Latest News

മദ്യലഹരിയില്‍ ആനയെ തളയ്ക്കാന്‍ പാപ്പാന്‍ മറന്നു; ക്ഷേത്രനടയില്‍ കൊമ്പന്റെ വമ്പ്

ശാസ്താംകോട്ട: ശാസ്താംകോട്ട ധര്‍മ്മ ശാസ്താക്ഷേത്രത്തിലെ ആനയെ തളയ്ക്കാന്‍ മറന്ന് പാപ്പാന്‍ മദ്യലഹരിയില്‍ വീട്ടില്‍ പോയി. ചങ്ങലക്കെട്ടഴിഞ്ഞ കൊമ്പന്‍ ക്ഷേത്രത്തിന്റെ തെക്കേ ഗേറ്റ് തകര്‍ത്ത് തെക്കേ നടയില്‍ ഒരു രാത്രി മുഴുവന്‍ നിലയുറപ്പിച്ചു. പുലര്‍ച്ചെ പുറത്തിറങ്ങാന്‍ തുടങ്ങവേ ക്ഷേത്രത്തിലെത്തിയവര്‍ ഓലയും മറ്റും എറിഞ്ഞുകൊടുത്ത് കൊമ്പനെ ശാന്തനാക്കി ക്ഷേത്രത്തിനുള്ളില്‍ത്തന്നെ നിര്‍ത്തി.

ശാസ്താംകോട്ട ധര്‍മ്മശാസ്താക്ഷേത്രത്തില്‍ വിദേശ മലയാളി വേങ്ങയിലെ അജിത് കുമാര്‍ ബി.പിള്ള നടയ്ക്കിരുത്തിയ നീലകണ്ഠന്‍ എന്ന ആനയാണ് ശനിയാഴ്ച രാത്രിമുതല്‍ ഞായറാഴ്ച രാവിലെവരെ ക്ഷേത്രത്തിനുള്ളില്‍ ഒരു നിയന്ത്രണവുമില്ലാതെ നിന്നത്. മദ്യലഹരിയില്‍ ആനയെ തളയ്ക്കാന്‍ പാപ്പാന്‍ മറന്നുപോകുകയായിരുന്നു. ശാസ്താംകോട്ടയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ മുതുകുളത്താണ് ഇയാളുടെ വീട് . പാപ്പാന്‍ മടങ്ങിക്കഴിഞ്ഞ് ക്ഷേത്രവും അടച്ചുകഴിഞ്ഞാണ് ആന ക്ഷേത്രത്തിന്റെ തെക്കേമതില്‍ ക്കെട്ടിന് പുറത്തുനിന്ന് ഇറങ്ങി കല്‍പ്പടവുകള്‍ വഴി ഗേറ്റ് തകര്‍ത്ത് ക്ഷേത്രത്തിനുള്ളില്‍ എത്തിയത്. 

ആനയുടെ ഇടത്തെ കാല്‍ നീരുവന്ന് വീര്‍ത്ത് രോഗാതുരമാണ്.കാലില്‍ ചങ്ങലയുണ്ടായിരുന്നെങ്കിലും അത് ബന്ധിച്ചിരുന്നില്ല. ആന വെള്ളം കൂടിക്കാനായി തൊട്ടടുത്തുള്ള പൈപ്പില്‍ പിടിമുറുക്കിയതിന്റെ സൂചനയുണ്ട്. അവിടെ കിടന്ന ഹോസ് ചവിട്ടി നശിപ്പിക്കുകയും ചെയ്തു. ഇതിനടുത്തുതന്നെ ഒരു റബ്ബര്‍ കുട്ടയും കിടന്നിരുന്നു. ഈ റബ്ബര്‍ കുട്ട രാത്രി മുഴുവന്‍ അങ്ങോട്ടുമിങ്ങോട്ടം ആന തട്ടിയിട്ടതിന്റെ ലക്ഷണമുണ്ട്.

പുലര്‍ച്ചെ നാലുമണിയോടെ ക്ഷേത്രത്തില്‍ അന്നദാന കാര്യങ്ങള്‍ സജ്ജമാക്കാനായി എത്തിയവരാണ് പുറത്തു നില്‍ക്കുന്ന ആനയെ കണ്ടത്. ഇവര്‍ സംഭവം ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്‍റ് എം.വി.അരവിന്ദാക്ഷന്‍ നായരെയും മറ്റും അറിയിക്കുകയും നാലുമണിക്കുതന്നെ എവിടുന്നൊക്കെയോ ഓലയും മറ്റും കൊണ്ടുവന്ന് എറിഞ്ഞു കൊടുക്കുകയും ചെയ്തു. ഉപദേശക സമിതി പ്രസിഡന്‍റ് അടക്കമുള്ളവര്‍ ക്ഷേത്രത്തിലെത്തുകയും പാപ്പാന്റെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. 

ആന അഴിഞ്ഞുനില്‍ക്കുന്ന വിവരം അസിസ്റ്റന്‍റ് കമ്മീഷണര്‍ അടക്കമുള്ള ദേവസ്വം ഉദ്യോഗസ്ഥരെയും അറിയിച്ചു. ക്ഷേത്രത്തില്‍ പുലര്‍ച്ചെ തൊഴാന്‍ എത്തിയവരെയെല്ലാം തെക്കേ നടയില്‍ കടക്കുന്നത് വിലക്കുകയും ചെയ്തു. രാവിലെ 8 മണിയോടെ പാപ്പാന്‍ എത്തി ആനയെ തളച്ചു. ഇതിന് ശേഷമാണ് കരക്കാരും നാട്ടുകാരുമെല്ലാം പിരിഞ്ഞുപോയത്. എന്നാല്‍ പാപ്പാനെതിരെ നാട്ടുകാര്‍ കടുത്ത പ്രതിഷേധമുയര്‍ത്തുകയും ചെയ്തു.

ഇത് നാലാം തവണയാണ് ഇങ്ങനെ ആനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടാകുന്നത്. കഴിഞ്ഞ മാസം ആനയ്ക്ക് മൂന്ന് ദിവസം ഭക്ഷണവും വെള്ളവും കൊടുക്കാതെ പാപ്പാന്‍ മുങ്ങിയിരുന്നു. ഇയാള്‍ നിരന്തരം മദ്യപിച്ച് ആനയെ തല്ലുന്നതും ചങ്ങലയില്ലാതെ പുറത്ത് കൊണ്ടുപോകുന്നതുമെല്ലാം പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇയാള്‍ക്കെതിരെ ഇതു സംബന്ധിച്ച് കേസും നിലവിലുണ്ട്. ക്ഷേത്ര ഉപദേശ സമിതി ഇയാള്‍ക്കെതിരെ ഇതുവരെ 16 പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഒരു നടപടിയും ബോര്‍ഡ് കൈക്കൊണ്ടിട്ടില്ല. ചില ദേവസ്വം ഉദ്യോഗസ്ഥര്‍ ഇയാളെ സംരക്ഷിക്കുന്നതുകൊണ്ടാണ് നടപടി വരാത്തതെന്ന ആക്ഷേപവും ശക്തമാണ്. പാപ്പാനെതിരെ നടപടിയെടുത്തില്ലെങ്കില്‍ സമരമാര്‍ഗ്ഗങ്ങള്‍തന്നെ ആലോചിക്കുകയാണ് ക്ഷേത്ര ഉപദേശകസമിതിയും ഭക്തജനങ്ങളും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Elephant, Temple, Shasthamkotta

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.