Latest News

മീരാ ജാസ്മിന്റെ വിവാഹം ഫിബ്രുവരി 12 ന്‌

കൊച്ചി: സിനിമാതാരം മീരാജാസ്മിന്‍ വിവാഹിതയാകുന്നു. ദുബായിയില്‍ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ സോഫ്ട്‌വെയര്‍ എന്‍ജിനീയറായ അനില്‍ ജോണ്‍ ടൈറ്റസാണ് വരന്‍. ഫിബ്രവരി 12ന് തിരുവനന്തപുരം പാളയം എല്‍.എം.എസ് പള്ളിയിലാണ് വിവാഹം.

കുറച്ചുനാളായി മീരയ്ക്കുവേണ്ടി വിവാഹാലോചനകളുടെ തിരക്കിലായിരുന്നു വീട്ടുകാര്‍. ഇന്‍റര്‍നെറ്റിലെ മാട്രിമോണി സൈറ്റിലൂടെയാണ് അനിലിന്റെ ആലോചനയെത്തിയത്. തുടര്‍ന്ന് അനിലും വീട്ടുകാരും കൊച്ചിയിലെ ഫ്ലാറ്റിലെത്തി മീരയെ കണ്ടു. കഴിഞ്ഞ ദിവസം മീരയുടെ ബന്ധുക്കള്‍ വരന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി വിവാഹം ഉറപ്പിച്ചു.

സി.എസ്.ഐ. വിഭാഗക്കാരനാണ് അനില്‍. മീര മാര്‍ത്തോമക്കാരിയും. വിവാഹം അധികം ആര്‍ഭാടങ്ങളില്ലാതെ നടത്താനാണ് ഇരുകൂട്ടരും തീരുമാനിച്ചിരിക്കുന്നത്. സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. ധര്‍മരാജ് റസാലം മുഖ്യകാര്‍മികത്വം വഹിക്കും. വിവാഹനിശ്ചയച്ചടങ്ങ് പ്രത്യേകമായി ഉണ്ടാകില്ല. ഇടപ്പഴഞ്ഞി ആര്‍.ഡി. ഓഡിറ്റോറിയത്തില്‍ വിവാഹസത്കാരമുണ്ടാകും.

ചെന്നൈ ഐ.ഐ.ടി.യില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് നേടിയ അനില്‍ നന്ദവനം സ്വദേശികളായ ടൈറ്റസിന്റെയും സുഗതയുടെയും മകനാണ്. തിരുവല്ല താഴെയില്‍ പുത്തന്‍വീട്ടില്‍ ജോസഫ് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകളായ ജാസ്മിന്‍ മേരി ജോസഫിനെ ലോഹിതദാസാണ് 'സൂത്രധാരനി'ലൂടെ മലയാള സിനിമയില്‍ മീരാ ജാസ്മിനായി അവതരിപ്പിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിലെ ഒന്നാംനിര നായികമാരുടെ നിരയിലേക്ക് വളര്‍ന്ന മീര തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലെയും തിരക്കേറിയ താരമായി മാറി. മലയാളസിനിമയിലേക്ക് തിരിച്ചുവരവിനിടെയാണ് മീര വിവാഹിതയാകുന്നത്. 'ലേഡീസ് ആന്‍ഡ് ജന്‍റില്‍മാന്‍' , 'മിസ് ലേഖാ തരൂര്‍ കാണുന്നത്' തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കുമുന്നിലേക്ക് വീണ്ടുമെത്തിയ മീര 'ഒന്നും മിണ്ടാതെ', 'ഇതിനുമപ്പുറം' എന്നീ സിനിമകളിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.