Latest News

സ്ത്രീ ശാക്തീകരണത്തിലൂടെ സാമൂഹിക മാറ്റത്തിന് എസ് വൈ എസ് നേതൃത്വം നല്‍കും - പേരോട്


ചട്ടഞ്ചാല്‍: വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും കുടുംബ കലഹങ്ങളും അവസാനിപ്പിക്കാന്‍ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സുന്നി യുവജന സംഘം മുന്നിട്ടിറങ്ങുമെന്ന് സമസ്ത കേരള സുന്നീ യുവജന സംഘം ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അഭിപ്രായപ്പെട്ടു.
ചട്ടഞ്ചാലില്‍ ആയിരങ്ങള്‍ സംഗമിച്ച ജില്ലാ എസ് വൈ എസ് മിഷന്‍ 2014 ന്റെ പ്രഖ്യാപന സമ്മേളനത്തില്‍ നയപ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.

ആധുനിക വിദ്യാഭ്യാസത്തോടൊപ്പം ധാര്‍മ്മിക വിദ്യാഭ്യാസത്തിനും പ്രാമുഖ്യം സാമൂഹിക മാറ്റത്തിന് സ്ത്രീകളെ സജ്ജമാക്കും. സംസ്ഥാനത്തെ മുഴുവന്‍ മഹല്ലുകളിലും തുടക്കം കുറിക്കുന്ന ഫാമിലി സ്‌കൂളുകളിലൂടെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് നല്‍കി ആരോഗ്യകരമായ വൈവാഹിക ജീവിതത്തെക്കുറിച്ച് അവബോധം നല്‍കും. വിവാഹിതര്‍ക്കും കുടുംബിനികള്‍ക്കും കുടുംബാരോഗ്യ സംബന്ധമായി വിവിധ ക്ലാസുകള്‍ സംഘടിപ്പിക്കും. ആത്മഹത്യകളും കുടുംബ കലഹങ്ങളും ഒഴിവാക്കുന്നതിന് മാതൃസംഗമങ്ങള്‍ സംഘടിപ്പിക്കും.
സ്ത്രീധനം, ധൂര്‍ത്ത്, മറ്റു സാമൂഹിക തിന്മകള്‍ തുടങ്ങിയവക്കെതിരെ യുവാക്കള്‍ക്കിടയില്‍ ബോധവത്കരണം ശക്തമാക്കാനും എസ് വൈ എസ് മുന്നിട്ടിറങ്ങുമെന്ന് പോരോട് വ്യക്തമാക്കി.
യൗവ്വനം നാടിനെ നിര്‍മിക്കുന്നു എന്ന ക്യാമ്പയിന്‍ സന്ദേശം അഞ്ചുമാസം കൊണ്ട് സംസ്ഥാനത്തെ 15 ലക്ഷം യുവതി-യുവാക്കള്‍ക്കിടയില്‍ എത്തിക്കാനാണ് എസ് വൈ എസ് ലക്ഷ്യമിടുന്നത്.
ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പ്രഖ്യാപനം നടത്തി. സമസ്ത വൈസ് പ്രസിഡന്റ് എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ മിഷന്‍ -2014 ജില്ലാതല പ്രഖ്യാപനം നിര്‍വഹിച്ചു. എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, സയ്യിദ് കെ പി എസ് ജമലുല്ലൈലി, സയ്യിദ് അശ്‌റഫ് സഖാഫ്, സയ്യിദ് സൈതലവി തങ്ങള്‍ ചെട്ടുംകുഴി, സുലൈമാന്‍ കരിവെള്ളൂര്‍, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മജീദ് അരിയല്ലൂര്‍, എ ബി മൊയ്തു സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കാട്ടിപ്പാറ അബ്ദുല്‍ഖാദിര്‍ സഖാഫി, എ ബി അബ്ദുല്ല മാസ്റ്റര്‍, ടി സി മുഹമ്മദ്കുഞ്ഞി ഹാജി, പി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, എം പി അബ്ദുല്ല ഫൈസി, ഹസ്ബുല്ലാഹ് തളങ്കര, തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.