Latest News

അതിവിദഗ്ധമായി സാരികള്‍ മോഷ്ടിച്ച് കടന്നുകളയുന്ന നാലംഗ തമിഴ് സംഘം അറസ്റ്റില്‍

ചാലക്കുടി: തുണിക്കടകളില്‍ കയറി അതിവിദഗ്ധമായി വിലകൂടിയ സാരികള്‍ മോഷ്ടിച്ച് കടന്നുകളയുന്ന നാലംഗ തമിഴ്‌നാട് മോഷണ സംഘത്തിലെ സ്ത്രീകളെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. തേനി സ്വദേശികളായ ഈശ്വരി (32), കാസമ്മ (47), നാഗ് (55), റാസമ്മ (50), ഡ്രൈവര്‍ ഗണേശന്‍ (38) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെഎല്‍-01-എഫ് 3454 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മോഷ്ടിച്ച സാരികളടങ്ങിയ ബാഗുകള്‍ കാറിന്റെ ഡിക്കിയില്‍നിന്നും കണ്ടെടുത്തു.

മോഷണസംഘം പിടിയിലായതറിഞ്ഞു നിരവധി വസ്ത്രവ്യാപാരികള്‍ സംഘത്തെ സ്റ്റേഷനിലെത്തി തിരിച്ചറിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച 4.30ന് ഒരു യുവാവിനു തോന്നിയ സംശയമാണ് വന്‍ മോഷണസംഘത്തെ പിടികൂടാന്‍ സഹായകമായത്. നോര്‍ത്ത് ചാലക്കുടി കാര്‍സ് ഇന്ത്യക്കു സമീപം ഒരു കടയില്‍ ചായ കുടിക്കാന്‍ അംബാസിഡര്‍ കാര്‍ നിര്‍ത്തി. കാഞ്ഞിരത്തിങ്കല്‍ ഷിബു എന്ന യുവാവിനു കാര്‍ കണ്ടപ്പോള്‍ ഒന്നരവര്‍ഷം മുമ്പു തട്ടിപ്പുസംഘം സഞ്ചരിച്ച കാറിന്റെ ചിത്രം ഫേസ്ബുക്കില്‍ കണ്ടതായി ഓര്‍മ വന്നു.

യുവാവ് ബൈക്കില്‍ കാറിനെ പിന്തുടര്‍ന്നു. ആനമല ജംഗ്ഷനില്‍ ഹമാര സാരി ഹാളിനു മുമ്പില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ടപ്പോള്‍ യുവാവ് ടൗണില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ വിവരം അറിയിച്ചു. യുവാവിനോടൊപ്പം എത്തിയ പോലീസുകാരന്‍ കാര്‍ഡ്രൈവറെ ചോദ്യം ചെയ്തു. കാറിന്റെ താക്കോല്‍ പോലീസുകാരന്‍ വാങ്ങി. എന്നാല്‍ പോലീസുകാരനെ കബളിപ്പിച്ച് കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് കാറുമായി ഡ്രൈവര്‍ കടന്നുകളഞ്ഞു. എന്നാല്‍ പോലീസുകാരനെയും കയറ്റി ഷിബു കാറിനെ പിന്തുടര്‍ന്നു.

കാടുകുറ്റി റോഡിലൂടെ ഓടിച്ചുപോയ കാര്‍ പല വഴികളിലൂടെയും കടന്ന് കൊരട്ടിയിലെത്തി സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് ഓടിച്ചുകയറ്റി. ബൈക്കില്‍ പിന്തുടര്‍ന്നുവന്ന പോലീസുകാരന്‍ ഡ്രൈവറെ കീഴ്‌പ്പെടുത്തുകയായിരുന്നു.എന്നാല്‍, ഡ്രൈവര്‍ കാറുമായി കടന്നതറിയാതെ സ്ത്രീകള്‍ തുണിക്കടയില്‍നിന്നും സാരികള്‍ മോഷ്ടിച്ച് പുറത്തുകടന്നു. ഒരു മുനിസിപ്പല്‍ കൗണ്‍സിലറും ഷിബുവിന്റെ കൂട്ടുകാരനും ഇവരെ ശ്രദ്ധിച്ചുകൊണ്ടുനിന്നിരുന്നു. ഈ സമയം ഒരു സ്ത്രീയുടെ ദേഹത്തുനിന്നും ഒരു സാരി താഴെവീണു. മോഷണസംഘത്തെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ ഇവരെ വളഞ്ഞുവച്ച് പോലീസിനെ വിവരം അറിയിച്ചു.

പോലീസെത്തി പരിശോധിച്ചപ്പോള്‍ മോഷണം നടത്തിയ ഒമ്പതു സാരികള്‍ ഇവരില്‍നിന്നും പിടികൂടി.സാരി വാങ്ങാനെന്ന വ്യാജേന തുണിക്കടകളില്‍ കയറുന്ന സ്ത്രീകള്‍ സാരികള്‍ തെരഞ്ഞെടുക്കുന്ന ഭാവേന സാരികള്‍ ദേഹത്ത് ഒളിപ്പിച്ചിരിക്കുന്ന സഞ്ചികളിലേക്കു മാറ്റുകയാണ് ചെയ്യുന്നത്. കടയില്‍നിന്നും ഇറങ്ങുമ്പോള്‍ ഒരു സാരിയുടെ വിലകൊടുത്തു കടന്നുകളയുകയാണ് പതിവ്. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sari, Police, case, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.