Latest News

കേന്ദ്ര സര്‍വകലാശാലയെ തകര്‍ക്കാന്‍ ഗൂഢ നീക്കം: കല്ലട്ര മാഹിന്‍ ഹാജി

കാസര്‍കോട്: കാസര്‍കോട് ജില്ലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ സമ്മാനമായി അനുവദിച്ച കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയെ ചിന്നഭിന്നമാക്കി അസ്ഥി പഞ്ജരമാക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചന നടക്കുകയാണെന്ന് മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ആരോപിച്ചു.

സര്‍വകലാശാല ആരംഭം കുറിച്ചതിനു ശേഷം ഒട്ടും ആശാസ്യകരമല്ലാത്ത വാര്‍ത്തകളാണ് അനുദിനം പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിവിധ ഡിപ്പാര്‍ട്ടുമെന്റുകളെ അന്യ ജില്ലയിലേക്ക് തട്ടിയെടുക്കാന്‍ വന്‍ലോബി ശ്രമിച്ചുവരികയാണെന്നും ഇതിന്റെ ചരടുവലിക്ക് ഒത്താശ ചെയ്യുന്നതിന് വി.സി. അടക്കമുള്ള ഉദ്യോഗസ്ഥ പ്രഭുക്കള്‍ കൂട്ടുനില്‍ക്കുന്നതായും മാഹിന്‍ ഹാജി കൂട്ടിച്ചേര്‍ത്തു. സ്ഥാപനം നിലവില്‍ വന്നതിന് ശേഷം നൂറുകണക്കിന് തസ്തികകളാണ് ഉണ്ടായിട്ടുള്ളത്.

എന്നാല്‍ വന്‍ കോഴ മാനദണ്ഡമാക്കിയാണ് ചില തസ്തികകളില്‍ നിയമനം നടന്നത്. മറ്റു നിരവധി തസ്തികകളില്‍ ഉറ്റവരെയും, ബന്ധുക്കളെയും പാഠ്യശാലയ്ക്ക് പകരം വ്യവസായ സ്ഥാപനമായി കാണുന്ന ലോബികളുടെ നോമിനികളെയും നിയമിച്ചിരിക്കുകയാണ്. ജില്ലയില്‍ പതിനായിരക്കണക്കിന് അഭ്യസ്ത വിദ്യര്‍ സര്‍വകലാശാലയെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. അവരുടെയെല്ലാം പ്രതീക്ഷകളെ ഇല്ലാതാക്കുന്ന തരത്തിലാണ് അധികൃതര്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവരെ നടത്തിയ നിയമനങ്ങള്‍ സംബന്ധിച്ച് ഉന്നതതല അന്വേഷണം അനിവാര്യമാണെന്നും നിയമനം യു.പി.എസ്.സിക്ക് വിടണമെന്നും അദ്ദേഹം
ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥ ലോബിയുടെ സര്‍വ വിഹാരത്തിന് കൂട്ടുനില്‍ക്കാത്ത സഹപ്രവര്‍ത്തകരെ പുകച്ചു പുറത്തു ചാടിച്ച സംഭവങ്ങള്‍ക്ക് പുറമെ തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത വിദ്യാര്‍ത്ഥികളെയും ദ്രോഹിക്കുന്നതായി പരാതികളുയര്‍ന്നിട്ടുണ്ട്. വ്യാജ പരാതിയുടെ പേരില്‍ രജിസ്ട്രാറെ പുറത്താക്കുകയും പിന്നീട് പരാതിക്കാര്‍ പരാതി പിന്‍വലിക്കുകയും എന്നിട്ടും രജിസ്ട്രാറെ ക്രൂശിക്കാന്‍ ശ്രമിച്ച നടപടിയും ഇതിനുദാഹരണമാണ്. സര്‍വകലാശാലയുടെ ഗുണം പൂര്‍ണതോതില്‍ ജില്ലയ്ക്ക് ലഭ്യമാക്കുന്നതിന് രാഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരിക രംഗത്തെ കൂട്ടായ്മ അനിവാര്യമാണ്. സര്‍വകലാശാലയെ ചിന്നഭിന്നമാക്കാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് ഈ കൂട്ടായ്മയുടെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.