Latest News

ദേവയാനിക്ക് ഇന്ത്യ മുഴുവന്‍ വസ്തുവകകള്‍; കേരളത്തില്‍ ആറേക്കറോളം ഭൂമി

ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗാഡെയുടെ പേരില്‍ ഇന്ത്യയില്‍ പലയിടത്തുമായി 1.78 കോടി രൂപയുടെ വസ്തുവകകളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. വിവാദമായ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റില്‍ ദേവയാനി അനധികൃതമായി രണ്ടു ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിനു പുറമേ കൊച്ചിയിലും ഇന്ത്യയുടെ വിവിധി സംസ്ഥാനങ്ങളിലുമായി ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദേവയാനിക്കായി മുറവിളി ഉയരുമ്പോഴാണ് അവരുടെ അനധികൃത സ്വത്തു സമ്പാദനം വിവാദമാകുന്നത്.

വിവിധയിടങ്ങളിലായി ഫ്‌ളാറ്റുകളും ഭൂമിയുമായി 11 വസ്തുവകകളാണ് ദേവയാനിയുടെ പേരിലുള്ളത്. വിദേശകാര്യ വകുപ്പിന് ദേവയാനി തന്നെ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തിലാണ് സ്വത്തുവകകളെ സംബന്ധിക്കുന്ന വിവരമുള്ളത്. 2012 മാര്‍ച്ച് 31 വരെയുള്ള കണക്കാണ് സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ 11 വസ്തുക്കളില്‍ നാലെണ്ണം മാത്രമേ അവര്‍ സ്വന്തമായി വാങ്ങിയതായുള്ളു. ശേഷിക്കുന്നത് ദേവയാനിയുടെ അച്ഛനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഉത്തം ഖോബ്രഗാഡെ നല്‍കിയതാണ്‌.

കേരളത്തില്‍ എറണാകുളത്ത് രണ്ടിടങ്ങളിലായി 2.02 ഏക്കര്‍, 2.07 ഏക്കര്‍ ഭൂമി 2011 ഡിസംബര്‍ 20 ന് ദേവയാനിയ്ക്ക് അച്ഛന്‍ ഉത്തം സമ്മാനിച്ചു. 16.35 ലക്ഷം രൂപയാണ് ഈ ഭൂമികളുടെ മതിപ്പ് വിലയായി സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇതിനു പുറമേ 2009 ജനുവരി ഒമ്പതിന് കേരളത്തില്‍ പള്ളിപ്പുറം ഗ്രാമത്തിലുള്ള ഒരു വസ്തുവും അച്ഛന്‍ മകള്‍ക്ക് സമ്മാനിച്ചിരുന്നു. അഞ്ചു ലക്ഷം രൂപയാണ് അതിന്റെ വിലയായി കാണിച്ചിരിക്കുന്നത്.

ഇവയ്ക്കു പുറമേ മൂന്നു കൃഷിസ്ഥലങ്ങളും ദേവയാനിയുടെ പേരിലുണ്ട്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിലും ഉത്തര്‍പ്രദേശിലും ദേവയാനിയുടെ പേരില്‍  വസ്തുക്കളും വീടുകളും ഉണ്ട്. ഇവയെല്ലാം വാടകയക്കും കൊടുത്തിട്ടുള്ളതിലൂടെയും മറ്റു വരുമാനങ്ങളിലൂടെയും പ്രതിവര്‍ഷം 2.26 ലക്ഷം രൂപയും ദേവയാനിക്ക് വരുമാനമായി ലഭിക്കുന്നുണ്ട്. സത്യവാങ്മൂലം അനുസരിച്ച് പ്രതിമാസം 50,350 രൂപയാണ് ശമ്പളം. പ്രതിവര്‍ഷം 8.30 ലക്ഷം രൂപയാണ് ദേവയാനിയുടെ ആകെ വരുമാനമായി കാണിച്ചിരിക്കുന്നത്.

