Latest News

പുതുമകളുടെ തേരില്‍ ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ രണ്ടു മുതല്‍

ദുബൈ: ജനുവരി രണ്ടിന് ആരംഭിക്കുന്ന 19ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലി(ഡി.എസ്.എഫ്)ന്‍െറ കലണ്ടര്‍ സംഘാടരായ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ളിഷ്മെന്‍റ് പുറത്തിറക്കി. 

അനുപമമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന അന്താരാഷ്ട്ര കുടുംബ ടൂറിസം കേന്ദ്രമായി ദുബൈയെ ഉയര്‍ത്തിക്കിട്ടുന്ന 32 ദിവസത്തെ ഡി.എസ്.എഫ് 2014ല്‍ 150 ലേറെ കലാ-സംസ്കാരിക-സംഗീത വിനോദപരിപാടികളും വിരുന്നുകളും ഷോകളുമാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് ദിര്‍ഹത്തിന്‍െറ സമ്മാനങ്ങള്‍ നല്‍കുന്ന മെഗാ റാഫിളുകളുമുണ്ടാകും.
ദുബൈ മുഴുവനായി ഉത്സവാന്തരീക്ഷം ഉണ്ടാക്കുന്നതിനായി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഡി.എസ്.എഫിന്‍െറ ഭാഗമായുള്ള പരിപാടികള്‍ നടക്കും. ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ബുലെവാര്‍ഡ്, അല്‍ സീഫ് സ്ട്രീറ്റ്, അല്‍ റിഗ്ഗ സ്ട്രീറ്റ്, ജുമൈറ ബീച്ച്, ഗ്ളോബല്‍ വില്ലേജ് തുടങ്ങിയവടങ്ങളിലെല്ലാം ആഘോഷ പരിപാടികളുടെ പെരുമ്പറയുയരും.
ഫെബ്രുവരി രണ്ടുവരെ ഒരുമാസം നീളുന്ന പരിപാടിയില്‍ വൈവിധ്യമാര്‍ന്ന വിനോദ പരിപാടികള്‍ക്കുപുറമെ അന്താരാഷ്ട്ര ഷോകളും കച്ചേരികളും ഷോപ്പിങ് പ്രമോഷനുകളുമുണ്ടാകും.
എക്സ്പോ 2020 ദുബൈക്ക് പ്രഖ്യാപിച്ചശേഷമുള്ള ആദ്യ ഡി.എസ്.എഫ് ലോകമാകെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും അതിനാല്‍ തന്നെ പ്രതീക്ഷക്കൊത്തുയരാനാവശ്യമായ പ്രത്യേക തയാറെടുപ്പുകള്‍ നടത്തിയതായും പരിപാടികളുടെ പട്ടിക പുറത്തിറക്കിക്കൊണ്ട് ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ളിഷ്മെന്‍റ് സി.ഇ.ഒ ലൈല മുഹമ്മദ് സുഹൈല്‍ പറഞ്ഞു.

 യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ നേതൃത്വത്തിന്‍ കീഴില്‍ പൊതു-സ്വകാര്യ മേഖലകളുടെ മികച്ച സഹകരണത്തില്‍ 1996 മുതല്‍ നടത്തുന്ന ഡി.എസ്.എഫ് ദുബൈയുടെ സമ്പദ്ഘടനക്ക് വര്‍ഷംതോറും കരുത്തുപകരുന്നതായി അവര്‍ പറഞ്ഞു. ദുബൈ എമിറേറ്റിലെ ആകെ റീട്ടെയില്‍ വില്‍പ്പനയുടെ 30 ശതമാനം ഡി.എസ്.എഫിലാണ് നടക്കുന്നത്. ആഗോള ടൂറിസം ഭൂപടത്തില്‍ ദുബൈയുടെ സ്ഥാനം അരക്കിട്ടുറപ്പിക്കാനും ഡി.എസ്.എഫിലൂടെ സാധിച്ചു. ടൂറിസവും റീട്ടെയില്‍ മേഖലയും ഒരു പ്ളാറ്റ്ഫോമില്‍ ഒരുമിച്ച് സന്ദര്‍ശകര്‍ക്ക് അവിസ്മരണീയ അനുഭൂതിയും അനുഭവവുമാണ് സമ്മാനിക്കുന്നത്.
2020 ഓടെ വര്‍ഷം തോറും രണ്ടുകോടി വിനോദ സഞ്ചാരികളെയും 30,000 കോടി ദിര്‍ഹം വരുമാനവുമെന്ന ലക്ഷ്യം നേടാന്‍ ദുബൈ പ്രാപ്തി നേടിയതായാണ് പഠനങ്ങള്‍ പറയുന്നത്. ഈ വരുമാനത്തില്‍ ഏറിയപങ്കും റീട്ടെയില്‍ മേഖലയില്‍ നിന്നായിരിക്കും. 2017 ഓടെ സന്ദര്‍ശകരുടെ റീട്ടെയില്‍ വാങ്ങല്‍ 3300 കോടി ദിര്‍ഹമാകും. ആകെ വില്‍പ്പനയുടെ നാലിലൊന്നിലും കൂടുതലായിരിക്കുമിത്.

ദുബൈയിലെ പ്രധാന നിരത്തുകളിലേല്ലാം വൈദ്യുത ദീപാലങ്കാരങ്ങള്‍ കെട്ടുന്ന ജോലികള്‍ പൂര്‍ണമായിട്ടുണ്ട്. അല്‍ സീഫില്‍ ഇതിനകം ചില കച്ചവടങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇത്തവണത്തെ തെരുവ് അലങ്കാരങ്ങളില്‍ എക്സ്പോ 2020 പ്രധാന ആകര്‍ഷകമാകും. കരിമരുന്ന് പൊട്ടിക്കാനുള്ള മുന്നൊരുക്കങ്ങള്‍ ദുബൈ ക്രീക്കില്‍ തുടങ്ങിയിട്ടുണ്ട്.
ദുബൈ കച്ചവട മാമാങ്കത്തിന്‍െറ പ്രധാന വേദിയായ അല്‍ സീഫിലും റിഖയിലും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള വിവിധ റൈഡുകളും കാഴ്ച്ചകളും ഒരുങ്ങിയിട്ടുണ്ട്.
മുന്നൊരുക്കങ്ങള്‍ കാണാനും അവ കാമറയില്‍ പകര്‍ത്താനും ഇപ്പോള്‍ തന്നെ ആളുകള്‍ എത്തുന്നുണ്ട്. 

ദുബൈയിലെ പരമ്പരാഗത ഗ്രാമത്തില്‍ അലങ്കാര ചമയങ്ങള്‍ ഒരുക്കുന്ന തിരക്കാണ്. അബറയിലെ ഉല്ലാസ നൗകകള്‍ അണിഞ്ഞൊരുങ്ങുകയാണ്. അല്‍ ഗുബൈബ മുതല്‍ കറാമ വരെയുള്ള ഭാഗങ്ങളില്‍ ദീപാലങ്കാരങ്ങള്‍ കൊണ്ട് തോരണം കെട്ടുന്ന ജോലിയിലാണ് തൊഴിലാളികള്‍. ഈ ഭാഗത്താണ് ഡി.എസ്.എഫ് ഘോഷയാത്ര നടക്കുക. ശൈഖ് സായിദ് റോഡിന്‍െറ ഇരുവശവും അതി മനോഹരമായ അലങ്കാരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മീന റോഡിലെ അലങ്കാരവും പുതുമയുള്ളതാണ്. ഡിസംബര്‍ സെക്കന്‍റ് സ്ട്രിറ്റിലെ സത്വ റൗണ്ടെബൗട്ടില്‍ അലങ്കാരങ്ങള്‍ ഒരുക്കാന്‍ തുടങ്ങിയിട്ടുണ്ട്. പരമ്പരാഗത ഭക്ഷണം ഒരുക്കാനുള്ള കൂടാരങ്ങളും അല്‍ സീഫിലും റിഖയിലും തയ്യാര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.