Latest News

പ്രവര്‍ത്തന രംഗത്തെ വിശുദ്ധി ബാക്കിയാക്കി സമദ് ഹാജി യാത്രയായി

തൃക്കരിപ്പൂര്‍: പ്രവാസികളില്‍ ദേശീയ പ്രസ്ഥാനത്തിന്റെ ചൂടും ചൂരും പകര്‍ന്നേകിയ സമദ് പടന്ന ഓര്‍മകളിലേക്ക് നീങ്ങിയപ്പോള്‍ ബാക്കിവച്ചത് പ്രവര്‍ത്തന രംഗത്തെ വിശുദ്ധിയുടെ അടയാളപ്പെടുത്തലുകള്‍. ടി.കെ. അബ്ദുല്‍ സമദ് ഹാജി സമദ് പടന്നയിലേക്ക് ചുരുങ്ങിയത് സ്വന്തം ഗ്രാമത്തോടുള്ള പ്രണയാധിക്യം മൂലമായിരുന്നു.

പടന്നയിലെ ആദ്യകാലത്തെ പ്രവാസികളില്‍ ഒരാളാണ് കഴിഞ്ഞ ദിവസം നിര്യാതനായ സമദ് പടന്ന. വിരലില്‍ എണ്ണാവുന്ന പ്രവാസികളില്‍ മൂന്നാമന്‍. ഏറെക്കാലത്തെ മുംബൈ വാസത്തിനു ശേഷം മണലാരണ്യത്തില്‍ എത്തിയപ്പോഴും കോണ്‍ഗ്രസിനോടുള്ള അടുപ്പവും അടങ്ങാത്ത ദേശീയ ബോധവും കൈവിട്ടില്ല. ഇന്ദിരാഗാന്ധിയോടുള്ള കടുത്ത ആരാധനയില്‍ യുഎഇയില്‍ പ്രിയദര്‍ശിനി ഫോറത്തിനു തുടക്കമിടാന്‍ സമദ് പടന്ന മുന്നില്‍ നിന്നത് ചരിത്രം. കെ. കരുണാകരന്‍ തുടങ്ങിയ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കള്‍ ഗള്‍ഫില്‍ വന്നെത്തുമ്പോള്‍ പ്രിയദര്‍ശിനി ഫോറത്തിന്റെ സ്വീകരണ സംഘാടകനും സമദ് പടന്ന തന്നെ. എഴുത്തിലും വായനയിലും വല്ലാത്ത കമ്പമുണ്ടായിരുന്നു.

പ്രവാസി മലയാളികളുടെ സൃഷ്ടികളും നൊമ്പരങ്ങളും പ്രസിദ്ധപ്പെടുത്താന്‍ മറ്റു മാര്‍ഗമൊന്നും കാണാതെ വന്നപ്പോള്‍ 1976ല്‍ യുഎഇയില്‍നിന്നു സമദ് മുന്‍കൈയെടുത്തു തരംഗം എന്ന പേരില്‍ സുവനീര്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. പ്രതിമാസം ഇറങ്ങിയ തരംഗത്തിന്റെ പത്രാധിപസ്ഥാനവും സമദ് കയ്യേറ്റു. പ്രവാസികളുടെ ക്ഷേമവും ഒപ്പം സംസ്‌കാരവും പ്രകാശിപ്പിക്കുന്നതില്‍ സമദ് എപ്പോഴും മുന്നിലായിരുന്നു. ജില്ലയില്‍ പ്രവാസികളുടെ
കൂട്ടായ്മയായ കെസഫിന്റെ പ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമായി. വിവിധ സംഘടനകളുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ സമദിലെ സഹൃദയന്‍ പടര്‍ന്നുനിന്നു.

മറ്റു സംഘടനകള്‍ക്കൊപ്പം പടന്ന യുഎഇ ഖദ്മത്തുല്‍ ഇസ്ലാം സംഘം പ്രസിഡന്റ്, സെക്രട്ടറി, മുംബൈ മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗം, അല്‍ അമീന്‍ ട്രസ്റ്റ് അംഗം എന്നിങ്ങനെ വിവിധ സംഘടനകളിലും നേതൃ രംഗത്തുണ്ടായി. പടന്ന മുണ്ട്യ പരിസരത്തെ വസതിയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ അനവധി പേരെത്തി.



  
Malayalamanoram
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.