അതേസമയം രേഖകളില്‍ കാണിച്ചിരിക്കുന്നതിനേക്കാള്‍ ഏറെ കൂടുതലാണ് വസ്തുക്കളുടെ വിലയെന്നതാണ് സത്യം. അങ്ങനെ വരുമ്പോള്‍ ആറു കോടിയിലധികം വിലയാകും ഈ വസ്തുക്കള്‍ക്കെന്നാണ് വിവരം. വിവാദ ആദര്‍ശ് സൊസൈറ്റിയുള്ള 1000 സ്‌ക്വയര്‍ഫീറ്റ് ഫ്‌ളാറ്റിന് മാത്രം നാലു കോടി രൂപ വിലയുണ്ടെന്നാണ് വിവരം. 90 ലക്ഷം രൂപയ്ക്കാണ് താന്‍ ആ ഫ്‌ളാറ്റ് സ്വന്തമാക്കിയതെന്നാണ് ദേവയാനി അവകാശപ്പെടുന്നത്.

മുംബൈ ഓഷിവാരയിലുള്ള മീര കൂപ് ഹൗസിങ് സൊസൈറ്റിയിലുണ്ടായിരുന്ന ഫ്‌ളാറ്റ് വിറ്റാണ് ആദര്‍ശ് ഫ്‌ളാറ്റ് വാങ്ങിയതെന്നാണ് ദേവയാനി പറയുന്നത്. അതേ സമയം ദേവയാനിയുടെ അച്ഛന്‍ ഉത്തം ഖോബ്രഗാഡെ 2000-2002, 2004- 2005 വര്‍ഷങ്ങളില്‍ മഹാരാഷ്ട്ര ഹൗസിങ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും വൈസ് പ്രസിഡന്റുമായിരുന്നു. അതുകൊണ്ടുതന്നെ ഇടപാടുകള്‍ സംശയിക്കത്തക്കതാണ്.

മഹാരാഷ്ട്ര കേഡറില്‍ നിന്ന് വിരമിച്ചയാളാണ് ദേവയാനിയുടെ അച്ഛന്‍ ഐഎഎസ്സുകാരന്‍ ഉത്തം ഖോബ്രഗഡെ. ആദര്‍ശ് ഫ്‌ളാറ്റ് തട്ടിപ്പില്‍ ദേവയാനിയുടെ പിതാവ് ഉത്തമിന്റെ പേരും ഉയര്‍ന്നു വന്നിരുന്നുവെന്നും അദ്ദേഹം സ്വാധീനം ഉപയോഗിച്ച് എല്ലാം ഒതുക്കി തീര്‍ത്തുവെന്നും ആരോപണം ഉണ്ട്. ദേവയാനി വിഷയത്തിന് ഇത്രക്ക് പ്രാധാന്യം കിട്ടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് അവരുടെ പിതാവിന്റെ സ്വാധീനം തന്നെയാണെന്നാണ് പറയപ്പെടുന്നത്. പല ഉന്നതരുമായും അത്രക്ക് അടുത്ത ബന്ധമാണ് ഖോബ്രഗഡെ പുലര്‍ത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഡോക്ടറായിരുന്നു ദേവയാനി അതുപേക്ഷിച്ച് സിവില്‍ സര്‍വീസിലേക്ക് കടന്നത്. അച്ഛന്റെ പിന്തുണയായിരുന്നു ദേവയാനിയുടെ കരുത്ത്. പാകിസ്താനിലും ഇറ്റലിയിലും ജര്‍മനിയിലും ജോലി ചെയ്തതിനു ശേഷമാണ് ദേവയാനി അമേരിക്കയിലേക്കു പോയത്. അവിടെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായാണ് പ്രവര്‍ത്തിക്കുന്നത്. ഇംഗ്ലീഷിനും മറാഠിക്കും പുറമേ ഹിന്ദി, ജര്‍മന്‍ ഭാഷകളിലും ദേവയാനി വിദഗ്ധയാണ്. യാത്ര, വായന, യോഗ, സംഗീതം, നൃത്തം എന്നിവയാണ് ഹോബികള്‍. പ്രൊഫസറെയാണ് ദേവയാനി വിവാഹം കഴിച്ചിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Devayani, America, Police, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.