Latest News

ദുരിതജീവിതം നയിക്കുന്നവര്‍ക്ക് സൗജന്യ ചികിത്സയുമായ് പിലിക്കോട് ഫിസിയോ തെറാപ്പി സെന്റര്‍

പിലിക്കോട്: അപകടങ്ങളിലും, ദുരന്തങ്ങളിലുംപെട്ട് ചലനശേഷി നഷ്ടപ്പെട്ടവര്‍ക്കും ജന്മനാ അംഗവൈകല്യം സംഭവിച്ചവര്‍ക്കും പുതുജീവിതത്തിലേക്ക് വഴി തുറക്കുകയാണ് പീലിക്കോട് ഗ്രാമപഞ്ചായത്തില്‍ പുതുതായി ആരംഭിച്ച ഫിസിയോതെറാപ്പി സെന്റര്‍ . ഇവിടെ ചികിത്സ ആവശ്യമുളളവര്‍ക്കെല്ലാം സേവനം സൗജന്യമായി ലഭിക്കും. 

മുതിര്‍ന്നവരും കുട്ടികളുമായി ചലനശേഷി നഷ്ടപ്പെട്ട നിരവധി പേരുണ്ട് പിലിക്കോട് ഗ്രാമപഞ്ചായത്തില്‍. ഒരു ഫിസിയോ തെറാപ്പി സെന്ററില്‍പ്പോയി ചികിത്സ ലഭിക്കണമെങ്കില്‍ വലിയ തുക തന്നെ വേണം. മാത്രമല്ല വളരെ ദൂരം ഇതിനായി യാത്രചെയ്യേണ്ടിയും വരും. ഇത്തരം പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് പഞ്ചായത്ത് ഫിസിയോതെറാപ്പി സെന്റര്‍ എന്ന പദ്ധതി ക്ക് രൂപം നല്‍കിയത്.
സെറിബ്രല്‍ പാര്‍സി, സെറിബ്രല്‍ ഹെമറേജ് (പക്ഷാഘാതം) മംഗോളിസം (ക്രോമസോം സംബന്ധമായി ജന്മനായുണ്ടാകുന്ന വൈകല്യങ്ങള്‍) , സ്‌പൈനല്‍കോഡ് ഇന്‍ജ്വറി (സുഷുമ്‌നാ നാഡിക്കേറ്റ ക്ഷതം), ലെബാസ് സ്‌പോന്‍ടിലോസിസ് (നട്ടെല്ലിന്റെ തേയ്മാനം), സെര്‍വിക്കല്‍ സ്‌പോന്‍ടിലോസിസ് (കഴുത്ത് വേദന), പെരി ആര്‍ത്രൈറ്റിസ് ഷോള്‍ഡര്‍ (തോള്‍ സന്ധിവാതം), ഓസ്റ്റിലോ ആര്‍ത്രൈറ്റിസ് (സന്ധിവാതം), നെര്‍വ് ഇന്‍ജ്വറി (നാഡികള്‍ക്കേറ്റ ക്ഷതം), ഡിസ്‌ക് പ്രൊലേപ്‌സ്, വീഴ്ചയില്‍ ചലനശേഷി നഷ്ടപ്പെട്ടവര്‍ എന്നിവരെ പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനാവശ്യമായ തികച്ചും ശാസ്ത്രീയമായ ചികിത്സാ രീതികളാണ് സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. അനുഭവത്തിന്റെ കരുത്തും ഫിസിയോ തെറാപ്പിയില്‍ ബിരുദവുമുളള സ്വപ്‌ന എസ് ഗോപാലിനാണ് ചികിത്സയുടെ ദൗത്യം. നൂതനമായ ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാണ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത ്.
