Latest News

ടി.പി. ചന്ദ്രശേഖരന്‍ വധം; കാരായി രാജനടക്കം 20 പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട്: ടി.പി വധക്കേസില്‍ 20 പ്രതികളെ വെറുതെ വിട്ടു. പ്രതികളെ ഒളിവില്‍ താമസിപ്പിച്ചുവെന്നും ഇതിന് സഹായം ചെയ്തുവെന്നും കൊലപാതകത്തെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നുമുള്ള കുറ്റം ചുമത്തിയിരുന്നവരെയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ കോടതി വെറുതെ വിട്ടത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജന്‍, പ്രതികള്‍ക്ക് സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്‍കിയതിന്റെ പേരില്‍ പ്രതിചേര്‍ത്തിരുന്ന എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി സരിന്‍ ശശി എന്നിവരും വിട്ടയയ്ക്കപ്പെട്ടവരില്‍ ഉള്‍പ്പെടും.

24 പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകരുടെ വാദം. ഇവര്‍ക്കെതിരേ ആരോപിക്കപ്പെട്ടിരുന്ന കുറ്റങ്ങള്‍ തെളിയിക്കുന്ന യാതൊരു തെളിവുകളും പ്രോസിക്യൂഷന് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കേസ് പരിഗണിക്കുന്ന ജഡ്ജി ആര്‍. നാരായണപിഷാരടി വ്യക്തമാക്കി. 166 സാക്ഷികളെ വിസ്തരിച്ചിട്ടും കോടതിയില്‍ ഹാജരാക്കിയ 578 രേഖകള്‍ പരിശോധിച്ചിട്ടും ഇവര്‍ക്കെതിരേ തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്ന കാര്യവും കോടതി പരിഗണിച്ചു. സിപിഎം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ധനഞ്ജയന്‍, പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ ഇ.എം ദയാനന്ദന്റെ സഹോദരന്‍ ഇ.എം ഷാജി എന്നിവരും വെറുതെ വിട്ടവരില്‍ ഉള്‍പ്പെടും.

കേസില്‍ ആകെ 76 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇവരില്‍ രണ്ടു പേരെ വിചാരണ ആരംഭിക്കുന്നതിനു മുന്‍പു തന്നെ കോടതി വിട്ടയച്ചിരുന്നു. ബാക്കിയുള്ള 74 പേരില്‍ സിപിഎം നേതാവ് കെ.കെ രാഗേഷ് ഉള്‍പ്പെടെ 15 പേരുടെ വിചാരണ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതു കൂടാതെയാണ് ഇരുപതു പേരെ വിചാരണക്കോടതിയും വെറുതെ വിട്ടത്. കേസിന്റെ വിധിപ്രസ്താവം നവംബര്‍ ഒന്നിനു മുന്‍പ് നടത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.

നെടുമ്പ്രത്ത് മരണവീട്ടില്‍ വെച്ച് ടിപിയെ വധിക്കാനെത്തിയവരില്‍ പ്രധാനിയായ കൊടി സുനിയുമായി കൂടിക്കാഴ്ച നടത്തിയെന്നും കൊലപാതകസംഘത്തിലെ മറ്റൊരു അംഗമായ സിജിത്തിനെ കൂത്തുപറമ്പ് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ ലഭ്യമാക്കിയെന്നുമായിരുന്നു കാരായി രാജനെതിരായ ആരോപണം. കാരായി രാജന് കൊലപാതകത്തെക്കുറിച്ച് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും എന്നിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നും കാണിച്ചാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്.

 
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, T.P Case, Kozhikode

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.