കാസര്‍കോട് കളനാട് കോമ്പന്‍പാറ ഇബ്രാഹീം(29), മങ്ങാട് ഹക്കീം(33) എന്നിവരെയാണ് കൊണ്ടോട്ടി പോലിസ് അറസ്റ്റ് ചെയ്തത്.
കുറ്റിപ്പുറം നീറ്റുക്കാട്ടില്‍ ആഷിക്കലിയുടെ ബാഗേജാണ് മോഷ്ടിച്ചത്. ഒക്ടോബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബയില്‍നിന്നെത്തിയ ആഷിക്കലിയോടൊപ്പം സഹയാത്രികനായി ഇബ്രാഹീം ഉണ്ടായിരുന്നു. ഇബ്രാഹീം ദുബയില്‍ ജയില്‍മോചിതനായി മടങ്ങിയതായിരുന്നു. വിമാനം കരിപ്പൂരില്‍ എത്തിയപ്പോള്‍ എക്‌സ്‌റേ പരിശോധന കഴിഞ്ഞ് കോണ്‍വെയര്‍ ബെല്‍റ്റില്‍നിന്ന് ഇബ്രാഹീം ആഷിക്കലിയുടെ ഒരു ബാഗ് കവര്‍ന്നെടുക്കുകയായിരുന്നു. ആഷിക്കലി ഏറെനേരം ബാഗിനു കാത്തിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് എയര്‍ ഇന്ത്യക്കും എയര്‍പോര്‍ട്ട് അതോറിറ്റിക്കും കരിപ്പൂര്‍ പോലിസിനും പരാതി നല്‍കി വീട്ടിലേക്കു മടങ്ങി.
നഷ്ടപ്പെട്ട ബാഗില്‍ ആഷിക്കലിയുടെ പിതൃസഹോദരന്‍ അബ്ബാസ് ഭാര്യക്ക് കൊടുത്തയച്ച 40 ഒപ്പിട്ട ചെക്കുകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും തുണിത്തരങ്ങളുമായിരുന്നു.
ഇതിനിടെ കഴിഞ്ഞ ഒക്ടോബര്‍ 12ന് കാസര്‍കോട് ഫെഡറല്‍ ബാങ്ക് ശാഖയില്‍നിന്ന് ഇബ്രാഹീമും സുഹൃത്തായ ഹക്കീമും ചേര്‍ന്ന് ബാഗിലെ ചെക്ക് ഉപയോഗിച്ച് 25,000 രൂപ കൈപ്പറ്റിയിരുന്നു. പിന്നീട് 15ാം തിയ്യതി ഉപ്പള ശാഖയില്‍നിന്ന് ഒരുലക്ഷം രൂപയും 17ന് 75,000 രൂപയും കൈപ്പറ്റി. ഇതേസമയം അക്കൗണ്ടില്‍നിന്നു പണം പിന്‍വലിക്കുന്ന വിവരം അബ്ബാസ് മൊബൈലിലൂടെ അറിഞ്ഞിരുന്നു. തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിച്ചു.
എന്നാല്‍, ഇതറിയാതെ ഒക്ടോബര്‍ 22ന് നാലാമത് ചെക്കുമായി പണം തട്ടാന്‍ ഇബ്രാഹീമും ഹക്കീമും ഉപ്പള ബാങ്കിലെത്തി. ഈ അക്കൗണ്ടില്‍ എത്ര പണം ബാലന്‍സുണ്ടെന്ന് ചോദിച്ചതോടെ ബാങ്ക് അധികൃതര്‍ക്കു സംശയമായി. മരവിപ്പിച്ച അക്കൗണ്ടിലെ പണം അന്വേഷിച്ചെത്തിയവരെ കണ്ട് സംശയിച്ച ബാങ്ക് ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേരും കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
ഇതിനിടെ കാറിന്റെ നമ്പര്‍ ബാങ്ക് അധികൃതര്‍ മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് പോലിസിനെ വിവരമറിയിച്ചു. ബന്ധപ്പെട്ട കാര്‍ നമ്പര്‍ പരിശോധിച്ച പോലിസ് ഉടമസ്ഥനെ കണ്ടെത്തി. ഹക്കീമാണ് കാര്‍ എടുത്തതെന്ന് ഉടമസ്ഥന്‍ പോലിസിനെ അറിയിച്ചു. ഇതനുസരിച്ച് ഹക്കീമിനെ പോലിസ് പിടികൂടി. ഇയാളെ ചോദ്യംചെയ്തതില്‍നിന്നാണ് ബാഗ് തട്ടിയെടുത്ത ഇബ്രാഹീമും അറസ്റ്റിലായത്. ഇവര്‍ ഉപയോഗിച്ച കെ.എല്‍. 14 ജെ 6889 കാറും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൈപ്പറ്റിയ പണം കടംവീട്ടാനും മറ്റും വിനിയോഗിച്ചതായും 7,000 രൂപ ഹക്കീമിനു നല്‍കിയതായും ചോദ്യംചെയ്തതില്‍ ഇവര്‍ സമ്മതിച്ചു.
ഇരുവരെയും പിന്നീട് പെരിന്തല്‍മണ്ണ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലിസ് അറിയിച്ചു.കേസിന്റെ തുടരന്വേഷണത്തിനാണ് ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment