Latest News

വിവാഹ പരസ്യനമ്പരുകളില്‍ വിളിച്ച് സ്ത്രീകളുടെ സ്വര്‍ണാഭരണം കവര്‍ന്നയാള്‍ പിടിയില്‍

കൊല്ലം: പത്രങ്ങളിലെ വൈവാഹിക പരസ്യങ്ങളിലെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് സ്ത്രീകളുമായി സൗഹൃദമുണ്ടാക്കി വിളിച്ചുവരുത്തി കവര്‍ച്ച നടത്തിയയാളെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം വൈക്കം കുലശേഖരമംഗലം ടോള്‍ ജങ്ഷനില്‍ കുറ്റിക്കാട്ട് വീട്ടില്‍ അനൂപി(28)നെയാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്‌കുമാര്‍ ബഹ്‌റയുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം വില്ലിങ്ടണ്‍ ഐലന്‍ഡില്‍നിന്ന് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ചകളില്‍ പ്രമുഖ ദിനപ്പത്രങ്ങളിലെ വൈവാഹികപംക്തിയിലും മറ്റും കാണുന്ന ഫോണ്‍ നമ്പരുകളില്‍ വിളിച്ച് സൗഹൃദം ഉണ്ടാക്കിയശേഷമായിരുന്നു കവര്‍ച്ച. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളിലുള്ള സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങളും പണവും അപഹരിച്ചെടുക്കുകയായിരുന്നു ഇയാള്‍. കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ ബി.കൃഷ്ണകുമാര്‍, ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷെറീഫ്, കൊല്ലം ഈസ്റ്റ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാര്‍, ഗ്രേഡ് എസ്.ഐ. പ്രകാശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോസ്​പ്രകാശ്, പ്രസന്നന്‍, അനന്‍ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരിലാല്‍, സജിത്, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് അനൂപിനെ പിടികൂടിയത്.

ഈ മാസം 13ന് കൊല്ലം ജില്ലാ ആസ്​പത്രി പരിസരത്തുവച്ച് പരവൂര്‍ സ്വദേശിനി പ്രഭ എന്ന സ്ത്രീയുടെ മൂന്ന് പവന്‍ സ്വര്‍ണമാലയും മൊബൈല്‍ ഫോണും 5,000 രൂപയും അനൂപ് കവര്‍ന്നിരുന്നു. യുവതി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലാകമാനം ഇത്തരത്തില്‍ കവര്‍ച്ച നടത്തിവന്നിരുന്ന പ്രതി വലയിലായത്. നവംബര്‍ 2ന് ജില്ലാ ആസ്​പത്രിക്ക് പുറകിലുള്ള റോഡില്‍വച്ച് തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി അംബികയുടെ രണ്ട് പവന്‍ മാലയും ബാഗും ഇക്കഴിഞ്ഞ ആഗസ്തില്‍ എറണാകുളം ജനറല്‍ ആസ്​പത്രിവളപ്പില്‍വച്ച് കാക്കനാട് സ്വദേശിനി ഉഷയുടെ രണ്ട് പവന്‍ മാല, 18,000 രൂപ, മൊബൈല്‍ ഫോണ്‍, കഴിഞ്ഞ ജൂലായില്‍ എറണാകുളം ലിസി ആസ്​പത്രിയില്‍വച്ച് പാലക്കാട് മണ്ണാര്‍കാട് സ്വദേശിനി ജയയുടെ നാല് പവന്‍ വരുന്ന മാല, ഒക്ടോബറില്‍ മെഡിക്കല്‍ ട്രസ്റ്റില്‍വച്ച് കോതമംഗലം സ്വദേശിനി സീമയുടെ മാല, കഴിഞ്ഞ നവംബറില്‍ കണ്ണൂര്‍ ചരിയാരത്ത് മാലിനിയുടെ മാല, കമ്മല്‍ എന്നിവ കവര്‍ന്നതായി പ്രതി പോലീസിനോട് സമ്മതിച്ചു. കൂടാതെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ക്രൈം കേസുകളിലും പ്രതിയാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള വിവധ ജില്ലകളിലായി ഇരുപത്തഞ്ചിലധികം കവര്‍ച്ച നടത്തിയതായി പ്രതി പോലീസിനോട് സമ്മതിച്ചു.

കവര്‍ച്ചവഴി ലഭിക്കുന്ന പണം ആര്‍ഭാടജീവിതത്തിനാണ് ഉപയോഗിക്കുന്നത്. വളരെ വാചാലനായി സംസാരിച്ച് സ്ത്രീകളെ സൗഹൃദത്തിലാക്കി കബളിപ്പിക്കുകയാണ് പതിവ്. കവര്‍ന്ന ആഭരണങ്ങള്‍ അധികവും എറണാകുളത്തെ സ്വര്‍ണവ്യാപാരികള്‍ക്കാണ് വിറ്റിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.