പയ്യന്നൂര്‍: ആഭ്യന്തര വകുപ്പ് റിട്ട. അഡീഷണല്‍ സെക്രട്ടറി എ.കെ. അച്യുതന്റെ വീട്ടില്‍ നിന്ന് എട്ടുപവന്റെ സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസില്‍ ഹോംനേഴ്‌സ് പിടിയില്‍. മഞ്ചേശ്വരം സ്വദേശി നിഷ (28)യാണ് പിടിയിലായത്. കണ്ടോത്ത്മുക്ക് കിസാന്‍ കൊണ്ണലിലെ വീട്ടിലായിരുന്നു കവര്‍ച്ച. അച്യുതന്റെ അമ്മ യശോദയാണ് ഇവിടെ താമസം. യശോദയെ പരിചരിക്കാന്‍ ഏര്‍പ്പെടുത്തിയ ഹോംനേഴ്‌സാണ് നിഷ.
എറണാകുളത്ത് പഠിക്കുന്ന മകനെ കാണാന്‍ പോകുന്നതിന് നിഷ 27, 28 തീയതികളില്‍ അവധി ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് യശോദയെ തളിപ്പറമ്പ് തൃച്ചംബരത്തെ ബന്ധുവീട്ടിലാക്കി. ഞായറാഴ്ച എറണാകുളത്ത് നിന്ന് തിരിച്ചെത്തിയ നിഷ തൃച്ചംബരത്തെ വീട്ടിലുണ്ടായിരുന്ന യശോദയെ കൂട്ടി കിസാന്‍ കൊവലിലെ വീട്ടിലെത്തി. അപ്പോഴാണ് കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ എട്ടുപവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടമായതായി മനസ്സിലായി.
തന്റെ സ്വര്‍ണ്ണ വളകളും കാണാതായെന്ന് നിഷ പറഞ്ഞു. തുടര്‍ന്ന് യശോദയെയും കൂട്ടി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. നിഷയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് അവരെ ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. എറണാകുളത്ത് പോകുന്നതിന് മുമ്പ് തന്നെ നിഷ സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തു മാറ്റിയിരുന്നു. നിഷയുടെ വളകള്‍ കക്കൂസിന്റെ ക്ലോസെറ്റില്‍ ഒളിപ്പിച്ചുവെക്കുകയായിരുന്നു. കവര്‍ന്ന ആഭരണങ്ങള്‍ വിറകുപുരയിലെ വിറകുകള്‍ക്കിടയിലും ഒളിപ്പിച്ചുവച്ചു. ഇവ അവിടെ നിന്ന് പോലീസ് കണ്ടെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Police, Arrested
No comments:
Post a Comment