതായെന്നാണ് അന്ന് പ്രദീപ്കുമാര്‍ മൊഴി നല്‍കിയത്.

അഞ്ജലി ജീവിച്ചിരിക്കെ കൊല്ലാട് സ്വദേശിനിയായ യുവതിയെ 2009 ജൂണ്‍ 16ന് മല്ലപ്പള്ളി രജിസ്ട്രാര്‍ ഓഫീസില്‍വച്ച് രജിസ്റ്റര്‍ വിവാഹംചെയ്തു. പിന്നീട് തെള്ളകത്ത് വാടകവീടെടുത്ത് താമസിപ്പിച്ചു. അഞ്ജലി ആത്മഹത്യചെയ്തതെന്ന്‌ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഈ വിവാഹം. 2010 ഡിസംബര്‍ 31ന് വിദേശത്ത് നഴ്‌സായ ചങ്ങനാശ്ശേരി വടക്കേക്കര സ്വദേശിയെ അടൂര്‍ ഏനാത്ത് സബ് രജിസ്ട്രാര്‍ ഓഫീസില്‍വച്ചും രജിസ്റ്റര്‍ വിവാഹം ചെയ്തു. ഈ യുവതിയെ പൊന്‍പുഴയിലുള്ള വീട്ടിലും താമസിപ്പിച്ചു. മൂന്നാമത്തെ ഭാര്യ അവധിക്കുശേഷം വിദേശത്തേക്കുപോയ സമയത്ത് രണ്ടാം ഭാര്യയെ പൊന്‍പുഴയിലെ വീട്ടില്‍ കൊണ്ടുവന്നു. ഈ ബന്ധത്തില്‍ ഒരു ആണ്‍കുട്ടിയുമുണ്ട്. പ്രദീപ്കുമാറിന്റെ പീഡനം സഹിക്കവയ്യാതെ കൊല്ലാട് സ്വദേശിനി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയെന്നും പോലീസ് പറഞ്ഞു.

ബൈക്കില്‍നിന്നുവീണ് പരിക്കേറ്റ അഞ്ജലിയെ ചികിത്സയ്ക്കായി 2009 ഒക്‌ടോബര്‍ 27ന് കുര്യനാട്ടുള്ള സ്വകാര്യ ആസ്​പത്രിയില്‍ കൊണ്ടുപോയശേഷം തിരികെവരുമ്പോള്‍ ഉറക്കഗുളിക നല്‍കി മയക്കി. കാറില്‍ വാഗമണ്‍ ഭാഗത്തുള്ള കൊക്കയില്‍ കൊണ്ടുപോയി തള്ളിയതായി പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനായി വാഗമണിലേക്ക് കൊണ്ടുപോകും. 

ജില്ലാ പോലീസ് മേധാവി എം.പി.ദിനേശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എ.നിഷാദ്‌മോന്‍, ഷാഡോ പോലീസ് ടീമംഗങ്ങളായ എസ്.ഐ. സി.ടി.വിജയന്‍, പോലീസുകാരായ കെ.കെ.റജി, പ്രദീപ്‌ലാല്‍, സിബിച്ചന്‍ ജോസഫ്, ടോം വര്‍ഗീസ്, വി.വി.പ്രകാശ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Changanassery, Murder, Hu

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.