ദൈവകീര്‍ത്തനങ്ങളും തല്‍ബിയത്ത് മന്ത്രങ്ങളും ഉരുവിട്ടുകൊണ്ട് ആത്മീയ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച അവര്‍ അറഫയില്‍ സംഗമിക്കും. ഹജ്ജിന്റെ ആത്മാവായ അറഫയിലെ ഒത്തുചേരലിനു വേണ്ടി ഭക്തിയുടെ പാഥേയം ഒരുക്കി ശനിയാഴ്ച രാത്രി മുതല്‍ തന്നെ എല്ലാവരും മിനയിലേക്ക് പുറപ്പെട്ടിരുന്നു.
തര്‍ബിയത്ത് ദിനമായ ഇന്ന് പൂര്‍ണമായും കൂടാരനഗരിയില് കഴിച്ചുകൂട്ടുന്ന ഇവരുടെ ചുണ്ടില്‍നിന്ന് ഒരേയൊരു മന്ത്രം. ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്...
ആഴ്ചകള്‍ ഹറമില്‍ കഴിച്ചുകൂട്ടിയ തീര്‍ഥാടക ലക്ഷങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വീര്‍പ്പുമുട്ടുകയാണ് മിന. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ തീര്‍ഥാടകരില്‍ ഭൂരിഭാഗവും പാതിരാത്രിക്ക് ശേഷം മിനയിലെത്തിച്ചേര്ന്നു. അവശേഷിക്കുന്നവര്‍ ഉച്ചയോടെ തമ്പ് നഗരിയില്‍ സംഗമിക്കും. രാത്രി മസ്ജിദുല്‍ ഹറാമില്‍ ഇശാ നിസ്കാരം നിര്‍വഹിച്ചതോടെ മുതവ്വിഫിനു കീഴിലുള്ള തീര്‍ഥാടകരില്‍ നല്ലൊരു പങ്കും ഇവിടേക്ക് നീങ്ങി.
ഹറമിലെ സഫ മര്‍വക്ക് പിന്നിലായി മിനയിലേക്കുള്ള പ്രധാന ടണലില്കൂടിയായിരുന്നു ശുഭ്രസാഗരംപോലെ കാല്‍നടയായി ഇവരുടെ പ്രയാണം. ഞായറാഴ്ച കാലത്ത് മുതല്‍ മിനയിലേക്കുള്ള പ്രയാണപഥങ്ങള്‍ അനിയന്ത്രിത പ്രവാഹത്തിന് സാക്ഷിയായി. വഴികളിലെ വര്‍ധിച്ച തിരക്കു കാരണം വെളുപ്പിന് വാഹനങ്ങള്‍ ഇഴഞ്ഞു മാത്രമാണ് നീങ്ങുന്നത്.
ടെന്റുകളെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതു കാരണം ചില ബസുകള്‍ മണിക്കൂറുകള്‍ വൈകി മാത്രമാണ് കൂടാരങ്ങളില്‍ എത്തിച്ചേര്‍ന്നത്. പ്രായമായ ഹാജിമാര്‍ക്കിത് പ്രയാസം സൃഷ്ടിക്കുകയുണ്ടായി.
കഅബ മന്ദിരമുള്ള മക്ക വിട്ട് ആറു കിലോമീറ്റര്‍ അകലെയുള്ള മിനയിലെ ചടങ്ങുകള്‍ വെള്ളിയാഴ്ചയോടെ സമാപിക്കും. തിങ്കളാഴ്ച ളുഹര്‍ മുതല്‍ അസ്തമയം വരെ അറഫയില്‍ സംഗമിക്കുന്ന ഹാജിമാര്‍ രാത്രിയില്‍ മുസ്ദലിഫയില്‍ അന്തിയുറങ്ങിയ ശേഷം ചൊവ്വാഴ്ച രാവിലെ മിനയില്‍ തിരിച്ചെത്തി ജംറയില്‍ കല്ലേറ് കര്‍മം നടത്തും. തുടര്‍ന്ന് ബലികര്‍മത്തിന് ശേഷം മുടിയെടുക്കുന്നതോടെ ഇഹ്റാമില്‍നിന്ന് ഭാഗികമായി ഒഴിവാകും. മക്കയിലെത്തി ത്വവാഫും സഅ്യും പൂര്‍ത്തിയാക്കുന്നതോടെ ഇഹ്റാമില്‍നിന്ന് പൂര്‍ണമായും മുക്തമാകും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment