Latest News

മോഡി ആഹ്വാനം ചെയ്ത കൂട്ടയോട്ടം കോട്ടയത്ത് ഉദ്ഘാടനം ചെയ്തത് പി.സി ജോര്‍ജ്

കോട്ടയം: കോട്ടയത്ത് ബിജെപിയുടെ വേദിയില്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് എത്തി. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി ആഹ്വാനം ചെയ്ത രാജ്യവ്യാപകമായ കൂട്ടയോട്ടം കോട്ടയത്ത് ഉദ്ഘാടനം ചെയ്തത് കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ കൂടിയായ പി.സി. ജോര്‍ജായിരുന്നു.

ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമനിര്‍മാണത്തിനാണ് രാജ്യമെങ്ങും റണ്‍ ഫോര്‍ യൂണിറ്റി നടത്തുന്നത്. രാവിലെ കളക്ടറേറ്റ് പടിക്കല്‍ ആരംഭിച്ച കൂട്ടയോട്ടം തിരുനക്കരയിലെ ഗാന്ധിപ്രതിമയ്ക്കു സമീപം അവസാനിച്ചു. ബിജെപി നേതാക്കളുടെ ഷാള്‍ അണിഞ്ഞാണ് പി.സി ജോര്‍ജ് വേദിയിലെത്തിയത്. തുടര്‍ന്ന് അദ്ദേഹം നരേന്ദ്രമോഡിയുടെ ചിത്രമുള്ള ടീഷര്‍ട്ട് ഉയര്‍ത്തിക്കാട്ടി.

അതേസമയം, ബിജെപിയുടെ ചടങ്ങിലല്ല പങ്കെടുത്തതെന്നാണ് പി.സി. ജോര്‍ജ് മാധ്യമങ്ങളോടു പ്രതികരിച്ചത്. താന്‍ ഏറെ ആദരിച്ചിരുന്ന സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ നിര്‍മിക്കാനായി നടന്ന കൂട്ടയോട്ടമാണിത്. സര്‍ദാര്‍ പട്ടേലിന്റെ പരിപാടി ആര് സംഘടിപ്പിച്ചാലും താന്‍ പങ്കെടുക്കും. ഗുജറാത്ത് സര്‍ക്കാരാണ് അത് നടത്തുന്നത്. ജസ്റ്റിസ് കെടി തോമസിന് സംഘാടകനായ കമ്മിറ്റിയാണ് കേരളത്തില്‍ കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. ഇത് രാഷ്രീയമായി കണക്കാക്കാനാകില്ല. ഇതില്‍ മോഡിരാഷ്ട്രീയമുണ്ടെന്ന ചിന്തയേ വന്നില്ല. നല്ല ഉദ്ദേശ്യത്തോടെയാണ് പങ്കെടുത്തത്. മോഡിയുടെ ടീഷര്‍ട്ട് ഉയര്‍ത്തിക്കാട്ടിയെന്നത് പച്ചക്കള്ളമാണ്. ടീഷര്‍ട്ടിന്റെ ആദ്യവില്പന ഉദ്ഘാടനം ചെയ്യുക മാത്രമാണ് ചെയ്തത്. ആ ടീഷര്‍ട്ട് കൊണ്ടുവന്ന പത്തുവയസുകാരിക്ക് അതില്‍ ഒപ്പിട്ടുനല്കുകയാണ് ചെയ്തത്. മോഡിയുടെ ചിത്രമുണ്ടെന്നു കരുതി ഷര്‍ട്ട് വലിച്ചെറിയാനാകുമോ. ചടങ്ങില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ആരും തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.സി ജോര്‍ജിന്റെ ഈ നടപടിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കന്മാര്‍ ആരുംതന്നെ പരസ്യപ്രതികരണം നടത്തിയിട്ടില്ല. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണിയുടെ ശ്രദ്ധയില്‍പെടുത്തിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ പ്രതികരിക്കാനാകൂ എന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.