Latest News

കാഞ്ഞങ്ങാട്ട് പുതിയ ബാറിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള പ്രമേയം പരാജയപ്പെട്ടു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പുതിയ ബാര്‍ തുടങ്ങാന്‍ നല്കിയ എതിര്‍പ്പില്ലാരേഖ റദ്ദാക്കിയ നഗരകാര്യ വകുപ്പിന്റെ ഉത്തരവ് സ്ഥിരപ്പെടുത്താനായി അവതരിപ്പിച്ച പ്രമേയം പാസായില്ല. ഇതോടെ നഗരസഭാ തീരുമാനം താത്കാലികമായി റദ്ദാക്കിയ നഗരകാര്യ വകുപ്പിന്റെ ഉത്തരവിന് പ്രാബല്യമില്ലാതായി. 

പ്രമേയം പാസാകണമെങ്കില്‍ നഗരസഭയിലെ 43 കൗണ്‍സിലര്‍മാരില്‍ 22 പേരുടെ ഭൂരിപക്ഷം വേണ്ടിയിരുന്നു. 20 പേര്‍ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. സാധാരണ ഗതിയില്‍ ഒരു അജന്‍ഡ പാസാകാന്‍ ആ യോഗത്തിലെത്തിയ അംഗങ്ങളില്‍ നിന്നുള്ള ഭൂരിപക്ഷം മതി.എന്നാല്‍ നഗരസഭ ഒരിക്കലെടുത്ത തീരുമാനം പുനഃപരിശോധിച്ച് മറ്റൊരുതീരുമാനം കൈക്കൊള്ളേണ്ടതുകൊണ്ടാണ് സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം കണക്കാക്കി ഭൂരിപക്ഷം നോക്കിയത്.

43 അംഗങ്ങളാണ് നഗരസഭയിലുള്ളത്. മുസ്ലിം ലീഗിന് 10, കോണ്‍ഗ്രസ്സിന് എട്ട്, സോഷ്യലിസ്റ്റ് ജനത ഒന്ന്, യു.ഡി.എഫ്. അനുകൂല ഐ.എന്‍.എല്‍. രണ്ട്. ഇങ്ങനെയാണ് യു.ഡി.എഫിലെ 21 അംഗ കൗണ്‍സിലര്‍മാരുടെ വേര്‍തിരച്ച കണക്ക്. സി.പി.എമ്മിന് 16 അംഗങ്ങളാണുള്ളത്. ബി.ജെ.പി.ക്ക് അഞ്ചും. ഇടത് അനുകൂല ഐ.എന്‍.എല്ലിന് ഒരു കൗണ്‍സിലറുമുണ്ട്. ബി.ജെ.പി , സി.പി.എം അംഗങ്ങള്‍ യോഗം ബഹിഷ്‌ക്കരിക്കുകയും ഒരു യു.ഡി.എഫ് അനുകൂല ഐ.എന്‍.എല്‍ അംഗം യോഗത്തിന് എത്താതിരിക്കുകയുമാണ് ചെയ്തത്. ഇതോടെ പ്രമേയത്തെ അനുകൂലിക്കുന്നവരുടെ എണ്ണം 20 മാത്രമായി.

ഏപ്രില്‍ 28ന് നടന്ന കൗണ്‍സില്‍ യോഗമാണ് കാഞ്ഞങ്ങാട്ടെ ചതുര്‍നക്ഷത്ര ഹോട്ടലില്‍ ബാര്‍ തുടങ്ങാന്‍ എതിര്‍പ്പില്ലാരേഖ നല്കിയത്. ഏകകണ്ഠമായിരുന്നു തീരുമാനം.

കെ.പി.സി.സി.യുടെ തീരുമാനത്തിന് വിരുദ്ധമായി യു.ഡി.എഫ്. ഭരിക്കുന്ന നഗരസഭ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് വിവാദമാകുകയാണുണ്ടായത്. മൂസ്ലിം ലീഗിലെ എം.പി.ഹസീനാ താജുദ്ദീന്‍ അധ്യക്ഷയായ കൗണ്‍സിലിനെതിരെ ആദ്യം പ്രതിക്ഷേധവുമായെത്തിയത് യൂത്ത് ലീഗാണ്. പിന്നാലെ യൂത്ത് കോണ്‍ഗ്രസ്സും വിവിധ സംഘടനകളും പ്രതിക്ഷേധവുമായെത്തി.

കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയോടും മൂസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ.മജീദ് ജില്ലാ ലീഗ് നേതൃത്വത്തോടും വിശദീകരണം ചോദിച്ചു. പ്രാഥമിക അന്വേഷണത്തില്‍ തെറ്റുകാരെന്ന് കണ്ടെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനും നഗരസഭാ വൈസ് ചെയര്‍മാനുമായ പ്രഭാകരന്‍ വാഴുന്നോറടിക്കും കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനില്‍ വാഴുന്നോറടിക്കും കാരണംകാണിക്കല്‍ നോട്ടീസും കെ.പി.സി.സി. പ്രസിഡന്റ് കൈമാറി. കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതൃത്വത്തിന്റെകൂടി പങ്ക് എടുത്തുപറഞ്ഞ് ഡി.സി.സി. പ്രസിഡന്റ് കെ.പി.സി.സി.ക്ക് അന്വേഷണറിപ്പോര്‍ട്ട് നല്കി.

മുസ്ലിം ലീഗ്, ബി.ജെ.പി. കൗണ്‍സിലര്‍മാരോട് അതത് പാര്‍ട്ടി നേതൃത്വവും വിശദീകരണം ചോദിച്ചു. അതിനിടെ അന്നത്തെ യോഗത്തില്‍ പങ്കെടുത്ത യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ എതിര്‍പ്പില്ലാരേഖയ്ക്ക് വിയോജനക്കുറിപ്പ് എഴുതി സെക്രട്ടറിക്ക് നല്കി. ഈ വിയോജനക്കുറിപ്പും ഒപ്പം മറ്റ് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ എതിര്‍പ്പില്ലാരേഖ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ കത്തും പരിഗണിച്ചാണ് നഗരകാര്യ വകുപ്പ് നഗരസഭാ തീരുമാനം താത്കാലികമായി റദ്ദാക്കിയത്.നഗരകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറിക്ക് അയച്ചുകൊടുത്ത ഈ ഉത്തരവില്‍ രണ്ടാഴ്ചയ്ക്കകം യോഗം ചേര്‍ന്ന് തീരുമാനമെടുക്കണമെന്ന് നിര്‍ദേശവും നല്കിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.