Latest News

ദേവയാനിയെ കുറ്റവിമുക്തയാക്കില്ല; ശിക്ഷ അനുഭവിക്കണം -അമേരിക്ക

ന്യൂഡല്‍ഹി: ന്യൂയോര്‍ക്കില്‍ അറസ്റ്റു ചെയ്ത് അപമാനിച്ച ഇന്ത്യന്‍ നയതന്ത്രോദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയെ കുറ്റവിമുക്തയാക്കണമെന്നും മാപ്പുപറയണമെന്നുമുള്ള ഇന്ത്യയുടെ ആവശ്യം അമേരിക്ക തള്ളി. ദേവയാനിക്കെതിരായ ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്നും ശിക്ഷയനുഭവിക്കാതെ പോകാന്‍ അനുവദിക്കില്ലെന്നും അമേരിക്ക വ്യക്തമാക്കി.

ദേവയാനിയെ യു.എന്‍. നയതന്ത്രവിഭാഗത്തിലേക്ക് മാറ്റിയതിന് മുന്‍കാലപ്രാബല്യമുണ്ടാവില്ലെന്ന് യു.എസ്. വിദേശകാര്യ വക്താവ് മേരി ഹാര്‍ഫ് പറഞ്ഞു. ഇതോടെ ദേവയാനി പ്രശ്‌നത്തില്‍ മുഖം രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. ഇരുരാജ്യങ്ങളുംതമ്മിലുള്ള നയതന്ത്രസൗഹൃദം കണക്കിലെടുത്ത് പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രശ്‌നപരിഹാരത്തിന് ധാരണയിലെത്താന്‍ രഹസ്യനീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം സൂചന നല്‍കി.

നയനന്ത്രബന്ധത്തിന്റെ പ്രാധാന്യം ഇന്ത്യയ്‌ക്കെന്നതുപോലെ അമേരിക്കയ്ക്കും അറിവുള്ളതാണെന്ന് കരുതുന്നതായി ഖുര്‍ഷിദ് പറഞ്ഞു. അസ്വസ്ഥമാക്കുന്നതും മുറിപ്പെടുത്തുന്നതും അംഗീകരിക്കാനാവാത്തതുമായ കാര്യംനടന്നാല്‍ എന്തുചെയ്യുമെന്നുള്ളതാണ് ചോദ്യമെന്ന് അദ്ദേഹം പറഞ്ഞു.

പ്രശ്‌നം പരിഹരിക്കുന്നതിന് വിദേശകാര്യ സെക്രട്ടറി സുജാത സിങ്ങുമായി യു.എസ്. വിദേശകാര്യ അണ്ടര്‍ സെക്രട്ടറി വെന്‍ഡി ഷെര്‍മാന്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയുടെ ആവശ്യങ്ങള്‍ തള്ളി മേരി ഹാര്‍ഫ് പത്രസമ്മേളനം നടത്തിയത്.

ദേവയാനിക്കെതിരായ ആരോപണം ഗുരുതരമായാണ് കാണുന്നതെന്ന് മേരി ഹാര്‍ഫ് പറഞ്ഞു. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണിത്. അതുകൊണ്ടുതന്നെ കേസില്‍ നിന്ന് പിന്നോട്ടില്ല. യു.എസ്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി ടെലിഫോണില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വസ്തുതാവിരുദ്ധമാണ്. മറ്റേതെങ്കിലും വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ എന്നറിയില്ല. ദേവയാനിയുടെ കേസില്‍ ചര്‍ച്ചയുണ്ടാവില്ല.

ദേവയാനിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെത്തുടര്‍ന്ന് കെറി ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവിനെ വിളിച്ച് ഖേദപ്രകടനം നടത്തിയിരുന്നു. ഇതേകാര്യം കൃത്യമായ നയതന്ത്ര മാര്‍ഗങ്ങളിലൂടെ പലതവണ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ഇതിനപ്പുറം ഒന്നും പറയാനില്ല. ഇന്ത്യന്‍ നയതന്ത്ര കാര്യാലയം അയച്ച കത്തുകള്‍ക്ക് മറുപടി നല്‍കിയില്ലെന്ന വാദം അടിസ്ഥാനരഹിതമാണ്. ദേവയാനിയെ യു.എന്‍. നയതന്ത്രകാര്യാലയത്തിലേക്ക് മാറ്റിയതായി വിവരം ലഭിച്ചിട്ടില്ല. സംഭവം നടന്നത് പുതിയ ചുമതലയേല്‍ക്കുന്നതിന് മുന്‍പായതിനാല്‍ നയതന്ത്രപരിരക്ഷയ്ക്ക് സാധ്യതയില്ല -മേരി ഹാര്‍ഫ് പറഞ്ഞു.

ദേവയാനിയുടെ ജോലിക്കാരി സംഗീത റിച്ചാര്‍ഡിന് വിസ നല്‍കിയതിനെയും അവര്‍ ന്യായീകരിച്ചു. സംഗീതയുടെ കുടുംബത്തെ ഇന്ത്യ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണം യു.എസ്. ഗൗരവമായാണെടുക്കുന്നതെന്നും അതിനാലാണ് അവര്‍ക്ക് വിസനല്‍കിയതെന്നും ഹാര്‍ഫ് പറഞ്ഞു.

അതേസമയം, ദേവയാനിപ്രശ്‌നത്തില്‍ യു.എസ്. നിരുപാധികം മാപ്പുപറയണമെന്ന ആവശ്യം പാര്‍ലമെന്‍ററികാര്യ മന്ത്രി കമല്‍നാഥ് ആവര്‍ത്തിച്ചു. ലോകവും കാലവും മാറിയെന്നും ഇന്ത്യമാറിയെന്നും യു.എസ്. മനസ്സിലാക്കണം. ദേവയാനിയുടെ അനുഭവം ഇന്ത്യയുടെ മാത്രം പ്രശ്‌നമല്ല. എല്ലാരാജ്യങ്ങളുടേതുമാണ്. എല്ലാവരും ഇതിനെതിരെ ശബ്ദമുയര്‍ത്തണം -അദ്ദേഹം പറഞ്ഞു. നയതന്ത്രജ്ഞയുടെ സുരക്ഷയും ഭദ്രതയുമാണ് ഇന്ത്യയുടെ പ്രഥമ പരിഗണനയെന്ന് കേന്ദ്രമന്ത്രി പ്രണീത് കൗര്‍ പറഞ്ഞു. വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിനെതിരെ ദേവയാനി ഡല്‍ഹി പോലീസില്‍ നല്‍കിയ പരാതി നിയമത്തിന്റെ വഴിക്കുപോകുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Devayani, case, America

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.