Latest News

തീവണ്ടിക്ക് നേരെ കല്ലേറ്; കണ്ണൂരിലെ പത്ത് വയസ്സുകാരന് തലയ്ക്ക് ഗുരുതര പരിക്ക്‌

കൊച്ചി: ഓടിക്കൊണ്ടിരുന്ന തീവണ്ടിക്കു നേരെ ഇടപ്പള്ളിയിലുണ്ടായ കല്ലേറില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ താണ 'സുരാസി'ല്‍ മുസ്തഫ റാസിയുടെ മകന്‍ അദ്‌നാന്‍ റാസി(10)ക്കാണ് പരിക്കേറ്റത്. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടേ കാലോടെയായിരുന്നു സംഭവം.

എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പുറപ്പെട്ട എറണാകുളം-മഡ്ഗാവ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്​പ്രസിനു നേരെയാണ് വടുതലയ്ക്കും ഇടപ്പള്ളിക്കുമിടയില്‍ കല്ലേറുണ്ടായത്. എറണാകുളത്തു നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്നു മുസ്തഫയും കുടുംബവും. ട്രെയിന്‍ വടുതല പിന്നിട്ട് ഏതാനും മിനിട്ടുകള്‍ക്കകമാണ് ഇവര്‍ സഞ്ചരിച്ചിരുന്ന എസ് 3 സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റിനു നേരെ പുറത്തു നിന്ന് ആരോ കല്ലെറിഞ്ഞത്. റെയില്‍പ്പാളത്തില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വലിയ കരിങ്കല്ല് കൊണ്ടായിരുന്നു ഏറ്.

ജനലിനരികെയുള്ള സീറ്റില്‍ ഇരിക്കുകയായിരുന്ന അദ്‌നാന്റെ തലയില്‍ കല്ലുകൊണ്ട് എട്ട് സെന്റിമീറ്ററോളം നീളത്തില്‍, ആഴത്തില്‍ മുറിവേറ്റു. ഉടനെ തന്നെ മുസ്തഫ അപായച്ചങ്ങല വലിച്ചെങ്കിലും ട്രെയിന്‍ നിര്‍ത്താനായില്ല. തുടര്‍ന്ന് ആലുവ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴാണ് കുട്ടിയെ ആസ്​പത്രിയിലെത്തിക്കാനായത്. ആദ്യം ആലുവ താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് ഇടപ്പള്ളി കിംസ് ആസ്​പത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി ഐ.സി.യു.വില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആസ്​പത്രി അധികൃതര്‍ പറഞ്ഞു.

കണ്ണൂര്‍ താണയില്‍ പരസ്യ ഏജന്‍സി നടത്തുന്ന മുസ്തഫ റാസി കേരള അഡ്വര്‍ടൈസിങ് അസോസിയേഷന്റെ (കെ 3 എ) കണ്ണൂര്‍ ജില്ലാ ട്രഷറര്‍ കൂടിയാണ്. ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം നടന്ന അസോസിയേഷന്‍ കുടുംബസംഗമത്തില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു റാസിയും കുടുംബവും. സംഭവത്തെപ്പറ്റി എറണാകുളം റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം നടന്നയുടനെ ആര്‍.പി.എഫ്. നടത്തിയ പരിശോധനയില്‍ കണ്ടെയ്‌നര്‍ ട്രാക്കിനു സമീപത്തുനിന്ന് മദ്യപിച്ചുകൊണ്ടിരുന്ന മൂന്നംഗ സംഘത്തെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, കല്ലേറുമായി ഇവര്‍ക്ക് ബന്ധമില്ലെന്ന് ആര്‍.പി.എഫ്. അധികൃതര്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.