Latest News

തിരുവഞ്ചൂരിനെതിരേ രൂക്ഷവിമര്‍ശനവുമായി കെ. സുധാകരന്‍

കണ്ണൂര്‍: തിരുവഞ്ചൂരിനെതിരെ കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിന്റെ പടയൊരുക്കം. ജനങ്ങളുടെ വികാരം മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാജിവെക്കണമെന്ന് ഐ ഗ്രൂപ്പിന്റെ പ്രബലനും കണ്ണൂര്‍ എം.പിയുമായ കെ.സുധാകരന്‍ ആവശ്യപ്പെട്ടു. തിരുവഞ്ചൂരിന്റെ മുഖം വികൃതമാണ്. കണ്ണാടി തകര്‍ക്കാതെ മുഖം മിനുക്കണം. അല്ലാത്ത പക്ഷം ആഭ്യന്തര മന്ത്രിയെ മാറ്റുന്ന കാര്യം മുഖ്യമന്ത്രിയും പാര്‍ട്ടി ആലോചിക്കണം. സി.പി.എമ്മിനെ സഹായിക്കാനാണോ ആഭ്യന്തര വകുപ്പെന്നും അദ്ദേഹം ചോദിച്ചു.

ആഭ്യന്തര മന്ത്രിക്ക് സ്വന്തം അജണ്ട നടപ്പാക്കാനാകില്ലെന്ന് സുധാകരന്‍ പറഞ്ഞു. മന്ത്രിമാരുടെ അജണ്ട പാര്‍ട്ടിയുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും അജണ്ടയാവണം. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഭ്യന്തരമന്ത്രി പാര്‍ട്ടിയുടെ വികാരം മനസ്സിലാക്കുന്നില്ല. അല്‍പന് അര്‍ഥം കിട്ടിയാല്‍ അര്‍ധരാത്രി കുടപിടിക്കും എന്നൊരു ചൊല്ലുണ്ട്. ആ നിലയിലേക്ക് തിരുവഞ്ചൂര്‍ തരംതാഴരുത്. പാര്‍ട്ടി സ്വന്തമല്ലെന്ന് തോന്നാത്ത മന്ത്രിക്ക് നിലനില്‍പില്ല. മന്ത്രിസ്ഥാനം കിട്ടുന്നത് കുടുംബപാരമ്പര്യം കൊണ്ടല്ലെന്നും സുധാകരന്‍ പറഞ്ഞു. തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പരിഹാസത്തിന്റെ ഭാഷയിലാണ് തിരുവഞ്ചൂര്‍ പ്രതികരിക്കുന്നത്. ഇത്തരം നിലവാരമില്ലാത്ത പ്രതികരണങ്ങളല്ല മന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

തിരുവഞ്ചൂരിന് മുമ്പ് മന്ത്രിയായ വ്യക്തിയാണ് താന്‍. വീഴ്ചകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ മോഹഭംഗമാണെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. എനിക്കേതായാലും മോഹഭംഗമില്ലെന്നും സുധാകരന്‍ പറഞ്ഞു. ടി.പി കേസില്‍ മോഹനന്‍ മാസ്റ്റര്‍ക്ക് അപ്പുറത്തേക്ക് അന്വേഷണം പോയില്ല. സി.പി.എമ്മുമായി രഹസ്യധാരണ വ്യക്തമാണ്. എന്തുകൊണ്ടാണ് ടി.പി കേസില്‍ സി.ബി.ഐ അന്വേഷണം നടത്താത്തത്. ഉന്നത നേതൃത്വത്തിലേക്ക് അന്വേഷണം പോകാതിരിക്കാന്‍ പോലീസ് ചട്ടം വരെ മാറ്റി. അന്വേഷണം അട്ടിമറിച്ചത് ഗൂഡാലോചനയിലേക്ക് അന്വേഷണം തിരിയാതിരിക്കാനാണ്.

ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് 10 എം.എല്‍.എമാര്‍ ടി.പി കേസ് പ്രതികളെ കണ്ടു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കേസ് അട്ടിമറിയില്‍ പങ്കില്ല. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് സി.ബി.ഐക്ക് വിടാത്തത് ആരെ സഹായിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. ഷുക്കൂര്‍ വധക്കേസ് അട്ടിമറിച്ചു. ഷുക്കൂര്‍ വധക്കേസ് സി.ബി.ഐക്ക് വിടാത്തത് കോണ്‍ഗ്രസിനെ സഹായിക്കാനാണോ. ആഭ്യന്തരവകുപ്പ് സ്വീകരിച്ചത് സി.പി.എമ്മിനെ സഹായിക്കുന്ന നടപടികളാണ്. പിണറായി വിജയന് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് സഹായം കിട്ടിയെന്ന വിമര്‍ശനവും സുധാകരന്‍ ഉന്നയിച്ചു.

സുധാകരന്റെ വിശ്വസ്തനും കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റുമായ കെ സുരേന്ദ്രന്‍ തിരുവഞ്ചൂരിന്റെ രാജി ആവശ്യവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് സുധാകരന്‍ വെടിപൊട്ടിച്ചത്. തിരുവഞ്ചൂരിനെതിരെ ഐ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനും പരാതി നല്‍കിയ സാഹചര്യത്തില്‍ വിഷയം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്കിന് പുതിയ ആയുധമാകുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, K.Sdudhakaran, Thiruvanjoor, T.P.Case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.