Latest News

മന്ത്രിസഭയില്‍ വൃത്തിക്കെട്ടവരുണ്ടെന്ന് പി.സി.ജോര്‍ജ്‌

കോട്ടയം: തന്നെ കൂച്ചുവിലങ്ങിടാന്‍ ആരും ശ്രമിക്കേണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. മന്ത്രിസഭാ യോഗത്തില്‍ തനിക്കെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നതിന് പിന്നാലെ കോട്ടയത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. തന്റെ പോരാട്ടം തെറ്റിനെതിരെയാണെന്നും അത് എന്നും തുടരുമെന്നും ജോര്‍ജ് വ്യക്തമാക്കി. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിക്ക് ഇക്കാര്യം അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ക്യാബിനറ്റില്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന വൃത്തികെട്ടവന്‍മാരുണ്ട്. ഇവരെയാണ് ആദ്യം കണ്ടെത്തേണ്ടതെന്നും പി.സി ജോര്‍ജ് പറഞ്ഞു. എരുമേലിയില്‍ സബ്‌സ്‌റ്റേഷന് തറക്കല്ലിട്ടതിന് ശേഷം അങ്ങോട്ട് തിരിഞ്ഞു നോക്കാതിരുന്നതിനെയാണ് താന്‍ വിമര്‍ശിച്ചത്. അല്ലാതെ അത് ആര്യാടനെതിരെയുള്ള വ്യക്തിഗത വിമര്‍ശനമല്ല. രണ്ടു വര്‍ഷക്കാലം വൈദ്യുതി മന്ത്രിയായി പിണറായി നടത്തിയ നല്ല പ്രവര്‍ത്തനങ്ങളെയാണ് താന്‍ അഭിനന്ദിച്ചതെന്നും ജോര്‍ജ് പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത് താനാണെന്നത് ആരും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ താന്‍ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ പ്രസിദ്ധീകരിക്കാത്തതാണ് പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവാണ് വി.എസ് അച്യുതാനന്ദന്‍ എന്ന് പറഞ്ഞ അതേ വേദിയില്‍ ഏറ്റവും വലിയ ഇടതുപക്ഷ മനസ്സിനുടമ എ.കെ ആന്റണിയാണെന്നും താന്‍ പറഞ്ഞിരുന്നു. പക്ഷെ ഇക്കാര്യം ആരും റിപ്പോര്‍ട്ട് ചെയ്തില്ല. ജോര്‍ജ് കുറ്റപ്പെടുത്തി.

100 രൂപ പിരിച്ചാല്‍ 80 രൂപ പോക്കറ്റിലിടുമെന്ന് പറഞ്ഞത് കോണ്‍ഗ്രസ്സുകാരെ ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി മറ്റു തര്‍ക്കങ്ങളൊന്നുമില്ല. തന്നെ കൊല്ലാന്‍ വന്നവര്‍ക്കെതിരെ നടപടിയെടുക്കാത്തതിലാണ് പ്രതിഷേധം. നടപടിയെടുക്കും വരെ ഇതുതുടരും.

മുണ്ടക്കയം, പേട്ട, എരുമേലി പോലുള്ള സ്ഥലങ്ങളിലുള്ള തന്റെ പ്രസംഗം അവിടത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ളതാണ്. ഇത് കാര്യമാക്കേണ്ടതില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Politics, P.C.George, Kottayam

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.