Latest News

പാക് താലിബാന്‍ നേതാവ് കൊല്ലപ്പെട്ടു

പെഷവാര്‍ : തീവ്രവാദി സംഘടനയായ പാകിസ്താനി താലിബാന്റെ മുതിര്‍ന്ന നേതാവ് ഹക്കീമുള്ള മസൂദ് അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീറിസ്താനില്‍ അമേരിക്കന്‍ പൈലറ്റില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തിലാണ് മസൂദ് കൊല്ലപ്പെട്ടതെന്ന് പാക് താലിബാന്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഹക്കീമുള്ള മസൂദിന്റെ വാഹനത്തില്‍ നാല് മിസൈലുകള്‍ പതിച്ചുവെന്ന് പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. മസൂദും രണ്ട് സുരക്ഷാ ഗാര്‍ഡുകളും അടക്കം അഞ്ചുപേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വസീറിസ്താനിലെ മിറാന്‍ഷാ നഗരത്തിന് അടുത്തുവച്ചായിരുന്നു ആക്രമണം.

മസൂദ് കൊല്ലപ്പെട്ടുവെന്നതിന് സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ജെന്‍ സാകി തയ്യാറായില്ല. അമേരിക്കയുടെ മിസൈല്‍ ആക്രമണത്തെ പാകിസ്താന്‍ ഭരണകൂടം ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്ന് അവര്‍ പറഞ്ഞു.

ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ നടന്ന സ്‌ഫോടനത്തിന് പിന്നിലും പാകിസ്താനില്‍ നടന്ന നിരവധി സ്‌ഫോടനങ്ങള്‍ക്കു പിന്നിലും പ്രവര്‍ത്തിച്ചത് മസൂദാണെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. മസൂദ് വധിക്കപ്പെട്ട സംഭവം തീവ്രവാദി സംഘടനകളുമായി ചര്‍ച്ച നടത്താനുള്ള പാകിസ്താന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവും.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Peshavar, Pakisthan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.