Latest News

പടുവളം മദ്യശാല വിരുദ്ധ സമരം സമരസമിതി പിന്‍വലിച്ചു

കാലിക്കടവ്: പടുവളത്തില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജ് കോര്‍പ്പറേഷന്‍ വില്പനശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തി വരുന്ന സമരം പിന്‍വലിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ചേര്‍ന്ന സമരസമിതി യോഗത്തിന് ശേഷം സമരസമിതി ചെയര്‍മാന്‍ കെ വി രാജേഷ് ആണ് തീരുമാനം പ്രഖ്യാപിച്ചത്. 

യോഗത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പ്പെടെ ഭൂരിപക്ഷം പേരും സമരം അവസാനിപ്പിക്കരുത് എന്ന നിലപാടാണ് എടുത്തത്. സമരം അവസാനിപ്പിച്ചാല്‍ അത് പ്രദേശത്തെ പഴയതിനേക്കാള്‍ രൂക്ഷമായ സാമൂഹ്യാവസ്ഥയിലേക്ക് തിരികെ കൊണ്ടുപോകുമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. എന്നാല്‍ തൊട്ടടുത്ത് സ്വകാര്യ ബാര്‍ തുടങ്ങുമ്പോള്‍ ഒരു സര്‍ക്കാര്‍ സ്ഥാപനം പൂട്ടിക്കുന്നതിനുള്ള സമരത്തില്‍ ധാര്‍മികതയുടെ പ്രശ്‌നമുണ്ടെന്നും അതിനാല്‍ സമരം അവസാനിപ്പിക്കുകയാനെന്നും സമരസമിതി അറിയിച്ചു. 

അതെ സമയം സമരം അവസാനിപ്പിക്കരുത് എന്ന പ്രാദേശിക വികാരം ശക്തിപ്പെട്ടിട്ടുണ്ട്. പത്തു വര്‍ഷം മുന്‍പാണ് പടുവളത്തില്‍ ബീവറേജ് കോര്‍പ്പറേഷന്‍ വിദേശ മദ്യശാല പ്രവര്‍ത്തനം തുടങ്ങിയത്. മദ്യശാലയുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് നാടിന്റെ സ്വൈര്യജീവിതം തകര്‍ന്നതോടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവിടെ പിലിക്കോട് ഗവ :ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും , കുടുംബ ശ്രീ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ സമരങ്ങളും, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തി വരികയായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 31 ന് കെട്ടിടം ഉടമയുടെ ആവശ്യപ്രകാരം ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം കോര്‍പ്പറേഷന്‍ ഒഴിഞ്ഞു കൊടുത്തിരുന്നു.തൊട്ടടുത്ത കെട്ടിടത്തില്‍ മദ്യശാലയുടെ പ്രവര്‍ത്തനം വീണ്ടും തുടങ്ങാനുള്ള നീക്കം ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കി. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് പതിനൊന്ന് ദിവസത്തോളം മദ്യശാല അടച്ചിട്ടു ഹൈക്കോടതി ഉത്തരവിലൂടെ ജനുവരി 12 ന് മദ്യശാല വീണ്ടും തുറന്നതോടെയാണ് ജനങ്ങള്‍ പന്തല്‍ കെട്ടി അനിശ്ചിതകാല സമരം ആരംഭിച്ചത്. ഒടുവില്‍ ലക്ഷ്യം കാണാതെ വലിയൊരു ജനകീയ സമരം പാതിവഴിയില്‍ അവസാനിച്ചതിന്റെ നിരാശയിലാണ് സമരത്തില്‍ അണിനിരന്ന സാധാരണ ജനങ്ങള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.