Latest News

പോലീസ് കസ്റ്റഡിയിലെടുത്ത CPM പ്രവര്‍ത്തകരെ പി. ജയരാജനും സംഘവും മോചിപ്പിച്ചു

തലശേരി: പോലീസ് കസ്റ്റഡിയിലെടുത്ത സിപിഎം പ്രവര്‍ത്തകരെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള സംഘം പോലീസ് സ്‌റ്റേഷനില്‍ നിന്നു മോചിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിന് കതിരൂര്‍ പോലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം.

പാട്യത്തെ ബിജെപി അനുഭാവിയുടെ വീട്ടില്‍ റീത്ത് വയ്ക്കുകയും ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ രണ്ടു യുവാക്കളെ വ്യാഴാഴ്ച രാത്രി കതിരൂര്‍ എസ്‌ഐ കെ. കൃഷണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. കുണ്ടത്തില്‍ വീട്ടില്‍ രമേശ്, ജയദീപ് എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്.

ഇവരെ സ്‌റ്റേഷനിലെത്തിച്ചതിനു തൊട്ടുപിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, എം. സുരേന്ദ്രന്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. കസ്റ്റഡിയിലുള്ളവര്‍ നിരപരാധികളാണെന്നും വിട്ടയയ്ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ മുദ്രാവാക്യം വിളികളുമായെത്തി പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ വളഞ്ഞു. സംഭവത്തെത്തുടര്‍ന്നു തലശേരി സിഐ വിശ്വംഭരന്‍ നായരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി. തുടര്‍ന്ന് കസ്റ്റഡിയിലുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പുലര്‍ച്ചെ മൂന്നോടെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചതോടെയാണ് രംഗം ശാന്തമായത്.

എന്നാല്‍ അതിക്രമം നടന്ന വീട്ടിലെ സ്ത്രീ നല്‍കിയ പരാതിയില്‍ പറഞ്ഞവരെ തന്നെയാണു കസ്റ്റഡിയിലെടുത്തതെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭീഷണിക്കു വഴങ്ങിയാണ് ഇവരെ പിന്നീട് വിട്ടയച്ചതെന്നും പോലീസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടി. സംഭവം രഹസ്യമായി സൂക്ഷിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

പാട്യത്ത് ഏതാനും ദിവസങ്ങളായി സംഘര്‍ഷാവസ്ഥയുണ്ട്. പട്രോളിംഗിനിടയില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ടതിനെ തുടര്‍ന്നാണു യുവാക്കളെ കസ്റ്റഡിയിലെടുത്തതെന്ന് എസ്‌ഐ കെ.കൃഷ്ണന്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്തവര്‍ നിരപരാധികളാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും മൊഴി പരിശോധിച്ചുവരികയാണെന്നും എസ്‌ഐ കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thalassery, Police, CPM, Jayarajan


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.