Latest News

കടലാടിപ്പാറയില്‍ ഖനനം അനുവദിക്കില്ല : ടി വി രാജേഷ് എം എല്‍ എ


ബിരിക്കുളം : കടലാടിപ്പാറയില്‍ ഖനനം അനുവദിക്കില്ലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ട് ടി വി രാജേഷ് എം എല്‍ എ പറഞ്ഞു. കടലാടിപ്പാറയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കടലാടിപ്പാറയില്‍ പൊതുമേഖലയില്‍ ഖനനം ആവാമെന്ന് താന്‍ പറഞ്ഞതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും രാജേഷ് പറഞ്ഞു. പൊതുമേഖലയുമായി പൊതുവായി വന്ന ചോദ്യത്തിന് മറുപടി പറഞ്ഞതാണ്. അല്ലാതെ കടലാടിപപാറയെ സംബന്ധിച്ചല്ല. കടലാടിപ്പാറയില്‍ ഖനനം വേണ്ട വികസനമാണ് ആവശ്യം എന്നതാണ് ഡി വൈ എഫ് ഐ യുടെ നിലപാട്. 

പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് ആവശ്യം. പൊതുമേഖലയുടെ മറവില്‍ സ്വകാര്യ മേഖലയെ സഹായിക്കുന്നതിനുള്ള ശ്രമമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഖനനത്തിന് ആവശ്യമായ ഭൂമി വിട്ടുകൊടുക്കുക മാത്രമാണ് ചെയ്യേണ്ടത്. കേന്ദ്രസര്‍ക്കാരാണ് ഖനനാനുമതി നല്‍കുന്നത്. കടലാടിപ്പാറയില്‍ ഡി വൈ എഫ് ഐ ജനങ്ങളുടെ വികാരത്തിനൊപ്പം നില്‍ക്കും. ഖനന നീക്കവുമായി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നതെങ്കില്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന കമ്മിറ്റിയംഗം വി പ്രകാശന്‍, ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, ജില്ലാ കമ്മിറ്റി അംഗം പി മണി, ബ്ലോക്ക് പ്രസിഡണ്ട് പി കെ രതീഷ്, സെക്രട്ടറി സിന്ധുമേനോന്‍, കെ എം വിനോദ്, കെ മണി, സി പി എം ഏരിയാസെക്രട്ടറി ടി കെ രവി, പി പത്മനാഭന്‍, ഒ എം ബാലകൃഷ്ണന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.