Latest News

കഅബയില്‍ ചാര്‍ത്താനുള്ള പുതിയ കിസ്‌വ തയ്യാറായി

മക്ക: അറഫ ദിനത്തില്‍ വിശുദ്ധ കഅബാലയത്തെ പുതപ്പിക്കാനുള്ള പുതിയ കിസ്‌വ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ അബ്ദുല്‍ ഖാദര്‍ ശൈബിക്ക് കൈമാറും.

ഞായറാഴ്ച ഉമ്മുല്‍ജൂദിലുള്ള കിസ്‌വ നിര്‍മാണ ഫാക്ടറിയിലാണ് കൈമാറ്റ ചടങ്ങ്. അറഫ ദിവസം വിശുദ്ധ കഅബക്ക് അണിയിക്കുന്ന പുതിയ കിസ്‌വ 20 ദശലക്ഷം റിയാല്‍ ചെലവിലാണ് നിര്‍മിച്ചിട്ടുള്ളത്.

എട്ടു മാസത്തെ നിരന്തരമായ ജോലിക്കൊടുവിലാണ് കിസ്‌വ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. മക്കയിലെ ഉമ്മുല്‍ജൂദിലാണ് കിസ്‌വ നിര്‍മാണ ഫാക്ടറിയും ഹറമൈന്‍ ആര്‍കിടെക്ചറല്‍ മ്യൂസിയവും സ്ഥിതിചെയ്യുന്നത്.

ഹാജിമാര്‍ക്ക് ആവശ്യമായ ബോധവത്കരണവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതിനായി ഹറംകാര്യവകുപ്പിന്റെ നേതൃത്വത്തില്‍ മസ്ജിദുല്‍ ഹറാമില്‍ പ്രത്യേക കൗണ്ടറുകള്‍ തുടങ്ങി.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടറുകളില്‍ തീര്‍ഥാടകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും വിവിധ ഭാഷകളിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.

രാജ്യത്തിന് അകത്തും പുറത്തും നിന്നെത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് സുഗമമായ രീതിയില്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന് വേണ്ട ശരിയായ അറിവും മാര്‍ഗദര്‍ശനവും നല്‍കുന്നതിന് ആധുനിക മാധ്യമങ്ങളും ഉപയോഗപ്പെടുത്താന്‍ വഖഫ് മതകാര്യാലയം പദ്ധതികളാവിഷ്‌കരിച്ചു.

ഹജ്ജിന്റെ കര്‍മങ്ങളോടൊപ്പം രാജ്യത്തിനകത്തുനിന്ന് തീര്‍ഥാടനം ഉദ്ദേശിക്കുന്ന വിദേശികളടക്കമുള്ളവര്‍ നിര്‍ബന്ധമായും തസ്‌രീഹ് കരസ്ഥമാക്കേണ്ടതിനെക്കുറിച്ചും ഹജ്ജുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്ന ചൂഷണങ്ങളെക്കുറിച്ചും സുരക്ഷ കാര്യങ്ങളെക്കുറിച്ചുമെല്ലാം തീര്‍ഥാടകര്‍ക്ക് നല്‍കുന്ന നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദേശ തീര്‍ഥാടകര്‍ക്ക് 32 ഭാഷകളിലുള്ള ഖുര്‍ആന്‍ പരിഭാഷകളും വിതരണം ചെയ്യുന്നതിന് ഒരുക്കിയിട്ടുണ്ട്.

ഹാജിമാര്‍ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ തന്നെ ഹജ്ജിന്റെ അനുഷ്ഠാനകര്‍മങ്ങളും വിധിവിലക്കുകളും അടങ്ങിയ നിര്‍ദേശങ്ങളും നല്‍കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.