മുപ്പതോളം ആധുനിക ഉപകരണങ്ങള്‍ സെന്ററില്‍ സജ്ജമാക്കിയിട്ടുണ്ട്. ഉപകരണങ്ങള്‍ക്ക് മാത്രം മൂന്ന് ലക്ഷം രൂപയിലധികം വില വരും. വൃദ്ധ-വികലാംഗ പദ്ധതിയിലാണ് ഉപകരണങ്ങള്‍ വാങ്ങുന്നതിനാവശ്യമായ ഫണ്ട് അനുവദിച്ചത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി കടകളിലും സ്ഥാപനങ്ങളിലു മായി സ്ഥാപിച്ചിട്ടുളള പാലിയേറ്റീവ് കെയര്‍ ബോക്‌സുകളില്‍ നിന്ന് ലഭിച്ച തുക ഉപയോഗിച്ച് ജനകീയ പാലിയേറ്റീവ് കമ്മിറ്റി ചികിത്സക്കാവശ്യമായ പ്രത്യേക കട്ടില്‍ (ആശുപത്രി കട്ടില്‍) ഉടന്‍ നല്‍കും. തെറാപ്പിസ്റ്റിന്റെ ഓണറേറിയം എന്ന നിലയില്‍ ആറ് മാസത്തേക്ക് 75,000 രൂപ നീക്കി വെച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് കെട്ടിടത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ ചികിത്സ നടത്തുന്നതിന് നിരവധി ഉപകരണങ്ങളും സെന്ററിന് സ്വന്തമായുണ്ട് സന്ധിവേദന, നടുവേദന എന്നിവയുടെ ശമനത്തിനായി അള്‍ട്രാസോണിക് തെറാപ്പി, നടുവേദന, കൈവേദന, കാല്‍മുട്ട് വേദന എന്നിവക്ക് ഇന്റര്‍ഫെറന്‍ഷ്യല്‍ തെറാപ്പി, നാഡിസംബന്ധമായ വേദനകള്‍ക്ക് ട്രാന്‍സ്‌ക്യൂട്ടേനിയല്‍ ഇലക്ട്രിക്കല്‍ നേര്‍വ് സ്റ്റിമുലേറ്റര്‍, തളര്‍ന്ന പേശികള്‍ക്ക് ചലനശേഷി തിരിച്ചുകൊണ്ടുവരുന്നതിന് ഇലക്ട്രിക്കല്‍ മസില്‍ സ്റ്റിമുലേറ്റര്‍ , കൈത്തണ്ട ചലിപ്പിക്കുന്നതിനാവശ്യമായ റിസ്റ്റ് മൊബിലൈസര്‍, പേശികള്‍ക്ക് ദൃഢതയും കരുത്തും തിരിച്ചു ലഭിക്കുന്നതിന് ട്രെഡ്മില്‍, ശരീരം ചൂട് പിടിപ്പിക്കുന്നതിനായി ഇന്‍ഫ്രാറെഡ്‌ലൈറ്റ്. നീര്‍ക്കെട്ട,് സന്ധികളിലും ശരീരത്തിലും വേദന കുറക്കുന്നതിന് അള്‍ട്രാസോണിക് തെറാപ്പി, കാലുകളിലെ പേശികള്‍ക്ക് ബലം നല്‍കുന്നതിന് ആംഗിള്‍ ആന്റ് ലെഗ് എക്‌സര്‍സൈസര്‍, പാദങ്ങള്‍ക്ക് ശക്തി നല്‍കുന്നതിന് ഫൂട്ട് എക്‌സര്‍സൈസര്‍, തുടങ്ങിയ ആധനിക ഉപകരണങ്ങള്‍ കൊണ്ടുളള വിവിധചികിത്സാരീതികള്‍ സെന്ററില്‍ ലഭിക്കും . 

കിടപ്പിലായവരെ സൗജന്യമായി സെന്ററിലെത്തിക്കുന്നതിന് പ്രത്യേക വാഹനത്തിനുവേണ്ടിയുളള പ്രവര്‍ത്തനങ്ങളും പുരോഗമിച്ചു വരുന്നു.
ചെറുവത്തൂര്‍ ബി ആര്‍ സി യുടെ ഫിസിയോതെറാപ്പി കോര്‍ണറിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചികിത്സക്കായി പ്രത്യേകവിഭാഗം ഉണ്ടാകും. ചൊവ്വ, വ്യാഴം ശനി ഞായര്‍ ദിവസങ്ങളില്‍ രണ്ട് മുതല്‍ അഞ്ച് മണി വരെയാണ് പ്രവര്‍ത്തന സമയം. ഫിസിയോ തെറാപ്പി ചികിത്സ ആവശ്യമുളളവര്‍ ഡോക്ടറുടെ സാക്ഷ്യപത്രത്തോടൊപ്പം, ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഫോറത്തില്‍ സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.