കൊച്ചി: ഒരുമിച്ച്ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ട്, പാതിവഴിയിൽ കൈവിട്ടുപോയ പോയ കൂട്ടുകാരിയെ തിരിച്ചുകിട്ടാൻ യുവതി കോടതിയിലേക്ക്. കൂട്ടുകാരിയെ കാണാനോ സംസാരിക്കാനോ ഉളള എല്ലാ ശ്രമങ്ങളും വിഫലമായതോടെയാണ് ശ്രുതി നിയമത്തിന്റെ വഴി തിരഞ്ഞെടുത്തത്.
ഏതാനും മാസം മുൻപ് കേരളത്തിലും കർണാടകത്തിലും കോളിളക്കം സൃഷ്ടിച്ച പ്രണയകഥയിലെ നായികമാരാണ് ശ്രുതിയും കൂട്ടുകാരിയും. വീട്ടുകാരുടെ തടവറയിൽ കഴിയുന്ന കൂട്ടുകാരി, സംസാരിക്കാൻ അവസരം ലഭിച്ചാൽ വീണ്ടും തന്റെ കൂടെ പോരുമെന്ന് ശ്രുതിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ മൂന്നു വർഷമായി കടുത്ത പ്രണയത്തിലായിരുന്ന യുവതികൾ പുരുഷനോടൊപ്പമുളള ജീവിതം തങ്ങൾക്ക് പറ്റിയതല്ലെന്ന് ബോദ്ധ്യമായപ്പോഴാണ് വീട് വിട്ടിറങ്ങിയത്. ലൈംഗിക ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന കർണാടകയിത്തിലെ 'സംഗമ' എന്ന സംഘടന ഇവരുടെയും സംരക്ഷണം ഏറ്റെടുത്തു.
ഷൊർണൂർ സ്വദേശിനിയായ ശ്രുതി സംഗമയിൽ അക്കൗണ്ടന്റ് ട്രെയിനായി ജോലിക്ക് ചേർന്നു. കൂട്ടുകാരി ഡിഗ്രി പഠനം തുടർന്നു. ഒരുമിച്ച് ഒരു വീട്ടിൽ താമസവുമായി. ഇതിനിടെ സംഗമയുടെ സഹായത്തോടെ മകളെ ശ്രുതി തട്ടിക്കൊണ്ടുപോയതാണെന്ന പരാതിയുമായി കൂട്ടുകാരിയുടെ അച്ഛൻ കോടതിയിലെത്തി.
പ്രായപൂർത്തിയായ തങ്ങളെ ഒപ്പം ജീവിക്കാൻ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സംഗമ ഭാരവാഹികൾക്കൊപ്പം ഇവർ കോടതിയിൽ ഹാജരായത്. കുട്ടി ആദ്യം വീട്ടുകാരുമായി സംസാരിക്കട്ടെയെന്ന് കോടതി നിർദ്ദേശിച്ചു. നാലു മണിക്കൂർ നീണ്ട ആ കൂട്ടിക്കാഴ്ചയ്ക്ക് ശേഷം ജഡ്ജിക്ക് മുന്നിൽ ഹാജരായ കൂട്ടുകാരി മാതാപിതാക്കളോടൊപ്പം പോകാനാണ് തീരുമാനിച്ചത്. ചങ്ങാതിയെ കാണാൻ പോലും നിൽക്കാതെ യുവതി വീട്ടുകാർക്കൊപ്പം മടങ്ങി. നിരാശയോടെ ശ്രുതി ബാംഗ്ളൂർക്കു പോയി.
ശ്രുതിയുടെ വീട്ടുകാരും മകളെ തിരിച്ചുകൊണ്ടുവരാൻകോടതിയുടെ സഹായം തേടിയെങ്കിലും ബാംഗ്ളൂരിൽ തുടർന്നാൽ മതിയെന്ന ശ്രുതിയുടെ തീരുമാനം കോടതി വകവച്ചുകൊടുത്തു. 'ജൂലായ്30 ന് ശേഷം അവളെക്കുറിച്ച് യാതൊരു വിവരവുമില്ല. അവളില്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാനാവില്ല. അവൾക്കും അങ്ങനെ തന്നെയാണെന്ന് എനിക്കറിയാം,' നിറകണ്ണുകളോടെ ശ്രുതി പറഞ്ഞു.
ഇന്ത്യയിൽ സ്വവർഗാനുരാഗികളുടെ വിവാഹത്തിന് നിയമപരമായ അംഗീകാരമില്ലെങ്കിലും, പ്രായപൂർത്തിയായവർ ഒരുമിച്ച് ജീവിക്കുന്നതിന് തടസമില്ലെന്ന് സംഗമയുടെ നിയമോപദേഷ്ടാവായ അഡ്വ. ബി.ടി. വെങ്കിടേഷ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Court, Sruthi
No comments:
Post a Comment