Latest News

ചെന്നിത്തല മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ബുധനാഴ്ച

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മന്ത്രിസഭയിലേയ്ക്ക്. ആഭ്യന്തരമന്ത്രിയായി രമേശ് ചെന്നിത്തല പുതുവര്‍ഷദിനത്തില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് തിരുവനന്തപുരത്തുനിന്നുളള റിപ്പോര്‍ട്ടുകള്‍. ജനുവരി ഒന്നിന് രാവിലെ 11 ന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് വിവരം. മാധ്യമപ്രവര്‍ത്തകരെ കണ്ട റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് രമേശിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ചയുണ്ടാകുമെന്ന് സ്ഥിരീകരിച്ചു.

കേന്ദ്ര പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ എ.കെ ആന്റണി തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. വിവിധ ഘട്ടങ്ങളില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ആന്റണിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളുടെയൊക്കെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞ ധാരണയനുസരിച്ചാണ് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ചെന്നിത്തല മന്ത്രിസഭയില്‍ എത്തുമ്പോള്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അടക്കമുളളവരെയാണ് പരിഗണിക്കുന്നത്. കാര്‍ത്തികേയന്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയാല്‍ പകരം നിലവില്‍ ഡെപ്യൂട്ടി സ്പീക്കറായ എന്‍. ശക്തനെ പരിഗണിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയേണ്ടിവരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടില്ലെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തത്കാലം സ്ഥാനങ്ങളില്‍ നിന്ന് മാറിനില്‍ക്കേണ്ടിവരും.
ഐ ഗ്രൂപ്പില്‍ നിന്നുളള ശക്തമായ എതിര്‍പ്പും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മുഖ്യമന്ത്രി അടക്കമുളള എ ഗ്രൂപ്പുകാരില്‍ നിന്ന് പഴയപോലുളള പിന്തുണ ലഭിക്കാതിരിക്കുന്നതുമാണ് തിരുവഞ്ചൂരിന് തിരിച്ചടിയായത്. ഘടകകക്ഷികളും തിരുവഞ്ചൂരിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്.
അതേസമയം, പുതിയ കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. കാര്‍ത്തികേയനാണ് പ്രഥമ പരിഗണനയിലുളളതെങ്കിലും വി.ടി സതീശന്‍, വി.എം സുധീരന്‍ എന്നിവരെയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അതിനിടെ സുധീരന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിയോജിപ്പ് പ്രകടിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.