Latest News

പണം ആവശ്യപ്പെട്ടു വീട്ടില്‍ അതിക്രമിച്ചു കയറിയസംഘം യുവതിയെ മര്‍ദിച്ച്‌ കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടിയില്‍ അടച്ചു

കുറ്റിപ്പുറം: പണം ആവശ്യപ്പെട്ട്‌ വീട്ടില്‍ അതിക്രമിച്ചു കയറിയ മൂന്നംഗസംഘം യുവതിയെ മര്‍ദിച്ചു ബോധരഹിതയാക്കിയതിനു ശേഷം കൈകാലുകള്‍ ബന്ധിച്ചു കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടിയില്‍ അടച്ചു.

നരിപ്പറമ്പിനടുത്ത അച്ചങ്കുളത്ത്‌ വാടകവീട്ടില്‍ താമസിക്കുന്ന മാഗലംചിറ്റേതില്‍ സുരേഷിന്റെ ഭാര്യ രമ്യ(27)യെയാണ്‌ തിങ്കളാഴ്ച രാവിലെ 6.50ന്‌ അജ്‌ഞാതസംഘം അക്രമിച്ചത്‌. സംഭവസമയം വീട്ടില്‍ രമ്യ തനിച്ചായിരുന്നു. ഭര്‍ത്താവ്‌ സുരേഷും ഏകമകളും രമ്യയുടെ അമ്മയെ കോഴിക്കോട്‌ വട്ടോളിയിലെ വീട്ടിലേക്ക്‌ യാത്രയാക്കാനായി നരപ്പറമ്പിലെ ബസ്‌ സ്‌റ്റോപ്പിലേക്ക്‌ പോയതായിരുന്നു. ഏഴേകാലോടെ സുരേഷും മകളും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മുന്‍വശത്തെ വാതിലുകള്‍ തുറന്നുകിടക്കുകയായിരുന്നു. രമ്യയെ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. അപ്പോഴാണ്‌ ടെലിവിഷന്‍ സെറ്റ്‌ ഇട്ടുവരുന്ന കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടി കെട്ടിവരിഞ്ഞ നിലയില്‍ കണ്ടത്‌. പെട്ടിയുടെ കയര്‍ അഴിച്ചപ്പോള്‍ രമ്യ ബോധരഹിതയായി അതിനകത്തു കിടക്കുകയായിരുന്നു. അപ്പോഴേക്കും വിവരമറിഞ്ഞു നാട്ടുകാരും എത്തി.

ഏറെ നേരം കഴിഞ്ഞാണു രമ്യയ്‌ക്കു ബോധം വീണ്ടെടുക്കാന്‍ കഴിഞ്ഞത്‌. ഭര്‍ത്താവും കുട്ടികളും അമ്മയെ യാത്രയാക്കാന്‍ പോയശേഷം തിണ്ണയിലിരുന്നു രമ്യ പല്ലുതേക്കുകയായിരുന്നു. ഈ സമയത്തു വീട്ടുമതിലില്‍ ഏതാനും കൈകള്‍ കണ്ട തായി രമ്യ പറയുന്നു. സംശയം തോന്നിയ രമ്യ വീടിനകത്തു കയറി വാതിലടയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും അക്രമിസംഘം വാതില്‍ തള്ളിത്തുറന്ന്‌ അകത്തുകയറുകയായിരുന്നു.

വെളുത്തു തടിച്ച ഒരാളും ഇരുണ്ടനിറമുള്ള രണ്ടുപേരുമായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നതെന്നും മൂവരും കറുപ്പു ഷര്‍ട്ടും കാവിമുണ്ടുമാണു ധരിച്ചിരുന്നതെന്നും ഇവരുടെ കൈകാലുകളിലും കഴുത്തിലും ചരടുകളും ഏലസ്സുകളും ഉണ്ടായിരുന്നതായും രമ്യ പറയുന്നു. അകത്തുകടന്ന സംഘം രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും തന്റെ തല ചുമരില്‍ ഇടിച്ചെന്നും രമ്യ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ബോധരഹിതയായി വീണ രമ്യയുടെ മേല്‍ മുളകുപൊടി വിതറിയതിനു ശേഷം സംഘം രമ്യയുടെ ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ചു വായും മൂക്കും വരിഞ്ഞുകെട്ടി. കൈകാലുകള്‍ കയര്‍ ഉപയോഗിച്ചു വരിഞ്ഞുമുറിക്കിയതിനു ശേഷം കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടിയില്‍ അടയ്‌ക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന വെളുത്തു തടിച്ച യുവാവ്‌ കഴിഞ്ഞ ബുധനാഴ്‌ച ഉച്ചയ്‌ക്കു രണ്ടിനു വീട്ടില്‍ അതിക്രമിച്ച്‌ കയറാന്‍ ശ്രമിച്ചതായി രമ്യ പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.