Latest News

സലാം ഹാജി വധം: ഹാര്‍ഡ് ഡിസ്‌ക്കുകള്‍ ചങ്ങരംകുളത്തെ കിണറ്റില്‍ കണ്ടെത്തി

തൃക്കരിപ്പൂര്‍: ഗള്‍ഫ് വ്യാപാര പ്രമുഖന്‍ തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ എ. ബി.അബ്ദുസ്സലാം ഹാജിയെ കൊലപ്പെടുത്തിയ സംഘം ഹാജിയുടെ വീട്ടില്‍ നിന്ന് കൈക്കലാക്കിയ കമ്പ്യൂട്ടറിന്റെയും സിസി ടിവിയുടെയും ഹാര്‍ഡ് ഡിസ്‌ക്ക് മലപ്പുറം ചങ്ങരംകുളം ചിയാനൂരിലെ ആള്‍പാര്‍പ്പില്ലാത്ത വീട്ടുപറമ്പിലെ കിണറില്‍ നിന്ന് പോലീസ് കണ്ടെടുത്തു. 

കിണര്‍ വറ്റിച്ചാണ് സലാം ഹാജി വധക്കേസിലെ സുപ്രധാന തെളിവുകളായി കരുതുന്ന ഹാര്‍ഡ് ഡിസ്‌ക്കുകള്‍ കണ്ടെടുത്തത്. കേസന്വേഷിക്കുന്ന നീലേശ്വരം സിഐ ടി എന്‍ സജീവന്റെ നേതൃത്വത്തിലുള്ള സംഘം വെളളിയാഴ്ച ചങ്ങരംകുളം ആലങ്കോട് സ്വദേശി മാമാണിപ്പടി മൂരിയത്ത് വളപ്പില്‍ ജസീറിനെ (21)ചങ്ങരംകുളം ചിയ്യാനൂരിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു. 

ചിയ്യാനൂര്‍ താടിപ്പടിയിലെ യൂറോ ടെക് കമ്പനിക്ക് സമീപത്തെ ആള്‍പാര്‍പ്പില്ലാത്ത വീട്ടിലും പരിസരത്തും പോലീസ് തെളിവെടുത്തു. വീടിന് സമീപത്തെ പൊന്തക്കാട്ടില്‍നിന്ന് ലാപ്‌ടോപ്പും അനുബന്ധ സാമഗ്രികളും കണ്ടെടുക്കാനായി. വീടിന് പിന്നില്‍നിന്ന് ലാപ്‌ടോപിന്റെ കവറും നാല് എ.ടി.എം കാര്‍ഡുകളും കണ്ടെടുത്തു. ലാപ്‌ടോപും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌കും തകര്‍ക്കപ്പെട്ട നിലയിലാണ്. 

പ്രതികളിലൊരാളായ അമയില്‍ അമീറിന്റെ ബന്ധുവിന്‍േറതാണ് ഈ വീട്. അമീറുമൊത്ത് ജസീര്‍ ഇവിടെ വരാറുണ്ടായിരുന്നു. ഈ കേസില്‍ ഒളിവില്‍ കഴിയുന്ന കണ്ണൂര്‍ മേലെചൊവ്വ സ്വദേശി നിമിത്ത് ഏറെ കാലം ചങ്ങരംകുളത്ത് താമസിച്ചിരുന്നുവെന്നും ഇവിടെ നിന്നാണ് അമീറും ജസീറുമായി ബന്ധം സ്ഥാപിച്ചതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജസീറിനെ(21) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കി. 

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ജസീറിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുവാവിനെ നീലേശ്വരം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. 

കൊലപാതകത്തിന്റേയും കവര്‍ച്ചയുടേയും സൂത്രധാരന്‍മാരായ നീലേശ്വരം ആനച്ചാലിലെ മുഹമ്മദ് നൗഷാദ്, മുഹമ്മദ് റമീസ് എന്നിവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. ഇവരുടെ അറസ്റ്റ് നടക്കുമ്പോള്‍ ജസീര്‍ നാട്ടിലുണ്ടായിരുന്നു. ഇവരില്‍ നിന്നും കേസില്‍ ഉള്‍പെട്ട മറ്റ് പ്രതികളെക്കൂടി പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന ജസീര്‍ ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. 

ഈ വിവരം അറിഞ്ഞ പോലീസ് സംഘം ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി വെളളിയാഴ്ച രാവിലെ ജസീര്‍ ദുബൈയില്‍ നിന്നും കരിപ്പൂരിലെത്തുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയ ജസീറിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.