Latest News

ഡിവൈഎഫ്‌ഐ കലക്ടറേറ്റ് വളയല്‍ ഡിസംബര്‍ 23നാണ്

കാസര്‍കോട്: നിയമന നിരോധനം, അഴിമതി, വിലക്കയറ്റം തടയുക തുടങ്ങിയ വിഷയങ്ങളുയര്‍ത്തി ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റ് വളയല്‍ പ്രക്ഷോഭം സംഘടിപ്പിക്കും. ഡിസംബര്‍ 23നാണ് കലക്ടറേറ്റ് വളയല്‍. 

പ്രക്ഷോഭ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ജില്ലയില്‍ രണ്ട് വാഹന പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കും. ജില്ലാസെക്രട്ടറി കെ മണികണ്ഠനും പ്രസിഡന്റ് കെ രാജ്‌മോഹനും ലീഡര്‍മാരായ ജാഥകളുടെ ഉദ്ഘാടനം ഡിസംബര്‍ 14ന് നടക്കും.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നവലിബറല്‍ നയങ്ങള്‍ ജനങ്ങളെ കടുത്ത ദുരിതത്തിലേക്കാണ് തള്ളിവിട്ടത്. സര്‍വീസ് മേഖലയില്‍ നിയമന നിരോധനവും തസ്തിക വെട്ടിക്കുറയ്ക്കലുമാണ് നടപ്പാക്കുന്നത്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇത് അഭ്യസ്തവിദ്യരായ യുവജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ്. 1991ല്‍ ഇന്ത്യന്‍ റെയില്‍വേയില്‍ 16.51 ലക്ഷം ജീവനക്കാരുണ്ടായിരുന്നു. 2013ല്‍ 11.82 ലക്ഷമായി കുറഞ്ഞു. ഇതിനിടെ പുതിയ റെയില്‍വേ ലൈനുകള്‍, സ്‌റ്റേഷനുകള്‍, ട്രെയിനുകള്‍, അടിസ്ഥാന സൗകര്യവികസനം എന്നിവയുണ്ടായിട്ടും പുതിയ തസ്തികയുണ്ടാക്കാന്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല നിലവിലുണ്ടായിരുന്നതിനേക്കാളും 4.5 ലക്ഷം ജീവനക്കാരുടെ കുറവാണുണ്ടായത്. 60,000 ഒഴിവ് മാത്രമാണ് റെയില്‍വേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബാക്കി തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടി നല്‍കി ഉദ്യോഗാര്‍ഥികളുടെ കണ്ണില്‍ പൊടിയിടുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കാലാവധി കഴിയാറായിട്ടും പല റാങ്ക്‌ലിസ്റ്റില്‍നിന്നും നാമമാത്രമായ ആളുകള്‍ക്ക് മാത്രമേ നിയമനം നല്‍കിയിട്ടുള്ളു. ഒഴിവുകള്‍ കൃത്യമായി പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും തയ്യാറാകുന്നില്ല. റിപ്പോര്‍ട്ട് ചെയ്യരുതെന്ന കര്‍ശന നിര്‍ദേശമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇത് യുവജനങ്ങളോടുള്ള വഞ്ചനയാണ്. സര്‍ക്കാരിന്റെ ഇത്തരം യുവജനവിരുദ്ധ- ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് കലക്ടറേറ്റ് വളയല്‍ സംഘടിപ്പിക്കുന്നത്.
ജില്ലാകമ്മിറ്റി യോഗത്തില്‍ കെ രാജ്‌മോഹന്‍ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ജി മുരളീധരന്‍, കെ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.