Latest News

ജര്‍മന്‍ ചാനലിലെ ജനിപ്രിയ ഗെയിം ഷോയില്‍ ജര്‍മന്‍ മലയാളിക്ക് 25 കോടി രൂപയുടെ സമ്മാനം

കൊളോണ്‍: പ്രോ സീബന്‍ എന്ന ജര്‍മന്‍ ടിവി ചാനലിലെ ജനിപ്രിയ ഗെയിം ഷോയില്‍ ജര്‍മന്‍ മലയാളിക്ക് 25 കോടി രൂപയുടെ സമ്മാനം. ജര്‍മന്‍ മലയാളി യുവാവായ അനീഷ് പുളിയ്ക്കല്‍ ആണ് മൂന്നു മില്യന്‍ യൂറോ സമ്മാനം നേടിയത്. (ഏകദേശം ഇരുപത്തിയഞ്ച് കോടി രൂപ).

ഷോയുടെ ചരിത്രത്തില്‍തന്നെ ആദ്യമായാണ് ഇത്രയും തുക സമ്മാനമായി നേടുന്നത്. ഷോയിലെ എതിരാളിയായ റാബ് എന്ന സകല കലാവല്ലഭനെ വിവിധ മത്സരങ്ങളില്‍ തോല്‍പ്പിച്ചെങ്കില്‍ മാത്രമേ ഷോയില്‍ വിജയിച്ച് സമ്മാനം നേടാനാവു. മിക്കപ്പോഴും റാബാണ് ഈ മല്‍സരത്തില്‍ വിജയിക്കുന്നത്. എന്നാല്‍ റാബ് ഈ വര്‍ഷം ആദ്യമായി മത്സരത്തില്‍ തോറ്റപ്പോള്‍ ബമ്പറടിച്ചത് മലയാളിക്ക്.

മൊത്തം 64 പോയിന്റ് നേടിയാണ് അനീഷ് വിജയിച്ചത്. സ്‌റ്റെഫാന്‍ റാബ് നേടിയത് 56 പോയിന്റും. ശനിയാഴ്ച വൈകിട്ട് എട്ടേകാലിന് ആരംഭിച്ച ഷോ അവസാനിച്ചത് ഞായറാഴ്ച രാത്രി 1.52 നാണ്. ഏതാണ്ട് 15 റൗണ്ടുകള്‍ പിന്നിട്ടാണ് അനീഷ് റാബിനെ മല്‍സരത്തില്‍ മലര്‍ത്തിയടിച്ചത്.

തുടക്കത്തില്‍ അനീഷ് ഒപ്പത്തിനൊപ്പം പൊരുതിയതുതന്നെ റാബിന് ഒരു തിരിച്ചടിയായിരുന്നു. ഷോ മാസ്റ്ററായ സ്റ്റീവന്‍ ഗെറ്റ്‌ഷെന്‍ ഓരോ ചോദ്യങ്ങള്‍ ഉതിര്‍ക്കുമ്പോഴും കമ്പ്യൂട്ടര്‍ മോനിട്ടറില്‍ ആദ്യം ക്ലിക് ചെയ്യുന്നയാള്‍ ഉത്തരം നല്‍കണം. ഉത്തരം ശരിയാണെങ്കില്‍ ഒരു പോയിന്റെന്ന വ്യവസ്ഥയിലാണ് ഷോയുടെ മുന്നേറ്റം.

ഐസ്‌ഹോക്കി, മെഴുകുതിരി കത്തിക്കല്‍, തുടങ്ങിയ റൗണ്ടുകളില്‍ അനീഷ് നേടിയത് പൂജ്യമായിരുന്നെങ്കിലും ടെന്നീസ്, മന:പ്പാഠം (ഓര്‍മ്മശക്തി) തുടങ്ങിയവ വിജയത്തിന്റെ നിറുകയിലേയ്ക്കായിരുന്നു.

അറുപതുകളില്‍ ജര്‍മനിയിലെ ഹൈഡല്‍ബര്‍ഗില്‍ കുടിയേറിയതാണ് ചങ്ങനാശേരി സ്വദേശിയായ അനീഷിന്റെ മാതാപിതാക്കള്‍ പുളിയ്ക്കല്‍ തോമസും മറിയാമ്മയും. ഇപ്പോള്‍ ഹൈഡല്‍ബര്‍ഗിലാണ് അനീഷിന്റെ കുടുംബം താമസിക്കുന്നത്.

അനീഷിനെ കൂടാതെ രണ്ടു ആണ്‍മക്കള്‍കൂടിയുണ്ട് പുളിക്കല്‍ ദമ്പതികള്‍ക്ക്. മൂത്ത സഹോദരന്‍ അനില്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറാണ് ഷോ നേരില്‍ക്കാണാന്‍ ഇളയ സഹോദരനും ഇലക്ട്രിക്കല്‍ എന്‍ജിനീയറുമായ അജെയും അനീഷിന്റെ കൂട്ടുകാരിയും പ്രേക്ഷക ഗാലറിയില്‍ ഉണ്ടായിരുന്നു.

2011 ല്‍ തൊഴില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കൊളോണില്‍ സ്‌പോര്‍ട്ട്‌സ് ആന്റ് യുവജനസാമൂഹ്യക്ഷേമ ഓഫീസറായി ജോലിചെയ്യുകയാണ് അനീഷ്.

ജര്‍മനിയിലെ പുരുഷന്മാരുടെ ടെന്നീസ് പട്ടികയില്‍ ആദ്യത്തെ 50 ല്‍ സ്ഥാനം പിടിച്ച അനീഷ് ബുണ്ടസ് ലീഗാ ടെന്നീസ് കളിക്കാരന്‍കൂടിയാണ്. ടെന്നീസ് മാത്രമല്ല ഫുട്‌ബോളും മറ്റു ഗെയിമുകളും ഏറെ വഴങ്ങുമെന്നും തെളിയിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് നേരില്‍ക്കാണുകയും അതോടൊപ്പം ജര്‍മന്‍ ഫുട്‌ബോള്‍ ടീമിന് ഊര്‍ജ്ജം പകരുകയുമാണ് തന്റെ ലക്ഷ്യമെന്ന് വിജയാഹ് ളാദത്തിനിടയില്‍ അനീഷ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Jerman Game Show, Winner, Jerman Malayali, 25 lakh

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.