Latest News

നാലംഗ അന്തര്‍ സംസ്ഥാന കൊള്ളസംഘം പിടിയില്‍


കാസര്‍ക്കോട്: വാഹന മോഷണം, ഭവനഭേദനം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടിയിലെ ഇബ്രാഹിമിന്റെ മകന്‍ എം. അഷ്‌റഫ്
(32), അസ്‌നബയുടെ മകന്‍ എം. കാസിം (30), വിട്‌ല മുത്തപ്പദവിലെ ഷംസുദീന്‍ (35), ബംഗളുരു
ഫോര്‍ത്ത് ക്ലോസ് റോഡിലെ നാരായണന്‍ എന്ന രാജു (25) എന്നിവരാണ് പിടിയിലായത്.

കുമ്പള സി.ഐ: സിബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വ്യാഴാഴ്ച പുലര്‍ച്ചെ സീതാംഗോളിയില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ കറുത്ത സ്‌കോര്‍പിയോ വാഹനത്തില്‍ കവര്‍ച്ചാ സംഘം കാസര്‍ക്കോട് എത്തിയിരുന്നു. 

പോലീസ് വാഹന പരിശോധന നടത്തുന്നതറിഞ്ഞ് സ്‌കോര്‍പിയോ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. വടിവാള്‍, ഇരുമ്പ് ദണ്ഡ് തുടങ്ങിയ മാരകായുധങ്ങള്‍ സ്‌കോര്‍പിയോയില്‍ ഉണ്ടായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് കളഞ്ഞു കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡ് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ സമര്‍ത്ഥമായ അന്വേഷണമാണ് പ്രതികള്‍ വലയിലാകാന്‍ സഹായിച്ചത്. 

ഉപ്പളയിലെ വ്യാപാര പ്രമുഖന്റെയും ചട്ടഞ്ചാലിലെ കരാറുകാരന്റെയും വീട് കൊള്ളയടിക്കലായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. ഈ രണ്ടു വീടുകളിലും അടുത്തയിടെ നടക്കുന്ന വിവാഹത്തിനായി 2800 ഓളം പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ സ്വരൂപിച്ച് വെച്ചിരുന്നുവത്രെ. ഇതറിഞ്ഞാണ് കവര്‍ച്ചാ സംഘം എത്തിയതെന്നാണ് സൂചന. 

പ്രതികള്‍ക്ക് വീട് കാണിച്ചു കൊടുത്തയാളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടാന്‍ പോലീസ് തിരിച്ചില്‍ തുടങ്ങിയിട്ടുണ്ട്. എട്ട് കവര്‍ച്ചാക്കേസില്‍ ആറ് വര്‍ഷം തടവിന് ശിക്ഷ ലഭിച്ചയാളാണ് അഷ്‌റഫ്. ആറ് മാസം മുമ്പാണ് അഷ്‌റഫ് ജയിലില്‍ നിന്നിറങ്ങിയത്. 

ബെല്‍ത്തങ്ങാടിയില്‍ ഹോട്ടല്‍ നടത്തിയിരുന്ന കാസിം കടം കേറി മൂടിയതിനെ തുടര്‍ന്നാണ് ഹോട്ടല്‍ വില്‍പ്പന നടത്തി മോഷണത്തിലേക്ക് തിരിഞ്ഞത്. എട്ട് വാഹന മോഷണക്കേസില്‍ പ്രതിയാണ് ഷംസുദീന്‍. ഏഴ് വാഹന മോഷണക്കേസുകള്‍ നാരായണന് എതിരേ നിലവിലുണ്ട്. ഷംസുദീനും നാരായണനും വാഹനം മോഷ്ടിക്കുന്നവരില്‍ വിദഗ്ധരാണ്. ഇവര്‍ മോഷ്ടിക്കുന്ന വാഹനങ്ങളില്‍ മറ്റുള്ളവരും കൂടി ചേര്‍ന്ന് വീട് കൊള്ളയടിക്കലാണ് മുഖ്യ ജോലിയത്രെ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Police, Arrested


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.