Latest News

പ്രശസ്ത ഗായകന്‍ കെ.പി ഉദയഭാനു അന്തരിച്ചു


തിരുവനന്തപുരം: പ്രശസ്ത ഗായകന്‍ കെ.പി ഉദയഭാനു (78) അന്തരിച്ചു. രാത്രി എട്ടരയോടെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് ഒരു വര്‍ഷത്തോളമായി കിടപ്പിലായിരുന്നു.

നാല് വര്‍ഷം മുമ്പ് ഒരു ചാനല്‍ പരിപാടിക്കിടയില്‍ വീണതോടെയാണ് ഇദ്ദേഹത്തിന് അസ്വസ്ഥതകള്‍ തുടങ്ങുന്നത്. പാര്‍ക്കിന്‍സണ്‍ രോഗം കലശലായതോടെ പൂര്‍ണമായും കിടക്കയിലാവുകയായിരുന്നു. ഭാര്യ: പരേതയായ വിജയലക്ഷ്മി. മകന്‍: രാജീവ് ഉദയഭാനു.

1936 ല്‍ പാലക്കാട്ടെ തരൂരില്‍ രാജകുടുംബത്തില്‍ പാടൂര്‍ നടുവിലെടം ശങ്കരവര്‍മയുടേയും അമ്മു നേത്യാരമ്മയുടേയും മകനായാണ് ഉദയഭാനുവിന്റെ ജനനം. കെ.പി കേശവമേനോന്‍ മാതൃ സഹോദരനാണ്.

പ്രശസ്ത സംഗീതജ്ഞന്‍ കൂടിയായ അമ്മാവന്‍ അപ്പുക്കുട്ടമേനോനില്‍ നിന്നും പിന്നീട് പാലക്കാട്ട് രാമഭാഗവതര്‍, എം.ഡി.രാമനാഥന്‍, ഈറോഡ് വിശ്വനാഥയ്യര്‍ തുടങ്ങിയവരില്‍ നിന്നും സംഗീതം പഠിച്ച ശേഷം 1955 ല്‍ ആകാശവാണിയില്‍ അനൗണ്‍സറായി ചേര്‍ന്ന അദ്ദേഹം 38 വര്‍ഷം അവിടെ ജോലിചെയ്തു. ഈ കാലത്ത് ആകാശവാണിയില്‍ ലളിതഗാന നിര്‍മാതാവായി വന്ന രാഘവന്‍മാഷാണ് ഉദയഭാനുവിനെ സിനിമാലോകത്തിലേക്ക് കൈപിടിച്ചുകയറ്റിയത്.

1958 ല്‍ ഇറങ്ങിയ 'നായരു പിടിച്ച പുലിവാല്‍' എന്ന ചിത്രത്തിലെ 'എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലില്‍ ' എന്ന ഗാനത്തിലൂടെയാണ് ഉദയഭാനു വെള്ളിത്തിരയില്‍ അരങ്ങേറിയത്. താന്തോന്നിയാണ് അവസാനമായി പിന്നണി പാടിയ ചിത്രം.

പിന്നീട് ഒരു വ്യാഴവട്ടക്കാലം ഉദയഭാനുവിന്റെ ഗാനങ്ങള്‍ മലയാള സിനിമയിലെ അനിവാര്യഘടകമായി മാറി. 2009 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് (1982), ദോശീയ സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് (1987), മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് പ്രത്യേക പുരസ്‌ക്കാരം, കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് (2003), കമുകറ പുരസ്‌ക്കാരം എന്നിങ്ങനെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ലഹരിയിലാര്‍ന്ന ഗൃഹാതുരത്വം വിളമ്പി മലയാളികളുടെ മനസ്സില്‍ ചേക്കേറിയ ഗായകനാണ് കെ പി.ഉദയഭാനു. പരദേശിപ്പാട്ടുകാര്‍ ചലച്ചിത്രലോകം അടക്കിവാണിരുന്ന അറുപതുകളില്‍ വള്ളുവനാടന്‍ മലയാളത്തിന്റെ മധുരത്തേന്‍ കിനിയുന്ന മനോഹര ശബ്ദവുമായായിരുന്നു അദ്ദേഹത്തിന്റെ രംഗപ്രവേശം. ഹൃദ്യമായ ആലാപനശൈലികൊണ്ട് പില്‍ക്കാലത്ത് സംഗീതലോകത്ത് വിസ്മയങ്ങള്‍ തീര്‍ത്തു ഈ പാട്ടുകാരന്‍.

അദ്ദേഹം പാടിയ വെള്ളിനക്ഷത്രമേ നിന്നെ നോക്കി' (രമണന്‍), 'അനുരാഗനാടകത്തിന്‍ അന്ത്യമാം' (നിണമണിഞ്ഞ കാല്പാടുകള്‍), 'എവിടെ നിന്നോ വഴിയമ്പലത്തില്‍' (കളഞ്ഞുകിട്ടിയ തങ്കം), 'പൊന്‍വളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും' (കുട്ടിക്കുപ്പായം), 'താരമേ താരമേ നിന്നുടെ നാട്ടിലും' (ലൈലാ മജ്‌നു)...തുടങ്ങിയ പാട്ടുകള്‍ തലമുറയുടെ അന്തരമില്ലാതെ എന്നും മലയാളികള്‍ കൂടെ കൂട്ടുന്നവയാണ്.

ജനപ്രിയ ഗായകനെന്നതുപോലെ സംഗീത സംവിധാനത്തിലും ഉദയഭാനു കഴിവു തെളിയിച്ചു. 'സമസ്യ' എന്ന ചിത്രത്തിലെ യേശുദാസ് പാടിയ 'കിളിചിലച്ചു കിലുകിലെ' എന്ന ഹിറ്റുഗാനത്തിന് ഈണം പകര്‍ന്നത് അദ്ദേഹമാണ്. 'മയില്‍പ്പീലി' എന്ന സിനിമയിലെ 'എന്തുസുന്ദര സുസ്മിതം തൂകും'എന്ന പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത 'ദ സര്‍പ്പന്റ് മദര്‍' എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. ആകാശവാണിയ്ക്കുവേണ്ടി നിരവധി ലളിതഗാനങ്ങളും അദ്ദേഹം അണിയിച്ചൊരുക്കിയിട്ടുണ്ട്.

'ഓള്‍ഡ് ഈസ് ഗോള്‍ഡ്'എന്ന സംഗീത പ്രസ്ഥാനത്തിന്തുടക്കം കുറിച്ചതും കെ പി.ഉദയഭാനുവാണ്. ഇതിലൂടെപഴയ പാട്ടുകള്‍ പുനരവതരിപ്പിക്കുന്നതിനൊപ്പം ഒരുപറ്റം പുതിയ ഗായകരെ ആസ്വാദകമനസ്സില്‍ സജീവ സാന്നിദ്ധ്യമാക്കുന്നതിനും കഴിഞ്ഞു. ദേശീയോദ്ഗ്രഥന ഗാനങ്ങളും ദേശഭക്തി ഗാനങ്ങളും അവതരിപ്പിച്ചുവരുന്ന 'സബര്‍മതി' എന്ന സംഗീതസംഘത്തിനും ഉദയഭാനുവാണ് നേതൃത്വം നല്‍കിയിരുന്നത്

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.